ഇരിക്കട്ടെ വെറൈറ്റി, ചോറും റൊട്ടിയുമൊന്നുമല്ല, ലംഗാറിൽ വിളമ്പിയത് ബനാന മിൽക്ക് ഷേക്ക്, വീഡിയോ വൈറൽ
എന്തായാലും, ഇത് കൊള്ളാം. ക്ഷീണം മാറും, രുചികരമാണ്, ഹെൽത്തിയാണ് എന്നാണ് നെറ്റിസൺസിന്റെ മൊത്തത്തിൽ ഉള്ള അഭിപ്രായം.
മിക്ക ആരാധനാലയങ്ങളിലും അവിടെയെത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള സൗജന്യഭക്ഷണം ഒരുക്കിയിട്ടുണ്ടാവും. ചിലപ്പോൾ ആരാധനാലയങ്ങൾ തന്നെയാവും അത് ഒരുക്കിയിരിക്കുന്നത്. അല്ലെങ്കിൽ സന്നദ്ധസംഘടനകളോ, ഏതെങ്കിലും കൂട്ടായ്മകളോ, ആളുകളോ ഒക്കെ അത് ചെയ്യാറുണ്ട്. അതുപോലെ സിഖ് മതത്തിൽ വിശ്വസിക്കുന്നവർ ഗുരുദ്വാരയിലെത്തുന്നവർക്കായി ജാതിമതവ്യത്യാസങ്ങളൊന്നും തന്നെ ഇല്ലാതെ ഭക്ഷണം വിളമ്പാറുണ്ട്. അതിനെ ലംഗാർ എന്നാണ് പറയുന്നത്.
സാധാരണ ലംഗാറിൽ പച്ചക്കറി, ചോറ്, റൊട്ടി എന്നിവയൊക്കെയാണ് വിളമ്പാറുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായി മാറി. ഒരു ലംഗാറിൽ വ്യത്യസ്തമായ വിഭവം വിളമ്പുന്നതായിരുന്നു വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അമൃത്‍സറിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഇവിടെ കുറച്ചുപേർ ചേർന്ന് അവിടെയെത്തുന്നവർക്ക് നൽകുന്നത് മിൽക്ക് ഷേക്ക് ആണ്.
സാധാരണയായി അത്തരം കാഴ്ചകൾ കാണാറില്ല എന്നതുകൊണ്ട് തന്നെയാണ് ആളുകൾക്കിടയിൽ ഇത് കൗതുകമായി മാറിയത്. എന്തായാലും, ഇത് കൊള്ളാം. ക്ഷീണം മാറും, രുചികരമാണ്, ഹെൽത്തിയാണ് എന്നാണ് നെറ്റിസൺസിന്റെ മൊത്തത്തിൽ ഉള്ള അഭിപ്രായം.
വീഡിയോ amritsarislive എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബനാന ഷേക്ക് ലംഗാർ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. വീഡിയോയിൽ കുറച്ച് യുവാക്കൾ ചേർന്ന് പഴത്തിന്റെ തോൽ കളയുകയും അത് ഷേക്കാക്കി മാറ്റുന്നതും പിന്നീട് അത് വിളമ്പുന്നതും ഒക്കെ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതാകുമ്പോൾ കഴിക്കാനും എളുപ്പമുണ്ട് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഡ്രിങ്ക്സ് എന്തെങ്കിലും കഴിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞവരും ഉണ്ട്.
എന്നാൽ, അതേസമയം മറ്റ് ചിലർ അടുത്ത തവണ ഇത് ഉണ്ടാക്കുമ്പോൾ ഗ്ലൗസ് ഉപയോഗിച്ചാൽ നല്ലതാവും എന്ന് പറയുന്നുണ്ട്.