ചാക്കു നിറയെ പാമ്പുകളുമായി എത്തി, എല്ലാത്തിനെയും കുടഞ്ഞ് നിലത്തിട്ടു? വൈറലായി വീഡിയോ, ഞെട്ടിത്തരിച്ച് ആളുകൾ
കാടിനോട് ചേർന്ന് ഒരു തുറസായ സ്ഥലത്തേക്ക് ഒരു മനുഷ്യൻ വലിയ ഭാരമുള്ള ഒരു ചാക്കുകെട്ടുമായി വരുന്നതാണ് വീഡിയോയുടെ തുടക്കം. ഇങ്ങനെ കൊണ്ടുവന്ന ചാക്ക് അയാൾ നിലത്തു വച്ചതിനുശേഷം അത് തലകീഴായി പിടിച്ചു അതിനുള്ളിൽ ഉള്ള സാധനം മുഴുവനായി നിലത്തേക്ക് കുടഞ്ഞിടുന്നു.
എത്രയൊക്കെ മൃഗസ്നേഹികൾ ആണെന്ന് പറഞ്ഞാലും എല്ലാവരുടെ മനസ്സിലും ഭയം ജനിപ്പിക്കുന്ന ഒരു ജീവിയാണ് പാമ്പ്. പാമ്പുകളെ നേരിട്ട് കണ്ടില്ലെങ്കിൽ പോലും പാമ്പുകളെ കുറിച്ച് കേൾക്കുമ്പോഴും വീഡിയോയിൽ കാണുമ്പോഴും പോലും ഭയപ്പെട്ടു പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അപ്പോൾ പിന്നെ ഒരു ചാക്ക് നിറയെ പാമ്പുകളെ ഒരുമിച്ച് കണ്ടാൽ എന്തായിരിക്കും അവസ്ഥ.
സമ്മാനമായ രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അല്പം പഴയ വീഡിയോ ആണെങ്കിലും സ്നേക്ക് വേൾഡ് എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം ഉപഭോക്താവാണ് വീണ്ടും ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു കണ്ടിട്ട് എന്ത് തോന്നുന്നു എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടവർ ഞെട്ടിത്തരിച്ചിരിക്കുകയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
കാടിനോട് ചേർന്ന് ഒരു തുറസായ സ്ഥലത്തേക്ക് ഒരു മനുഷ്യൻ വലിയ ഭാരമുള്ള ഒരു ചാക്കുകെട്ടുമായി വരുന്നതാണ് വീഡിയോയുടെ തുടക്കം. ഇങ്ങനെ കൊണ്ടുവന്ന ചാക്ക് അയാൾ നിലത്തു വച്ചതിനുശേഷം അത് തലകീഴായി പിടിച്ചു അതിനുള്ളിൽ ഉള്ള സാധനം മുഴുവനായി നിലത്തേക്ക് കുടഞ്ഞിടുന്നു. അപ്പോഴാണ് വീഡിയോ കാണുന്നവർ ശരിക്കും ഭയപ്പെടുന്നത്. ചാക്കിൽ നിന്നും അയാൾ കുടഞ്ഞിട്ടത് നൂറുകണക്കിന് പാമ്പുകളെയാണ്. കുടഞ്ഞിട്ടു എന്ന് മാത്രമല്ല നിലത്ത് കിടക്കുന്ന അവയെ അയാൾ കൈകൊണ്ട് കെട്ടുകൾ അഴിക്കാൻ സഹായിക്കുന്നതും കാണാം. ചാക്കിൽ നിന്നും സ്വതന്ത്രരായ പാമ്പുകൾ അതിവേഗത്തിൽ കാടിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇഴഞ്ഞു നീങ്ങുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്തുതന്നെയായാലും ഒരു തവണയിൽ കൂടുതൽ ഈ വീഡിയോ കണ്ടിരിക്കാൻ അല്പം മനക്കരുത്ത് വേണം.
പാമ്പുകളെ ഭയമില്ലാത്ത ചിലരെങ്കിലും ചിലപ്പോഴെങ്കിലും തീർത്തും അശാസ്ത്രീയമായ രീതിയിൽ അവയോട് അടുത്തിടപഴകുന്നത് കാണാം. എന്നാൽ, പാമ്പുകളെ അത്ര നിസ്സാരക്കാരായി കാണരുത് എന്നാണ് കണക്കുകൾ പറയുന്നത്. പാമ്പുകടിയേറ്റ് പ്രതിവർഷം 81,000 മുതൽ 138,000 മരണം ആണ് ലോകത്ത് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ ആക്രമണകാരിയായ വേട്ടക്കാരായി തന്നെ കാണണം എന്നാണ് വിദഗ്ധർ പറയുന്നത്.