അടുത്ത ഒളിമ്പിക്സ് നിങ്ങളുടേത് തന്നെ, മെഡലുറപ്പിച്ചോ, കുഞ്ഞു പെൻഗ്വിനുകളുടെ ഡൈവിംഗ്, വീഡിയോ
അൻ്റാർട്ടിക്കയിലെ 50 അടി ഉയരമുള്ള ഒരു പാറക്കെട്ടിൽ നിന്നാണ് ഇവ താഴെ ഒരു ജലാശയത്തിലേക്ക് ചാടുന്നത്, വീഡിയോ യഥാർത്ഥത്തിൽ പകർത്തിയത് വന്യജീവി ഫോട്ടോഗ്രാഫർ ബെർട്ടി ഗ്രിഗറിയാണ്.
ലോകമെങ്ങും ഒളിമ്പിക് ഗെയിംസ് ആവേശത്തിലാണ്. കായികതാരങ്ങൾ തങ്ങളുടെ രാജ്യങ്ങൾക്കായി മത്സരിക്കുകയും മെഡലുകൾ നേടുകയും ചെയ്യുന്നു. നിലവിൽ ഡൈവിംഗ് ഇവൻ്റിൽ ചൈന ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും നാഷണൽ ജിയോഗ്രാഫിക് കഴിഞ്ഞദിവസം രസകരമായ മറ്റൊരു സംഗതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒരുകൂട്ടം പെൻഗ്വിനുകൾ നടത്തിയ രസകരമായ ഡൈവിംഗ് ആയിരുന്നു ഇത്. ഒളിമ്പിക് മെഡൽ ജേതാക്കൾ എന്ന കുറിപ്പോടെയായിരുന്നു നാഷണൽ ജിയോഗ്രാഫിക് കുഞ്ഞു പെൻഗ്വിനുകളുടെ ഡൈവിംഗ് വീഡിയോ പങ്കുവച്ചത്.
അൻ്റാർട്ടിക്കയിലെ 50 അടി ഉയരമുള്ള ഒരു പാറക്കെട്ടിൽ നിന്നാണ് ഇവ താഴെ ഒരു ജലാശയത്തിലേക്ക് ചാടുന്നത്, വീഡിയോ യഥാർത്ഥത്തിൽ പകർത്തിയത് വന്യജീവി ഫോട്ടോഗ്രാഫർ ബെർട്ടി ഗ്രിഗറിയാണ്. 2025 ഏപ്രിലിൽ വരാനിരിക്കുന്ന സീക്രട്ട്‌സ് ഓഫ് പെൻഗ്വിൻ എന്ന ഡോക്യുമെൻ്ററിയിൽ ഈ ദൃശ്യങ്ങൾ പൂർണ്ണമായും കാണാനാകും.
സെക്കൻഡുകൾ മാത്രമുള്ള ഒരു വീഡിയോ ക്ലിപ്പ് ആണ് ഇതെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. അൻറാർട്ടിക്കയുടെ ഡൈവിംഗ് ടീം റെഡിയൊന്നും അടുത്ത ഒളിമ്പിക്സ് നിങ്ങളുടേതാണെന്നും തുടങ്ങി നിരവധി രസകരമായ കമൻറുകൾ ആണ് വീഡിയോ കണ്ടവർ കുറിച്ചത്.
ബ്രിട്ടീഷ് അൻ്റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞനായ പീറ്റർ ഫ്രെറ്റ്വെൽ വർഷങ്ങളായി അറ്റ്ക ബേയിലെ പെൻഗ്വിൻ കോളനിയുടെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചുവരികയാണ്. തെറ്റായ ദിശയിൽ പോയ ഏതാനും മുതിർന്ന പെൻഗ്വിനുകളെ പിന്തുടർന്നായിരിക്കാം വീഡിയോയിൽ കാണുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾ ഇവിടെയെത്തിയത് എന്നാണ് വീഡിയോ കണ്ട പീറ്റർ ഫ്രെറ്റ്വെൽ അഭിപ്രായപ്പെട്ടത്. സാധാരണയായി, കുഞ്ഞു പെൻഗ്വിനുകൾ കടൽ മഞ്ഞിൽ നിന്ന് വെള്ളത്തിലേക്ക് ചെറിയ ചാട്ടങ്ങൾ ആണ് നടത്താറുള്ളതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.