ലാപ്ടോപ്പ് സ്ക്രീനിൽ പാഞ്ഞുനടക്കുന്ന ഉറുമ്പ്, വീഡിയോ വൈറൽ, സൂക്ഷിച്ചോ എന്ന് കമന്റ്
വീഡിയോ കണ്ട ചിലർ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ഉറുമ്പിനെ അകറ്റി നിർത്താൻ മറ്റു ചിലർ നിർദ്ദേശിച്ചത് 'ലക്ഷ്മൺ രേഖ' ഉപയോഗിക്കാൻ ആയിരുന്നു.
കമ്പ്യൂട്ടർ കീബോർഡുകളിലും മറ്റും ഉറുമ്പുകൾ കൂടുകൂട്ടുന്നത് സാധാരണമാണ്. എന്നാൽ അത് കമ്പ്യൂട്ടർ സ്ക്രീനിനുള്ളിലായാൽ എന്ത് ചെയ്യും? അത്തരത്തിൽ ഒരു കാഴ്ചയാണ് കഴിഞ്ഞദിവസം ഒരു വ്യക്തി താൻ നാലുവർഷമായി ഉപയോഗിക്കുന്ന ലാപ്ടോപ്പ് തുറന്നപ്പോൾ കണ്ടത്.
സ്ക്രീനിനുള്ളിൽ എങ്ങനെയോ കയറിപ്പറ്റിയ ഒരു ഇത്തിരിക്കുഞ്ഞൻ ഉറുമ്പ് ആരെയും കൂസാതെ അതിനുള്ളിലൂടെ ഓടി നടക്കുന്നു. കൗതുകം തോന്നിയ ലാപ്ടോപ്പ് ഉടമ തന്റെ ലാപ്ടോപ്പിനുള്ളിൽ കയറിയ പുതിയ അതിഥിയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല രസകരമായ കമൻറുകൾ വീഡിയോയ്ക്ക് താഴെ നിറയുകയും ചെയ്തു.
വീഡിയോ കണ്ട ചിലർ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ഉറുമ്പിനെ അകറ്റി നിർത്താൻ മറ്റു ചിലർ നിർദ്ദേശിച്ചത് 'ലക്ഷ്മൺ രേഖ' ഉപയോഗിക്കാൻ ആയിരുന്നു. 'പുതിയ വർക്ക് ബഡ്ഡി' എന്നായിരുന്നു ചിലർ ഉറുമ്പിനെ വിശേഷിപ്പിച്ചത്. മറ്റൊരു രസകരമായ കമന്റ് 'ഉറുമ്പിനെ ഒരു വളർത്തു മൃഗമായി ലാപ്ടോപ്പിനുള്ളിൽ നിലനിർത്തണം അതിന് പിക്സൽ എന്ന് പേര് നൽകണം' എന്നായിരുന്നു.
ഒക്‌ടോബർ 3 -ന് പങ്കുവെച്ച വീഡിയോ 83,000 -ത്തിലധികം കാഴ്ചക്കാരെ നേടി, കൗതുകകരമായ കാര്യം കാഴ്ചക്കാരുടെ എണ്ണം ദിനേന വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ അറിയിക്കുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
രസകരമായ കമൻറുകൾ കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമായി എങ്കിലും ഉറുമ്പുകൾ ലാപ്ടോപ്പിനുള്ളിൽ കൂടുകൂട്ടിയാൽ സംഭവിക്കാവുന്ന ദുരവസ്ഥയെ കുറിച്ചും ചിലർ അനുഭവങ്ങൾ പങ്കുവെച്ചു. അത്തരത്തിൽ ഒരാൾ പങ്കുവെച്ചത് രണ്ടുവർഷം മുൻപ് ഈ ഉറുമ്പുകൾ തൻറെ മദർബോർഡ് മുഴുവൻ തിന്നു എന്നായിരുന്നു.
തനിക്കും സമാനമായ അനുഭവം ഉണ്ടായത് മറ്റൊരാൾ കുറിച്ചു. ഒടുവിൽ സ്ക്രീൻ മാറ്റിവയ്ക്കാൻ ലാപ്ടോപ്പ് കമ്പനിയുമായി നിയമ യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.