Viral video: വിശന്നുവലഞ്ഞ പക്ഷിക്ക് ഭക്ഷണം നൽകി, ആരിഫിനെപ്പോലെ കൊക്കുമായി സൗഹൃദത്തിലായി മറ്റൊരു യുവാവ്
രാംസമുജ് യാദവെന്ന യുവാവാണ് വയലിൽ പണിയെടുക്കുന്നതിനിടയിൽ പട്ടിണി കിടന്ന ഈ പക്ഷിക്ക് ഭക്ഷണം നൽകിയത്. പയ്യെപ്പയ്യെ രണ്ട് തവണ ഭക്ഷണം നൽകിയതോടെ പക്ഷി തുടരെത്തുടരെ യാദവിനെ കാണാൻ എത്തിത്തുടങ്ങി.
യുപിയിൽ സാരസ കൊക്കുമായി അപൂർവ സൗഹൃദത്തിലായ ആരിഫ് എന്ന യുവാവിന്റെ കഥ നാം കേട്ടതാണ്. പരിക്കേറ്റ് കിടന്ന സാരസ കൊക്കിനെ ആരിഫ് രക്ഷിക്കുകയും പരിചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാൽ, ആരിഫും സാരസ കൊക്കും തമ്മിലുള്ള സൗഹൃദം വെളിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെ വനം വകുപ്പ് സാരസ കൊക്കിനെ കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പ് കൊണ്ടുപോയ സാരസ കൊക്കിനെ കാണാൻ പോയ ആരിഫിന്റെ വീഡിയോയും വൈറലായിരുന്നു. ആരിഫിനെ കണ്ട കൊക്ക് സന്തോഷം പ്രകടിപ്പിക്കുന്നതും എങ്ങനെയെങ്കിലും കൂട്ടിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നതുമായിരുന്നു വീഡിയോ. പിന്നാലെ, നിരവധിപ്പേർ ഈ കൊക്കിനെ ആരിഫിന് തിരികെ കൊടുത്തുകൂടേ എന്നും അന്വേഷിക്കുകയുണ്ടായി. ഇപ്പോഴിതാ ഒരു സാരസ കൊക്കുമായി സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ബറൈപാർ മാലിക് വില്ലേജിലുള്ള രാംസമുജ് യാദവെന്ന യുവാവാണ് വയലിൽ പണിയെടുക്കുന്നതിനിടയിൽ പട്ടിണി കിടന്ന ഈ പക്ഷിക്ക് ഭക്ഷണം നൽകിയത്. പയ്യെപ്പയ്യെ രണ്ട് തവണ ഭക്ഷണം നൽകിയതോടെ പക്ഷി തുടരെത്തുടരെ യാദവിനെ കാണാൻ എത്തിത്തുടങ്ങി. അധികം വൈകാതെ തന്നെ രണ്ടുപേരും തമ്മിലുള്ള സൗഹൃദം ദൃഢമായി എന്നും യാദവ് പറയുന്നു. എഎൻഐ ആണ് പക്ഷിയുടെയും യാദവിന്റെയും സൗഹൃദം വെളിവാക്കുന്ന വീഡിയോ പുറത്ത് വിട്ടത്.
അതിൽ യാദവും കൊക്കും ഒരുമിച്ച് നടക്കുന്നതിന്റെയും നിൽക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങൾ കാണാം. വീഡിയോയിൽ നിന്നും യാദവും കൊക്കും തമ്മിൽ അപൂർവമായ ഒരു സൗഹൃദം ഉണ്ട് എന്നത് വ്യക്തമാണ്. അനേകം പേരാണ് വീഡിയോ കണ്ടത്.
വീഡിയോ കാണാം: