റഷ്യയില്‍ കാട്ടുതീയ്ക്ക് ഉള്ളിലൂടെ കടന്ന് പോകുന്ന തീവണ്ടിയുടെ വീഡിയോ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ
ബൈക്കല്‍ തടാകത്തിന് സമീപത്തുള്ള വിശാലമായ വനമേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലുള്ള കാട്ടുതീ പടർന്ന് പിടിക്കുകയാണ്. 30,686 ഹെക്ടര്‍ പ്രദേശമാണ് ഇതിനകം കത്തിയെരിഞ്ഞത്.
ലോകത്തില്‍ ഭൂപ്രദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ആര്‍ട്ടിക്കുമായി ഏറെ അടുത്ത് കിടക്കുന്ന സൈബീരിയന്‍ പ്രദേശങ്ങള്‍ അടക്കം റഷ്യന്‍ ഭൂപ്രദേശത്തിന്‍റെ ഭാഗമാണ്. വിശാലമായ വനപ്രദേശങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളാണ് സൈബിരിയന്‍ പ്രദേശം. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കൽ തടാകം ഈ പ്രദേശത്താണ്. ബൈക്കല്‍ തടാകത്തിന് സമീപത്തുള്ള വിശാലമായ വനമേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലുള്ള കാട്ടുതീ പടർന്ന് പിടിക്കുകയാണ്. ഈ കാട്ടുതീയുടെ ഏറ്റവും ഭീകരമായ ദൃശ്യം സമൂഹ മാധ്യമമായ എക്സില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടു.
വനമേഖലയ്ക്കുള്ളിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിനിന്‍റെ ക്യാബിനുള്ളില്‍ നിന്നും പകര്‍ത്തിയ കാട്ടുതീയുടെ വീഡിയോ ആന്റൺ ഗെറാഷ്ചെങ്കോ എന്ന എക്സ് ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി.' റഷ്യൻ ബുറിയേഷ്യയിൽ, കാട്ടുതീയിലൂടെ പാഞ്ഞുപോകുന്ന ട്രെയിൻ. ഡ്രൈവറുടെ ക്യാബിൽ നിന്ന് പകര്‍ത്തി. ദിവസങ്ങളായി റിപ്പബ്ലിക്കില്‍ കാട്ടുതീ പടരുകയാണ്. 30,686 ഹെക്ടര്‍ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 പുതിയ തീപിടുത്തങ്ങൾ കണ്ടെത്തി. തീവണ്ടികൾക്ക് പ്രത്യക്ഷത്തിൽ യാത്ര ചെയ്യാൻ കഴിയും.' സര്‍വ്വതും കത്തിച്ച് ചാമ്പലാക്കുന്ന, ആളിപ്പടരുന്ന തീയുടെ വീഡിയോ കാഴ്ചക്കാരില്‍ ഭയം ജനിപ്പിക്കാന്‍ പോന്നതായിരുന്നു.
സൈബീരിയയിലെ പർവതപ്രദേശമായ മുയ്‌സ്‌കി ജില്ലയിലാണ് കാട്ടുതീയ്ക്ക് തുടക്കം കുറിച്ചതെന്ന് ദി മെട്രോയുടെ റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്രദേശത്ത് നിരവധി തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വീഡിയോയില്‍ ചുവന്ന തീ മാത്രമാണ് ആദ്യം കാണാന്‍ കഴിയുക. ട്രെയിന്‍ മുന്നോട്ട് പോകുമ്പോള്‍ കടുത്ത തീ കുറയുകയും പ്രദേശത്ത് പുക നിറയുകയും ചെയ്യുന്നു. വീണ്ടും മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് റെയില്‍വേ ട്രക്കുകള്‍ അടക്കം വ്യക്തമാവുകയുള്ളൂ.
പ്രദേശത്ത് നിന്നും പുതിയ ആറോളം തീപിടിത്തങ്ങള്‍ കണ്ടെത്തിയെന്നും ഇതിനകം കാട്ടുതീ 30,686 ഹെക്ടർ പ്രദേശം ചുട്ടെരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലര്‍ ഇത്രയും വലിയ കാട്ടുതീയിലൂടെ എങ്ങനെ ട്രെയിനിന് സഞ്ചരിക്കാന്‍ കഴിയുന്നെന്ന് എഴുതി. മറ്റ് ചിലര്‍ കത്തിയെരിഞ്ഞ മൃഗങ്ങളെ കുറിച്ചോര്‍ത്ത് ആവലാതി പൂണ്ടു. ചിലര്‍ യുക്രൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ റഷ്യയ്ക്ക് സ്വന്തം രാജ്യം കത്തിയെരിയുന്നത് കാണാന്‍ കഴിയുന്നില്ലേ എന്ന സംശയമായിരുന്നു. വീഡിയോ ഇതിനകം ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകളാണ് കണ്ടത്. അതേസമയം കാലിഫോർണിയയിലെ തീ പിടിത്തം 14,000 ഏക്കര്‍ പ്രദേശം ചുട്ടെരിച്ചെന്ന് യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.