ഈ തായ്‍ലൻഡുകാരുടെ ഒരു ബുദ്ധി; ബോസിനെ, മുൻകാമുകനെ കാമുകിയെ ഒക്കെ 'ഇടിച്ചു ശരിയാക്കാം', വെറൈറ്റി ഐഡിയ
വീഡിയോയിൽ കാണുന്നത് വിവിധ രൂപത്തിലുള്ള മണ്ണുകൊണ്ടുള്ള പ്രതിമകളാണ്. അതിന്റെ മുഖത്തിട്ടും മറ്റും ആളുകൾ ഇടിക്കുന്നത് വീഡിയോയിൽ കാണാം.
ജീവിതത്തിൽ നിരാശരാവാത്ത മനുഷ്യരുണ്ടോ? ഉണ്ടാവില്ല, ഞാനും നിങ്ങളുമെല്ലാം ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അതിലൂടെ കടന്നു പോകുന്നുണ്ടാകും. എന്നാൽ, നമ്മുടെ ജീവിതം ദുരിതപൂർണമാക്കുന്ന ചില മനുഷ്യരുണ്ടാവും. നമ്മുടെ മേലുദ്യോഗസ്ഥരാവാം, സഹപ്രവർത്തകരാകാം, ബന്ധുക്കളോ ശത്രുക്കളോ ആകാം, മുൻ കാമുകനോ കാമുകിയോ ഒക്കെയും ആവാം. ഏതെങ്കിലും ഒരു ഘട്ടത്തിൽ അവർക്കിട്ട് ഒരെണ്ണം പൊട്ടിക്കാനായെങ്കിൽ എന്ന് തോന്നിയിട്ടുമുണ്ടാകാം. എന്നാൽ, ശാരീരികമായി ആരെയെങ്കിലും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ്.
എന്നാൽ, തായ്‍ലാൻഡിൽ ഒരിടത്ത് ഈ അവസ്ഥയ്ക്ക് വളരെ സർഗാത്മകമായ ഒരു മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്. നമുക്ക് ദേഷ്യം തോന്നുന്ന ആളുടെ പ്രതിമ ഉണ്ടാക്കിക്കുക. എന്നിട്ട് അതിനുമുകളിൽ നമ്മുടെ ദേഷ്യം തീർക്കുക. അതിനെ ഇടിച്ച് ശരിയാക്കുന്നവർ വരേയും ഇവിടെയെത്തുന്നവരിലുണ്ട് എന്നാണ് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ പറയുന്നത്.
Interesting things എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. 'തായ്‌ലൻഡിലെ സ്ട്രെസ് റിലീഫിൻ്റെ ഒരു സവിശേഷ രൂപം' എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് വിവിധ രൂപത്തിലുള്ള മണ്ണുകൊണ്ടുള്ള പ്രതിമകളാണ്. അതിന്റെ മുഖത്തിട്ടും മറ്റും ആളുകൾ ഇടിക്കുന്നത് വീഡിയോയിൽ കാണാം. ഓരോ പ്രതിമകളും ഓരോ രൂപത്തിലുള്ളതാണ്. ഓരോരുത്തരും പറഞ്ഞ് തയ്യാറാക്കിക്കുന്നതാണ് ഈ മൺപ്രതിമകൾ എന്നാണ് പറയുന്നത്. അതുപോലെ, ഇത് ഒരു തെറാപ്പിയുടെ അനുഭവം നല്‍കുമെന്നും നിങ്ങളെ കൂളാക്കുമെന്നുമാണ് ഇത് തയ്യാറാക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്.
നമ്മുടെ നിരാശയ്ക്ക് കാരണക്കാർ ആരാണോ അവരുടെ രൂപത്തിനനുസരിച്ച് പ്രതിമകൾ ഉണ്ടാക്കുക, അതിനിട്ട് നല്ല ഇടി കൊടുക്കുക എന്നതാണ് ഇവിടെ നടപ്പിലാക്കുന്നത്. എന്തായാലും, വീഡിയോയ്ക്ക് ഒരുപാട് പേർ കമന്റുകൾ നൽകിയിട്ടുണ്ട്. 'അതിൽ എത്രയെണ്ണം ബോസിന്റെ പ്രതിമകളുണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞത്, 'ഇതൊക്കെ തമാശയായി തോന്നും, നമ്മുടെ രൂപത്തിലുള്ള പ്രതിമകൾ അവിടെ കാണും വരെ' എന്നാണ്.
എന്തൊക്കെ പറഞ്ഞാലും, ശാരീരികമായി ഒരാളെ ഉപദ്രവിക്കാൻ തോന്നുക എന്നത് അത്ര നല്ല കാര്യമല്ല അല്ലേ?