മുംബൈയിൽ മാത്രം സാധ്യം; 23 നില കെട്ടിടത്തിലെ 323 ചതുരശ്ര അടിയുള്ള 2 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ വില ആകാശം മുട്ടും!
മുംബൈയിലെ കണ്ടിവാലി പ്രദേശത്ത് വെറും 323 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച 2 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ ഹോം ടൂർ വീഡിയോ എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഫ്കാറ്റിന്‍റെ വില കേട്ട് കാഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും സ്ഥലപരിമിധിയില്‍ വീര്‍പ്പുമുട്ടുകയാണ്. നഗരത്തില്‍ താമസസ്ഥലം ലഭിക്കാന്‍ ഇന്ന് ലക്ഷങ്ങള്‍ നല്‍കണം. ബംഗളൂരുവിലായാലും ദില്ലിയിലായാലും മുംബൈയിലായാലും ഇത് തന്നെ അവസ്ഥ. ഒരു ചെറിയ മുറിക്ക് തന്നെ പത്തും ഇരുപതിനായിരമൊക്കെ വാടക ആവശ്യപ്പെടുന്നൂവെന്ന പരാതികള്‍ ബംഗളൂരുവില്‍ നിന്നും ഇതിന് മുമ്പ് നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിക്കപ്പെട്ടിരുന്നു. സമാനമായ ഒരു പരാതി ഇപ്പോള്‍ മുംബൈയില്‍ നിന്നും ഉയര്‍ന്നു. ചെറിയൊരു ഫ്ലാറ്റ് പക്ഷേ, വാടക നിങ്ങളുടെ സങ്കല്പങ്ങള്‍ക്കും അപ്പുറത്താണ്.
മുംബൈയിലെ പാർപ്പിടം വളരെ ചെലവേറിയതാണെന്ന് പറയേണ്ടതില്ല, വാടകയ്ക്കെടുക്കാനോ വാങ്ങാനോ മാന്യമായ സ്ഥലം കണ്ടെത്തുന്നത് ഒരു യഥാർത്ഥ തലവേദനയാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാമതാണ്. ഈ പദവി മുംബൈയിലെ വാണിജ്യ, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയെ കുത്തനെ ഉയര്‍ത്തി. ജീവിതച്ചിലവുകളും ഇതിനൊപ്പം ഉയരുന്നു. മുംബൈയിലെ കണ്ടിവാലി പ്രദേശത്ത് വെറും 323 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച 2 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ ഹോം ടൂർ വീഡിയോ എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് 323 ചതുരശ്രയടി വിസ്തീർണ്ണത്തിന്‍റെ വില കേട്ടാണ്.
DineshK എക്സില്‍ പങ്കുവച്ച വീഡിയോയിൽ, ഒരു റിയൽ എസ്റ്റേറ്റ് ഇൻഫ്ലുവൻസർ 323 ചതുരശ്ര അടിയുടെ ഫ്ലാറ്റിലൂടെ നടന്ന് ഓരോന്നിനെ കുറിച്ചും വിശദമായി വിവരിക്കുന്നു. "നിങ്ങൾ ഒരു 2 ബിഎച്ച്കെ തിരയുകയാണെങ്കിൽ, നിങ്ങളുടെ ബജറ്റ് 1 ബിഎച്ച്കെ വാങ്ങാൻ മൂല്യമുള്ളതാണെങ്കിൽ, നിങ്ങൾക്ക് 23 നില കെട്ടിടത്തിലുള്ള ഈ പ്രോജക്റ്റ് വാങ്ങാം. ഇത് ഒരു കോംപാക്റ്റ് 2 ബിഎച്ച്കെയാണ്, എങ്കിലും വളരെ നന്നായി തന്നെ ഇത് നിർമ്മിക്കപ്പെട്ടിരുക്കുന്നു" വീഡിയോയിലുള്ള പെണ്‍കുട്ടി പറയുന്നു. മൈക്രോ ബാത്ത്റൂമുകൾ, ലിവിംഗ് റൂം, അടുക്കള, രണ്ട് ചെറിയ കിടപ്പുമുറികൾ... എല്ലാം ഫര്‍ണിഷ്ഡ് ആണ്. മാസ്റ്റർ ബെഡ്റൂമിൽ സോഫയ്ക്ക് ആവശ്യമായ സ്ഥലമുണ്ടെന്ന പ്രത്യേകതയുണ്ട്. അതേസമയം വാഷ്റൂമിൽ കുളിക്കാൻ അല്പം ബുദ്ധിമുണ്ടുമെന്ന് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും. 23 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ ഈ രണ്ട് കിടപ്പുമുറിയുള്ള ഫ്ലാറ്റിന്‍റെ വില 75 ലക്ഷം !
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. 'മുംബൈയിൽ മാത്രമേ ഇത് സാധ്യമാകൂ,' എന്നാണ് ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. നിരവധി പേര്‍ അപ്പാർട്ട്മെന്‍റിന്‍റെ കോംപാക്റ്റ് വലുപ്പത്തെ കളിയാക്കി, അവരുടെ ബാൽക്കണികളും ഡ്രോയിംഗ് റൂമുകളും മുഴുവൻ അപ്പാർട്ട്മെന്‍റിനെക്കാളും വലുതാണെന്ന് അഭിപ്രായപ്പെട്ടു. പലരും മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചപ്പോൾ സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലെ ഭവന സ്ഥിതി ഇതിലും മോശമാണെന്ന് ചിലര്‍ എഴുതി.
സുഹൃത്ത് നല്‍കിയ പഫര്‍ ഫിഷ് കറിവച്ച് കഴിച്ചു; 46 കാരന് ദാരുണാന്ത്യം !