ഒരു മണിക്കൂറിനുള്ളിൽ 3,182 പുഷ്-അപ്പുകൾ, ലോക റെക്കോർഡ് നേടി യുവാവ്
അത്തരം റെക്കോർഡുകൾ തകർക്കുന്നത് സ്കാലിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. 12-ാം വയസ്സിൽ കൈ ഒടിഞ്ഞതുമുതൽ, സിആർപിഎസ് (കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം) എന്ന വിട്ടുമാറാത്ത അവസ്ഥയോട് പോരാടുകയാണ് സ്കാലി.
ഡാനിയൽ സ്കാലി (Daniel Scali) എന്ന ഓസ്‌ട്രേലിയൻ അത്‌ലറ്റ് (Australian athlete) ഒരു മണിക്കൂറിനുള്ളിൽ 3,182 പുഷ്-അപ്പുകൾ എടുത്ത് ഗിന്നസ് റെക്കോർഡ് (Guinness World Record) സ്വന്തമാക്കി. മുൻ റെക്കോർഡ് ഉടമയേക്കാൾ 100 -ലധികം പുഷ്-അപ്പുകളാണ് സ്കാലി എടുത്തത്. ഒരു മണിക്കൂറിനുള്ളിൽ 3,054 പുഷ്-അപ്പുകൾ പൂർത്തിയാക്കിയ ജരാഡ് യംഗിന്റെ പേരിലായിരുന്നു അതിന് മുമ്പ് റെക്കോർഡ്. അതാണ് സ്കാലി ഇപ്പോൾ തകർത്തിരിക്കുന്നത്.
സ്കാലിയുടെ രണ്ടാമത്തെ ഗിന്നസ് കിരീടം കൂടിയാണിത്. ഇതിന് മുമ്പ് ഏറ്റവുമധികം നേരം അബ്ഡൊമിനൽ പ്ലാങ്ക് പൊസിഷനിൽ നിൽക്കുന്ന പുരുഷനെന്ന റെക്കോർഡും സ്കാലി സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും, അത്തരം റെക്കോർഡുകൾ തകർക്കുന്നത് സ്കാലിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. 12-ാം വയസ്സിൽ കൈ ഒടിഞ്ഞതുമുതൽ, സിആർപിഎസ് (കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം) എന്ന വിട്ടുമാറാത്ത അവസ്ഥയോട് പോരാടുകയാണ് സ്കാലി.
"മസ്തിഷ്കം എന്റെ കൈയിലേക്ക് തെറ്റായ സന്ദേശങ്ങൾ അയക്കും. അതിനാൽ സ്പർശനം, ചലനങ്ങൾ, കാറ്റ് അല്ലെങ്കിൽ വെള്ളം എന്നിങ്ങനെയുള്ള എന്തും എന്നെ വേദനിപ്പിക്കുമായിരുന്നു" സ്കാലി വിശദീകരിക്കുന്നു. അതിനാൽ തന്നെ വളരെ അധികം വേദന താൻ വളർന്നു വരുമ്പോൾ സഹിച്ചിട്ടുണ്ട് എന്ന് സ്കാലി പറയുന്നു. ആ വേദനകളെയെല്ലാം അതിജീവിച്ചാണ് സ്കാലി ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. ഒരിക്കലും തന്റെ വേദന ലക്ഷ്യത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്ക് തടസമായിരുന്നില്ല എന്നും സ്കാലി പറയുന്നു.