ലോക്ക് ഡൗണ്‍ കാലത്തെ സഞ്ചാരങ്ങള്‍ക്ക് കിടിലന്‍ ഐഡിയയുമായി ഈ രാജ്യങ്ങള്‍!
ലോകമെമ്പാടുമുള്ള 'ട്രാവൽ ബബിൾ' സാദ്ധ്യതകൾ എല്ലാം പരിഗണിച്ചാൽ അത് ലോകത്തെ ആകെ ജിഡിപിയുടെ 35 ശതമാനത്തോളം വരും
കൊവിഡ് മഹാമാരിയിൽ ലോക രാഷ്ട്രങ്ങൾക്കിടയിലെ വ്യാപാര യാത്രാ ബന്ധങ്ങൾ പാടെ അറ്റ അവസ്ഥയാണ്. ഈ കണക്കിൽ ദിനം പ്രതി കോടിക്കണക്കിനു ഡോളറിന്റെ വരുമാനനഷ്ടമാണ് നികുതിയിനത്തിലും അല്ലാതെയും രാജ്യങ്ങൾക്ക് സഹിക്കേണ്ടി വരുന്നത്. ചെറിയ രാജ്യങ്ങളിൽ പലതിലും കാര്യമായ കൊവിഡ് കേസുകൾ ഒന്നും ഇല്ല. എന്നിട്ടുപോലും, അവർക്ക് സ്ഥിരമായി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങൾ വ്യാപാര, യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതിന്റെ പേരിൽ ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരികയാണ്.
പല രാജ്യങ്ങളുടെയും ലോക്ക് ഡൗൺ അനന്തമായി നീളുന്ന സാഹചര്യമാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഉള്ളത്. കേസുകളുടെ എണ്ണം അവിടങ്ങളിൽ അനുദിനം വർധിച്ചു വരുന്ന ട്രെൻഡാണ് കാണുന്നതും. ഈ സാഹചര്യത്തിൽ തങ്ങളോട് ഏതാണ്ട് അടുത്ത് കിടക്കുന്ന കുഞ്ഞൻ രാജ്യങ്ങളിൽ കൊവിഡ് ഭീതി ഇല്ലാത്തവയുമായി സഹകരിച്ചുകൊണ്ട്, 'ട്രാവൽ ബബിൾ'(Travel Bubble) എന്ന ഒരു സംവിധാനത്തെപ്പറ്റി ആലോചിച്ചു തുടങ്ങിയിട്ടുണ്ട് കുഞ്ഞൻ രാജ്യങ്ങളിൽ പലതും.
ഉദാ. എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾ തമ്മിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന 'യാത്രാ കുമിള'യിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമല്ല. ഈ മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലും കാര്യമായ കൊവിഡ് കൂട്ടമരണങ്ങൾ ഒന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മൂന്നിടത്തും കൂടി ആകെ മരിച്ചിട്ടുള്ളത് 150 -ൽ താഴെ പേർ മാത്രമാണ്. ഇങ്ങനെ കൊവിഡ് കാര്യമായി ബാധിക്കാത്ത, അല്ലെങ്കിൽ കൊവിഡിനെ പൊരുതി തോൽപ്പിക്കുന്നതിൽ വിജയിച്ച അധികം ജനസംഖ്യയില്ലാത്ത (ലിത്വേനിയ: 28 ലക്ഷം, ലാത്വിയ : 19.2 ലക്ഷം, എസ്തോണിയ : 13.3 എന്നിങ്ങനെയാണ് ജനസംഖ്യ). ബാൾട്ടിക് രാജ്യങ്ങളിൽ സമ്പദ് വ്യവസ്ഥ ചുരുങ്ങിയത് എട്ടുശതമാനമെങ്കിലും ഇടിയുമെന്നാണ് പറയപ്പെടുന്നത്.
ഇത്തരം രാജ്യങ്ങൾ തമ്മിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാര, ടൂറിസം, യാത്രാ രംഗങ്ങൾ തുറന്നു വെക്കുന്നത് സാമ്പത്തികമായി ഏറെ ആശ്വാസമുണ്ടാക്കും എന്ന് ഗവൺമെന്റുകൾ കരുതുന്നു. അതേ സമയം കോവിഡ് ബാധ സംബന്ധിച്ച കടുത്ത നിയന്ത്രണങ്ങൾ 'യാത്രാ കുമിള'യ്ക്ക് പുറത്തുനിന്ന് വരുന്നവർക്കുനേരെ ഈ രാജ്യങ്ങൾ സ്വീകരിക്കുന്നുണ്ട്.
മേൽപ്പറഞ്ഞ ബാൾട്ടിക് രാജ്യങ്ങളുടെ കേസ് ഒരു ഉദാഹരണം മാത്രമാണ്. ലോകമെമ്പാടുമുള്ള ട്രാവൽ ബബിൾ സാദ്ധ്യതകൾ എല്ലാം പരിഗണിച്ചാൽ അത് ലോകത്തെ ആകെ ജിഡിപിയുടെ 35 ശതമാനത്തോളം വരുമെന്ന് എക്കണോമിസ്റ്റ് പത്രം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പുതിയ കോറിഡോറുകൾ തുറക്കുന്നത് ചെറിയ രാജ്യങ്ങളെ കൂടുതൽ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിച്ചേക്കും എന്നും അഭിപ്രായമുണ്ട്.