വയനാട്ടില്‍ എവിടെയാണ് അയാള്‍ മറഞ്ഞിരിക്കുന്നത്?!

താമരശേരിചുരം. കുതിരവട്ടം പപ്പുവിന്റെ ശബ്ദത്തിനൊപ്പം മലയാളിയുടെ റിസര്‍വ്വ് ഓര്‍മ്മക്കാടുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിത്താര. അതുവഴിയുള്ള ആദ്യയാത്രയാണ്. മധുവെന്ന കാട്ടുവാസിയെ നാട്ടുവാസികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു സെല്‍ഫിയടുത്തതിന്റെ മൂന്നിന്റന്നാണ് ആദിമനുഷ്യരുടേതെന്നു പേരുകേട്ട നാടും തേടി ചുരം കയറുന്നത്... പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

Wayanad Travelogue By Snchari

Wayanad Travelogue By Snchari

ധുവെന്ന കാട്ടുവാസിയെ ആഹാരം മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുവാസികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു സെല്‍ഫിയടുത്തതിന്റെ മൂന്നിന്റന്നാണ് ആദിമനുഷ്യരുടേതെന്നു പേരുകേട്ട നാടും തേടി ചുരം കയറുന്നത്. താമരശേരിചുരം. കുതിരവട്ടം പപ്പുവിന്റെ ശബ്ദത്തിനൊപ്പം മലയാളിയുടെ റിസര്‍വ്വ് ഓര്‍മ്മക്കാടുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിത്താര. അതുവഴിയുള്ള ആദ്യയാത്രയാണ്. രാവിലെ 6 മണി കഴിഞ്ഞതേയുള്ളു. റോഡിലും ബസിലും തിരക്കു കുറവായിരുന്നു. അടിവാരവും പിന്നിട്ട് തണുപ്പിനെയും ഉദയകിരണങ്ങളെയുമൊക്കെ വകഞ്ഞുമാറ്റി ആനവണ്ടി ഹെയര്‍പിന്‍ വളവുകള്‍ ഇരമ്പിക്കയറി.

വയനാടന്‍ ചുരം വഴിയുള്ള ഏതൊരു കന്നിയാത്രക്കാരനെയുമെന്ന പോലെ ഈയുള്ളവനും ഒന്നാമത്തെ വളവില്‍ തന്നെ പാവം കരിന്തണ്ടനെ ഓര്‍ത്തു. രണ്ടാം വളവില്‍ നെടുവീര്‍പ്പിട്ടു. മൂന്നുമുതല്‍ ബ്രിട്ടീഷുകാരന്റെ ചതിയോര്‍ത്ത്, നാലു തിരിയുമ്പോള്‍ പല്ലു ഞെരിച്ചു. അഞ്ചിലും ആറിലും ഭാരതമാതാവിനെ ഓര്‍ത്ത് അന്തരംഗം അഭിമാനപൂരിതമായി. ഏഴില്‍ തിളച്ചു തുടങ്ങിയ ഞരമ്പിലെ ചോര, ബസ് എട്ടു തിരിയും മുമ്പേ തുള്ളിത്തൂവുമെന്നായപ്പോള്‍ മുഷ്ടി ചുരുട്ടിപ്പിടിച്ചു.

ഒമ്പതാമത്തെ ഹെയര്‍പിന്നിനൊപ്പം വണ്ടി ഓര്‍മ്മകളുടെ റിസര്‍വ്വ് പ്രദേശങ്ങളും കടന്നു. സമതലമെത്തിയതോടെ പാലം കടന്നാലെന്തു വേണമെന്നുള്ള നാട്ടുപൊതുബോധത്തിന്റെ ചൂരടിച്ചു. അതോടെ വഴിവെട്ടിയ ബ്രിട്ടീഷുകാരന്റെ ബുദ്ധിയോര്‍ത്തു. ഭരണനേട്ടങ്ങളോര്‍ത്തു. ഒട്ടുമാലോചിക്കാതെ എണ്ണിയെണ്ണി കൈയ്യടിച്ചു.

ലക്കിടി. വയനാടിന്റെ കവാടം. രാജ്യത്തെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം. കരിന്തണ്ടനും മുന്നേ ആധുനിക മനുഷ്യന്റെ ചതിയില്‍ കൊല്ലപ്പെട്ട ലക്കിടി എന്ന ആദിവാസി മൂപ്പന്റെ ദേശം. അയാളുടെ പിന്‍ഗാമി മാരി എന്ന കാനനസുന്ദരി കൊല്ലപ്പെട്ടതും ഇവിടെ എവിടെയോ വച്ചാണ്. നാട്ടുമനുഷ്യരില്‍ വിശ്വാസം നഷ്ടപ്പെട്ട ലക്കിടിക്കൂട്ടത്തിന്റെ നിലയ്ക്കാത്ത കണ്ണീരാവണം ഇവിടെ മഴയായി പെയ്തിറങ്ങുന്നത്.

Wayanad Travelogue By Snchari

ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്ന കമാനവും കരിന്തണ്ടനെ ബന്ധിച്ചിരിക്കുന്ന ചങ്ങലമരവും പിന്നിലാക്കി ബസ് പാഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ വയനാടിന്റെ മണ്ണിലെത്തിയിരിക്കുന്നു. പുലര്‍കാലമായതിനാല്‍ ചുരത്തില്‍ ഗതാഗതക്കുരുക്കില്ലാത്തതു തന്നെ കാരണം. ഡിറ്റിപിസിയുടെ സ്വാഗതബോര്‍ഡിലെ വയനാട് എന്ന ദേശപ്പേരിനൊപ്പം വയനാട്ടുകുലവനെന്ന ദൈവവും മനസിലേക്ക് മല കയറി വന്നു.

ദിവ്യന്‍ അഥവാ തീയ്യന്‍. ശിവന്‍ തന്റെ വലതു കൈകൊണ്ട് ഇടതു തുടയിലടിച്ച് സൃഷ്ടിച്ച പുത്രന്‍. അരിപ്പവും കൊടുപ്പവും അഗ്നി മാലയാക്കുന്ന മന്ത്രവും തൊഴുതേറ്റു വാങ്ങാന്‍ അച്ഛന്റെ അരികില്‍ ചെന്നവന്‍. മധു കുടിക്കില്ല എന്നും നായാടില്ല എന്നുമുള്ള ഉറപ്പില്‍ കദളിയന്‍ എന്ന മധുവനത്തിന്റെ അധിപനായവന്‍. മലബാറിലെ തീയ്യവംശത്തിന്റെ അധിപനായ തൊണ്ടച്ചനെന്ന വയനാട്ടുകുലവന്‍ മലയിറങ്ങി വന്ന മണ്ണാണിത്. ആതിപറമ്പന്‍ കണ്ണന്‍ എന്ന വയനാടുകാരന്റെ തിരുമുറ്റത്തു നിന്നുമായിരുന്നു സഞ്ചാരപ്രിയനായ കുലവന്‍ തന്റെ യാത്ര തുടങ്ങുന്നത്. എന്നെങ്കിലുമൊരിക്കല്‍ വയനാട്ടിലെത്തിയാല്‍ ആ സഞ്ചാരി യാത്രതുടങ്ങിയ ഇടം നേരില്‍ക്കാണണമെന്നു മുമ്പേ തീരുമാനിച്ചിരുന്നു.

ആതിപറമ്പന്‍ കണ്ണന്റെ വീടിരുന്നയിടം ഇന്നുണ്ടോ? അവിടെ തെയ്യം നടക്കാറുണ്ടോ? കഥകളുടെ ഭാണ്ഡം തുറക്കാന്‍ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ? തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ പായുന്ന ബസിനൊപ്പം ചിന്തകളും പരക്കം പാഞ്ഞു. ചുരം കയറുന്നതിനും ദിവസങ്ങള്‍ക്കു മുമ്പേ തന്നെ കുലവനും വയനാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. തോറ്റംപാട്ടില്‍ പറഞ്ഞിരിക്കുന്ന സ്ഥലം കണ്ടുപിടിക്കണമെന്ന് ഉറപ്പിച്ചിരുന്നു.  തെയ്യം ഗവേഷകരോടും പ്രാദേശിക സുഹൃത്തുക്കളോടുമൊക്കെ സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി ഈ നിമിഷം വരെയും ലഭിച്ചിരുന്നില്ല.

തെയ്യം ഗവേഷകരില്‍ ഒരാളായ ആര്‍ സി കരിപ്പത്തുമാഷുടെ മറുപടി രസകരമായിരുന്നു. അദ്ദേഹം പണ്ട് ഇതേക്കുറിച്ച് വയനാട്ടില്‍ കുറേ അന്വേഷിച്ചിരുന്നത്രെ. വിവരം നല്‍കാമെന്ന് ഒരു സുഹൃത്തു ഉറപ്പും നല്‍കി. പക്ഷേ പിന്നെ അയാള്‍ തന്നെ ഇതേവരെ വിളിച്ചിട്ടേയില്ലെന്നു മാഷ് പറഞ്ഞു. എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നു കൂടി മാഷ് പറഞ്ഞിരുന്നു. ഇതൊക്കെ ആലോചിച്ചിരിക്കുന്നതിനിടയില്‍ ബസ് കല്‍പ്പറ്റ കടന്നു. ചിന്തകളെ കവര്‍ന്ന് കണ്ണുകളിലേക്ക് മലകള്‍ വിരുന്നു വന്നു. കുലവന്‍ പണ്ട് ആദിപറമ്പന്‍ കണ്ണനോടു പറഞ്ഞത് ഓര്‍ത്തു.

കണ്ണും ചൂട്ടുമെടുത്ത് കന്നിരാശിയില്‍ വെച്ചോ, ചെരിച്ചു വെച്ചോ വീത്തുപാത്രവും മന്ത്രപാത്രവും, കോത്തു വച്ചോ ഇറച്ചിക്കോലും മീന്‍കോലും. എന്നാല്‍ നിന്റെ കന്നിരാശിമേല്‍ ഞാന്‍ ശേഷിപ്പെടുന്നുണ്ട്...

മുട്ടില്‍ ടൗണും മലനിരകളുടെ ദൂരക്കാഴ്ചകളും കൂടി കാണിച്ചു തന്ന്, കാക്കവയലില്‍ ഞങ്ങളെ ഇറക്കിവിട്ട് ബസ് സുല്‍ത്താന്‍ ബത്തേരിക്കു പോയി. ടൗണില്‍ നിന്നും വലതു തിരിഞ്ഞ്  കല്ലുപാടിയിലുള്ള ഇളയമ്മയുടെ വീട്ടിലേക്കും അവിടെ നിന്നും പുല്‍പ്പള്ളിയിലേക്കുമൊക്കെ കാറിലിരിക്കുമ്പോള്‍ ബോധമണ്ഡലത്തില്‍ അതുവരെ കോറിയിട്ടിരുന്ന വയനാടിന്റെ ചിത്രങ്ങള്‍ മാഞ്ഞുപോയി. കല്ലും മുള്ളും കുന്നുകളും നിറഞ്ഞ മലമ്പ്രദേശമായിരുന്നു മനസിലെ വയനാട്. എന്നാല്‍ ആ ചിത്രങ്ങളെയൊക്കെ സമൃദ്ധമായ വയലുകള്‍ മായിച്ചു കളഞ്ഞു. കുട്ടനാട്ടില്‍ വണ്ടിയിറങ്ങിയ പ്രതീതി. വയലുകളുടെ നാടാണ് വയനാടെന്നു മുമ്പെങ്ങോ ഒരു സുഹൃത്തു പറഞ്ഞിരുന്നു.

വയല്‍, രൂപം മാറി കരയായ കാഴ്ചയും കണ്ടു. അവിടങ്ങളില്‍ നെല്ലിനു പകരം തെങ്ങും കമുകുകളുമൊക്കെ വളര്‍ന്നു നില്‍ക്കുന്നു. കേണിച്ചിറയിലെത്തിയപ്പോള്‍ മഠത്തില്‍ മത്തായിയെ ഓര്‍ത്തു. പണ്ട് നക്സലറ്റുകള്‍ തലവെട്ടിയ മത്തായി. അടുത്തെവിടെയോ ആണ് പേരു കേട്ട പുല്‍പ്പള്ളി. മണല്‍വയലില്‍ നിന്നും കല്ലുവയലിലേക്കുള്ള വഴിയില്‍ വിശാലമായ തേക്കിന്‍ തോട്ടം. നെഞ്ചില്‍ നമ്പറിട്ട തേക്കുകള്‍. പലയിടത്തും കമ്പിവേലിയും കിടങ്ങുകളും. ആനയിറങ്ങുന്ന പ്രദേശങ്ങളാണ്.

പുല്‍പ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിലൂടെയാണ് യാത്ര. കാടും കാപ്പിയും കുരുമുളകു തോട്ടങ്ങളും നിറഞ്ഞ പ്രദേശങ്ങള്‍. പല പറമ്പുകളിലും കണ്ട അമ്പരപ്പിക്കുന്ന ഒരു കാഴ്ച ചിതല്‍പ്പുറ്റുകളായിരുന്നു. കാപ്പിയും കുരുമുളകും പോല അരയാള്‍പ്പൊക്കത്തില്‍ നിവര്‍ന്നു നില്‍ക്കുന്ന വാത്മീകങ്ങളെ വിരലിലെണ്ണിത്തീര്‍ക്കാന്‍ ബുദ്ധിമുട്ടി. അവയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച അറിവ്, കടന്നു പോയിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള അമ്പരപ്പ് ഇരട്ടിപ്പിച്ചു.

Wayanad Travelogue By Snchari

രാമായണം എന്ന കഥാസാഗരത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന ഇടങ്ങളാണത്രെ ഈ പ്രദേശങ്ങള്‍. ത്രേതായുഗത്തില്‍  ഇവിടെ എവിടെയോ ഇരുന്നാണത്രെ രത്‌നാകരന്‍ എന്ന കാട്ടാളന്‍ 'ആമരം ഈമരം' മന്ത്രം ജപിച്ച് വാല്മീകി എന്ന മഹര്‍ഷിയായി മാറിയത്. അതൊരു പുതിയ അറിവായിരുന്നു. വാല്മീകിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്ന ഇടം ആശ്രമക്കൊല്ലി, ലവകുശന്മാര്‍ കളിച്ചു നടന്ന ഇടം ശിശുമല, സീത ഭൂമി പിളര്‍ന്ന് താഴേക്കു പോയ ഇടം ചേടാറ്റിന്‍കാവ്... ഒപ്പമുണ്ടായിരുന്ന സുലുവമ്മ പറഞ്ഞുകൊണ്ടിരുന്നു. വടക്കുമുതല്‍ തെക്കുവരെ കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും ത്രേതായുഗവുമായി ബന്ധപ്പെട്ട കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍  ഇത്രയുമധികം അവശേഷിപ്പുകളുടെ അനുഭവം, അതും കൈയ്യെത്തും ദൂരെ ആദ്യമായിരുന്നു.

ടിപ്പുവിന്റെ പടയെ ദിഗ്ഭ്രമം വരുത്തി കബളിപ്പിച്ച പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലേക്കാണ് പോകുന്നത്. കരുമം എന്നായിരുന്നു പുല്‍പ്പള്ളിയുടെ പഴയപേരെന്ന് സുലുവമ്മ പറഞ്ഞു. നിറയെ കെട്ടിടങ്ങളും ചുവന്ന ആകാശവുമായി പുല്‍പ്പള്ളി സ്വാഗതം ചെയ്തു. സായിപ്പിനെ ഭയക്കാത്ത പഴശിയും ടിപ്പുവുമൊക്കെ കവാത്തുനടത്തിയ പുല്‍പ്പള്ളി. പണ്ടൊരിക്കല്‍ വിപ്ലവം പുകഞ്ഞു കത്തിയ പുല്‍പ്പള്ളി. തിരിച്ചറിയാനാവാത്ത എന്തൊക്കെയോ വികാരങ്ങള്‍ മഥിച്ചു തുടങ്ങി.

പഴയ ആ പൊലീസ് സ്റ്റേഷന്‍ കാണണമെന്നുണ്ടായിരുന്നു. അതൊന്നും ഇന്നില്ലെന്ന് കാര്‍ ഓടിക്കുന്നതിനിടയില്‍ ദിവാകരന്‍ മാമ്മന്‍ ഉറപ്പിച്ചു പറഞ്ഞു. ചിലയിടങ്ങളില്‍ വര്‍ഗീസ് ദിനാചരണത്തിന്റെ മങ്ങിയ പോസ്റ്ററുകള്‍ കണ്ടു. പഴയ നക്സല്‍ പ്രസ്ഥാനങ്ങളും അതിവപ്ലവകാരികളുടെയും സ്വപ്‌നഭൂമി. വസന്തത്തിലേക്കുള്ള കുറുക്കുവഴികള്‍ തേടി പെരുവഴിയായിപ്പോയവരുടെ ന്യൂജനറേഷനെ ഓര്‍ത്തു. സമത്വം മരീചികയാകുന്ന കാലത്തും കാട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്നവരോട് പുച്ഛവും സഹതാപവും തോന്നി.

ബസ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ ഉയര്‍ന്ന ഭാഗത്തു നിന്നൊരാള്‍, ട്രാഫിക്ക് പൊലീസുകാരനെ അനുകരിക്കുന്നതു കണ്ടു. നീളന്‍ ഷര്‍ട്ടും പാന്റും കഴുത്തില്‍ നിറയെ മാലകളുമൊക്കെ ധരിച്ച് കൗതുകം ജനിപ്പിക്കുന്ന വേഷം. മാനസികാസ്വാസ്ഥ്യമുള്ള ആരോ ആവണം. സിനിമകളിലൊക്കെ തല കാണിച്ചിട്ടുള്ള ആളാണതെന്നു ദിവാകരന്‍ മാമ്മന്‍ പറയുന്നതുകേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ അയാളും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

Wayanad Travelogue By Snchari

ബസ്റ്റാന്‍ഡും പിന്നിട്ട് ഇടതുതിരിഞ്ഞ് കാര്‍ സീതാദേവി ലവകുശ ക്ഷേത്രത്തിന്റെ മുറ്റത്തെത്തി. ചുവന്നു തുടുത്ത സൂര്യന്‍ പഴുത്തടക്ക പോല തൊട്ടുമുന്നില്‍ നില്‍ക്കുന്നു. കൈനീട്ടിയാല്‍ തൊടാം. പടയോട്ടക്കാലത്ത് ഇവിടെത്തിയപ്പോഴാണ് ക്ഷേത്രം അക്കരയാണെന്നു ടിപ്പുവിനു തോന്നിയത്. നേരെ അക്കരെച്ചെന്നു ടിപ്പു. അതാ ഇക്കരെയാണ് ക്ഷേത്രം. സായിപ്പിനെ ഭയക്കാത്തവന്റെ മനസൊന്നിടറി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അത്തരം മതിഭ്രമങ്ങള്‍ക്കു പിന്നിലെന്ന് ചെമ്പഴുക്കാ മുഖത്ത് ചിരിയൊളിപ്പിച്ച് സൂര്യന്‍ പറഞ്ഞു.

കാറ്റിലൊരു താരാട്ട് ഒഴുകിവന്നു. അഭയദേവിന്റെ വരികളില്‍ നൊന്തു പാടുകയാണ് ഒരമ്മ. കരളിന്റെ കാതലേയെന്നുള്ള ശബ്ദം. ഒരു ഗര്‍ഭിണിപ്പെണ്ണിനെ ഓര്‍ത്തു. അവളെ ഉപേക്ഷിച്ച, രാജ്യം പാടിപ്പുകഴ്ത്തുന്ന മര്യാദാപുരുഷോത്തമനെ ഓര്‍ത്തു. അനാഥരായ രണ്ടു കുഞ്ഞുങ്ങളെ ഓര്‍ത്തു. അവരെ പോറ്റി വളര്‍ത്തിയ രത്നാകരനെന്ന കാട്ടാളനെ ഓര്‍ത്തു. ഇവിടെ എവിടെയോ ആണ് ആ കുട്ടികള്‍ ഓടിക്കളിച്ചു വളര്‍ന്നത്. ഇവിടെ എവിടെയോ ഇരുന്നാണ് ആ അമ്മ അവരെ പാട്ടുപാടി ഉറക്കിയത്. ഒരുനാളിലൊരുവന്‍ രാജാവാകുമെന്നു സ്വപ്നം കണ്ടത്. താരാട്ടിന്റെ അനുപല്ലവിയില്‍ അച്ഛനെ മറക്കരുതെന്നു പറയുന്ന സീതയുടെ വാക്കുകളില്‍ ജ്വലിച്ചത് രാമനോടുള്ള പകയാണെന്നു തോന്നി. യാഗാശ്വങ്ങളെ പിടിച്ചു കെട്ടിയ ബാലന്മാരുടെ മനോബലം ഒരുപക്ഷേ ആ താരാട്ടായിരിക്കും.

ഇവിടെ അടുത്താണ് ചേടാറ്റിന്‍കാവ്. സുലുവമ്മയുടെ വാക്കുകള്‍. സീത ഭൂമി പിളര്‍ന്ന് താണുപോയ ഇടമാണത്. വിശ്വം ജയിക്കാനിറങ്ങിയ തന്റെ കുതിരകളെ രണ്ടു പയ്യന്മാര്‍ പിടിച്ചു കെട്ടിയതറിഞ്ഞു സ്ഥലത്തെത്തിയതായിരുന്നു രാമന്‍. പക്ഷേ കണ്ടത് കൊല്ലണമെന്ന് ചട്ടം കെട്ടി പണ്ട് കാട്ടില്‍ക്കളഞ്ഞ ഭാര്യയെ. ലജ്ജ അശേഷമില്ലാതെ അവളെ അയാള്‍ തിരികെ വിളിച്ചു. അഭിമാനവും ദുഖവും രോഷവും അണപൊട്ടി പുകയുന്ന പര്‍വ്വതം പോല അവള്‍ നിന്നു. ഉരുകുന്ന മകളുടെ നൊമ്പരം കണ്ട് ഭൂമിയുടെ നെഞ്ചുപിളര്‍ന്നു. അമ്മയുടെ ആത്മാവിലേക്ക് താണുതുടങ്ങിയ സീതയുടെ മുടിയില്‍ രാമന്‍ കയറിപ്പിടിച്ചു. വലിച്ചുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ഏതാനും മുടിയിഴകള്‍ മാത്രം അയാളുടെ കൈകളില്‍ അവശേഷിപ്പിച്ച് അവള്‍ അമ്മയുടെ ഗര്‍ഭത്തിലേക്കു തിരികെപ്പോയി. അങ്ങനെ മുടി അഥവാ ജഡ അറ്റ ഇടം ജഡയറ്റകാവും കാലാന്തരത്തില്‍ ചേടാറ്റിന്‍കാവുമായി.

സീത താഴ്ന്നുപോയ ആ സ്ഥലം ഇപ്പോഴും അവിടെയുണ്ടെന്നും പണ്ടൊക്കെ അവിടുത്തെ മരങ്ങളില്‍ മുടിപോലെ ഒരുതരം നാരുകള്‍ തൂങ്ങിക്കിടന്നിരുന്നുവെന്നും സുലുവമ്മ പറഞ്ഞു. അവിടെ പോകണമെന്നു തോന്നിയെങ്കിലും എന്തോ ഒരു വിഷമം ഉള്ളിലുടക്കി. ഭാര്യയെ നോക്കി. രാമനെ ഇപ്പോള്‍ കിട്ടിയാല്‍ മൂക്കില്‍പ്പിടിച്ച് വലിച്ച് കുത്തിറക്കത്തിലൂടെ താഴോട്ട് ഓടും എന്ന ഭാവത്തില്‍ ആതിര നില്‍ക്കുന്നു. വെയില്‍ മങ്ങിത്തുടങ്ങി. ഇരുള്‍ പരക്കുന്നതിനൊപ്പം ത്രേതായുഗത്തിന്റെ നൊമ്പരവും നെഞ്ചില്‍ കനത്തതോടെ മിഥിലജയുടെ ശവകുടീരം തല്‍ക്കാലം കാണേണ്ടെന്നുറപ്പിച്ചു. തിരികെ കല്ലുപാടിയിലേക്കു മടങ്ങുമ്പോഴേക്കും പുല്‍പ്പള്ളിയുടെ ആകാശത്തിലെ ചുവപ്പുമങ്ങി. അപ്പോഴും ചിതല്‍പ്പുറ്റുകളില്‍ നിന്നും മുളച്ചു പൊന്തിയ മുരിക്കുമരങ്ങള്‍ മാത്രം ചുവന്നു പൂത്തുനിന്നു.

Wayanad Travelogue By Snchari

കുളിരുവാരിപ്പുതച്ച് ഉറങ്ങാന്‍ കിടന്ന വയനാട്ടിലെ ആദ്യരാത്രിയില്‍ കുലവനെ സ്വപ്നം കണ്ടു. ഇതെന്റെ ഉച്ചക്കത്തെ കഞ്ഞിവിഷയല്ലേ പറഞ്ഞായിറ്റുള്ളൂ എന്നയാള്‍ പതം പറഞ്ഞു. ഞെട്ടിയുണര്‍ന്നു. കുലവനെക്കുറിച്ച് അന്വേഷിക്കുന്നവരില്‍ നിന്നും ലഭിക്കുന്ന മറുപടികള്‍ നിരാശാജനകമായിരുന്നു. മാനന്തവാടിയിലും പനമരത്തും അഞ്ചുകുന്നിലും ഉള്‍പ്പെടെ ജില്ലയിലെ പലയിടങ്ങളിലെയും വയോജനങ്ങളോടും മറ്റും സംസാരിച്ചെങ്കിലും ആരും അങ്ങനെ ഒരു കഥ കേട്ടിട്ടില്ലെന്ന് മാധ്യമസുഹൃത്തുക്കളായ രണ്ട് വിജയേട്ടന്മാരും ഉറപ്പിച്ചു പറഞ്ഞു. സ്വപ്നത്തില്‍ കേട്ട തോറ്റത്തിന്റെ ബാക്കി ഈരടികള്‍ ഓര്‍ത്തുചൊല്ലിക്കൊണ്ട് വീണ്ടും കുളിരുവാരിപ്പുതച്ചു.

ഇതിനെപ്പോല എന്റെ തേരും തിരുമുടിയും ഇരിപ്പും പാനവും വാങ്ങിത്തെളിഞ്ഞ് കൈയ്യേറ്റ് വടക്കോട്ട് തിരിഞ്ഞ് തിരുമുടിയേറ്റ് പടിഞ്ഞാറോട്ട് തിരിഞ്ഞ് തിരുമുഖത്തോട് തിരുമുഖം കണ്ട് ചൂട്ടെറിഞ്ഞ് വലഭാഗം തിരിയുന്ന കാലങ്ങളില്‍ ചൂട്ടുകയലാലൊന്ന് ഊരിക്കുത്തിക്കെടുത്ത് കഞ്ചുകത്തില്‍ വെച്ചുകൊള്ളുക... എന്നാല്‍ ഞാന്‍ വരുന്നുണ്ട്....

(ഇപ്പോള്‍ വെള്ളാട്ടമേ ആയിട്ടുള്ളൂ തെയ്യം ഇറങ്ങിയ ശേഷം ചൂട്ടെറിഞ്ഞ് വലഭാഗം തിരിയുമ്പോള്‍ ആ ചൂട്ടില്‍ നിന്നും ഒരു കയലെടുത്ത് കൊണ്ടു പോയാല്‍ കൂടെ ഞാന്‍ വരുന്നുണ്ട് എന്നര്‍ത്ഥം)

ദൈവം ജനിക്കും മുമ്പുള്ള ഭാഷ
തലയോട്ടിയുടെ മുഖമുള്ള ഒരു കൂറ്റന്‍പാറയെ ആരോ എടുത്ത് മറ്റൊരു പാറക്കെട്ടിന് മുകളില്‍ വെച്ചിരിക്കുന്നു. ഇപ്പോള്‍ താഴേക്കു വീഴും എന്ന മട്ടിലിരിക്കുകയാണ് ആ കല്ല്. പിന്നില്‍ ആകാശം മുട്ടെ പരന്നുകിടക്കുന്ന പാറകളുടെ മഹാസാഗരം. കുലവന്റെ തോറ്റത്തെ അന്വര്‍ത്ഥമാക്കി എടക്കലിലേക്കുള്ള വഴിക്കിരുവശവും കാഴ്ചകളുടെ പെരുങ്കളിയാട്ടം.

മീനങ്ങാടിയില്‍ നിന്നും ആയിരംകൊല്ലി ആറാട്ടുപാറ അമ്പലവയല്‍ വഴിയായിരുന്നു യാത്ര. മനോഹരങ്ങളായ പാറക്കെട്ടുകള്‍ പലതും കൂറ്റന്‍ ഗര്‍ത്തങ്ങളായി പരിണമിച്ചിരിക്കുന്നു. റോഡാകാനും പാലമാകാനും കോണ്‍ക്രീറ്റ് കാടാവാനുമൊക്കെ ചുരമിറങ്ങിപ്പോയ കല്ലുകളുടെ ബാക്കി പത്രം. ചിങ്കേരി മല എന്നു പ്രദേശവാസികള്‍ വിളിക്കുന്ന ഈ കരിങ്കല്‍ മലയുടെ ഒരു ഭാഗമാണ് ഫാന്റ്ം റോക്ക്. ലീഫാക്കിന്റെ ഫാന്റം എന്ന നടക്കുംഭൂതത്തിന്റെ മുഖച്ഛായ കാരണം സഞ്ചാരികളിലാരോ ഇട്ട പേരാണത്.

അമ്പലവയലും കഴിഞ്ഞ് എടക്കലിലേക്കുള്ള കാല്‍നടയാത്ര തുടങ്ങുന്ന പോയിന്റ് വരെ ഏകദേശം ഒരുകിലോമീറ്ററോളം ദൂരം റോഡിനിരുവശവും സ്വകാര്യ വാഹന പാര്‍ക്കിംഗ് ഉടമകളുടെ ബഹളമാണ്. പറമ്പുകളിലെ മണ്ണുനീക്കി, ഫീസ് വച്ചുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു നാട്ടുകാര്‍. വാഹനങ്ങളെ ദൂരെ കാണുമ്പോള്‍ തന്നെ ഈ പാര്‍ക്കിംഗ് ഏരിയകളുടെ കാവല്‍ക്കാര്‍ മാടി വിളക്കും. അബദ്ധത്തില്‍ ആദ്യം കണ്ട ഇടങ്ങളില്‍ വണ്ടി കേറ്റുന്ന സഞ്ചാരികള്‍ പെട്ടതു തന്നെ. അവിടം മുതല്‍ മുകളിലോട്ടു നടക്കേണ്ടി വരും.

വാഹനഗതാഗതം തീരുന്ന ഭാഗത്തു നിന്നും ഏകദേശം 300 മീറ്ററോളം കുത്തനെ നടന്നാല്‍ ടിക്കറ്റ് കൗണ്ടറായി. മുമ്പ് ഇവിടെ നിന്ന് കൗണ്ടര്‍ വരെ ജീപ്പ് സര്‍വ്വീസ് ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ നടന്നു തന്നെ കയറണം. കോണ്‍ക്രീറ്റ് ചെയ്ത വഴിക്കിരുവശവും കാടും കടകളും. കുറച്ചു നടക്കുമ്പോഴേക്കും കുരങ്ങന്മാര്‍ കൂട്ടിനെത്തും. ചുറ്റുമുള്ള ഭൂമി റിസര്‍വ് ഫോറസ്റ്റാണെന്നാണ് കരുതിയത്. എന്നാല്‍ മിക്കതും കൈവശഭൂമിയാണെന്നു പറഞ്ഞത് വഴിയരികില്‍ മുളയരിപ്പായസം വില്‍ക്കുന്ന സുനില്‍. ഒരു തദ്ദേശവാസിയുടെ ഭൂമി പാട്ടത്തിനെടുത്ത് സ്റ്റാളുകെട്ടി പായസം വില്‍ക്കുകയാണ് ഈ കല്‍പ്പറ്റക്കാരന്‍. ഇത്തരം നിരവധി കടകളുണ്ട്. നടപ്പിനിടയില്‍ കാടുകള്‍ക്കിടയിലൂടെ അങ്ങകലെ കൂറ്റനൊരു പര്‍വ്വതശിഖിരം കണ്ടു. അവിടെ എത്തണമെന്ന് ദിവാകരമ്മാവന്‍ പറഞ്ഞതോടെ ആതിരയുടെ ചങ്കുകലങ്ങി.

സഞ്ചാരികളെ മാടിവിളിച്ച് പ്രലോഭിപ്പിക്കുകയാണ് കച്ചവടക്കാര്‍. അത്തരം അഭ്യാസപ്രകടനങ്ങളൊന്നുമില്ലാത്ത ഒരു കടയുടെ മുന്നിലെത്തിയപ്പോള്‍ ദാഹം തോന്നി. കുരങ്ങന്മാരെ ഓടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ കടയിലെ സ്ത്രീ. തണ്ണിമത്തനും മോരുംവെള്ളവുമൊക്കെ വില്‍ക്കുന്ന ആ കട കുടുംബശ്രീയുടെതാണ്. അംഗങ്ങള്‍ റൊട്ടേറ്റ് ചെയ്താണ് ഡ്യൂട്ടി. അപ്പോള്‍ കടയിലുണ്ടായിരുന്നത് ജാനകിയേച്ചി. കീറിയ പച്ചമാങ്ങയില്‍ മുളകു ചേര്‍ത്തു ജാനകിയേച്ചി ഞങ്ങള്‍ക്കു വിളമ്പി. ഇനി കയറ്റത്തിനു കടുപ്പമേറും. അതിനാല്‍ കൈതച്ചക്കയും തണ്ണിമത്തനും സര്‍ബത്തുമൊക്കെ അകത്താക്കി. ഞങ്ങള്‍ വീണ്ടും നടന്നു തുടങ്ങുമ്പോള്‍ ഭക്ഷണസാധങ്ങള്‍ വാങ്ങി കടയുടെ മുന്നില്‍ വച്ച് കുരങ്ങുകള്‍ക്ക് കഴിക്കാനിട്ടു കൊടുക്കുന്ന മഹാമനസ്കരെ തടയാന്‍ പാടുപെടുകയായിരുന്നു ജാനകിയേച്ചി.

Wayanad Travelogue By Snchari

ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കയറ്റം കൂടുതല്‍ ദുഷ്‌കരമായിത്തുടങ്ങി. കോണ്‍ക്രീറ്റ് സ്റ്റെപ്പുകളും ഹാന്‍ഡ് റെയിലുകളുമുണ്ട്. ഒരു സ്റ്റെപ്പിന് പത്തെണ്ണത്തിന്റെ പൊക്കമുണ്ടെന്ന് ആതിരയുടെ പരിഭവം. സ്റ്റെപ്പുകളും കൈവരികളുമൊന്നുമില്ലാതെ വെറും കല്ലില്‍ ചവിട്ടി കാട്ടുവള്ളികളില്‍ തൂങ്ങി മുകളിലെത്തിയിരുന്ന, കേവലം പത്തോ പതിനഞ്ചോ വര്‍ഷം പഴക്കം മാത്രമുള്ള സഞ്ചാരകാലത്തെപ്പറ്റി മഞ്ജു ആന്റിയുടെ ഓര്‍മ്മപ്പെടുത്തല്‍. അങ്ങനെ ഇരുന്നും നിന്നും പതം പറഞ്ഞുമൊക്കെ ആദ്യഗുഹയുടെ പ്രവേശനകവാടത്തിലെത്തി. അകത്തു കയറിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ചെറിയൊരു കിണര്‍ കണ്ടു. വെറുതെയൊന്ന് എത്തിനോക്കി.

പിന്നെ അറയുടെ മറുവശമിറങ്ങി നടപ്പ് തുടര്‍ന്നു. അതിനും മുകളിലുള്ള രണ്ടാമത്തെ ഗുഹയിലാണ് ചുമര്‍ചിത്രങ്ങള്‍. വീണ്ടും കുത്തനെ കയറണം. ഇരുമ്പു കോവണി വച്ചിട്ടുണ്ട്. കുറച്ചുകയറിയപ്പോള്‍ ഏണിയില്‍ തന്നെ ചെറിയൊരു ലാന്‍ഡിംഗ്. വ്യൂ പോയിന്റാണ്. പച്ചപുതച്ച താഴ്വാരം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4000 അടി ഉയരത്തില്‍ അമ്പുകുത്തിമലയുടെ കുത്തുചെരിവിലാണിപ്പോള്‍ നില്‍ക്കുന്നത്. ഭയം തോന്നി. മുകളിലേക്ക് കോവണി വീണ്ടും നീണ്ടുകിടന്നു.

പാതിവഴിയില്‍ തളര്‍ന്നിരിക്കുന്ന വിദേശികളായ വൃദ്ധദമ്പതികള്‍. ഒന്നേകാല്‍നൂറ്റാണ്ടു മുമ്പ് ഇവിടെ ആദ്യമെത്തിയ ബ്രിട്ടീഷുകാരന്‍ എഫ് ഫോസെറ്റിനെ ഓര്‍ത്തു. 1894ലായിരുന്നു അത്. മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ഫോസെറ്റ് നായാട്ടിനിറങ്ങിയതായിരുന്നു. മുള്ളുക്കുറുമരുടേയും പണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കി അയാള്‍ അമ്പുകുത്തിയിലെത്തിയതും ഗുഹാചിത്രങ്ങളിലേക്ക് ആദ്യമായി വെളിച്ചം വീണതും ബത്തേരി റോക്ക് എന്ന പേരില്‍ ഇവിടം ലോകപ്രസിദ്ധമായതുമായ കഥകള്‍ ഒരുപാടു കേട്ടിരുന്നു.

മുകളിലെ തട്ടിലെത്തി താഴേക്കുള്ള അടുത്ത കോവണി ഇറങ്ങിയാല്‍ ആദിമനുഷ്യന്റെ തറവാടായി. രണ്ട് കൂറ്റന്‍ പാറക്കല്ലുകളുടെ മുകളില്‍ അടപ്പുപോലെ തങ്ങിയിരിക്കുന്ന ഭീമാകാരനായ മറ്റൊരു പാറ. ഇതാണ് പേരിനെ അന്വര്‍ത്ഥമാക്കുന്ന എടക്കല്ല്. കല്ലിനിടയിലൂടെ ആകാശം. മരങ്ങള്‍. വേരുകള്‍. ഒഴുകിയെത്തുന്ന സൂര്യവെട്ടത്തില്‍ ചുവരില്‍ കണ്ടു, ദൈവം ജനിക്കുന്നതിനും മുമ്പ് മനുഷ്യനുണ്ടാക്കിയ ഭാഷ. അതുനോക്കി നിന്നപ്പോള്‍ തിരിച്ചറിയാനാവാത്ത വികാരങ്ങള്‍ അകം മഥിച്ചു‍. വിശാലമായ അകത്തളത്തിലൂടെ മുന്നോട്ടു നടന്നു. വലംതിരിഞ്ഞപ്പോള്‍ പാറകള്‍ക്കിടയില്‍ വലിയൊരു വിള്ളല്‍. അരയാള്‍പ്പൊക്കമുള്ള സുരക്ഷാ വേലിയില്‍പ്പിടിച്ച് അതിലൂടെ എത്തിനോക്കി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നേര്‍ത്ത വിടവു പോലെ ചരിത്രത്തിന്റെ വിളുമ്പ്. അതിനിടയിലൂടെ അങ്ങകലെ വയനാടന്‍ ഗ്രാമങ്ങളുടെ വിദൂരദൃശ്യങ്ങള്‍.

ഗുഹയുടെ അകത്തു വച്ചാണ് സജിയെ കാണുന്നത്. കാക്കി യൂണിഫോമിട്ട അയാള്‍ ഗൈഡാണെന്നാണ് ആദ്യം കരുതിയത്. കാരണം, കാണുമ്പോള്‍ ഒരു കൂട്ടം സഞ്ചാരികളെ ചുറ്റും നിര്‍ത്തി ഗുഹയുടെ ചരിത്രം പറഞ്ഞുകൊടുക്കുകയായിരുന്നു അയാള്‍. ചെറുശിലായുഗ കാലത്താണ് ഈ ഗുഹകള്‍ ഉണ്ടായത്. ഭൂമിശാസ്ത്രപരമായി ഇതൊരു ഗുഹയല്ല, പാറക്കൂട്ടങ്ങള്‍ക്കിടയിലെ വിടവാണ്. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു ഭൂകമ്പത്തിന്റെ ഭാഗമായി പാറ പിളര്‍ന്നതാണ് ആ വിടവ്. പാറകളുടെ ഇടയിലേക്ക് മുകളില്‍ നിന്നും വീണ ആ ഭീമന്‍ കല്ല് കുടുങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇടക്കല്‍ എന്ന പേരു വന്നത്.

98 അടി നീളവും 22 അടി വീതിയുമുണ്ട് ഈ വിള്ളലിന്. മുപ്പതടിയോളം ഉയരം വരും. മനുഷ്യന്‍ പരസ്പരം സംസാരിച്ചു തുടങ്ങുന്നതിനു മുമ്പുള്ള ചിത്രഭാഷയാണ് ചുവരുകളില്‍. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങളാണിത്. ആ ചിത്രം ഒരു രാജാവിന്റെതാണ്. ഇത് സൂര്യന്‍. അത് ഏതോ ഒരായുധം. അക്കാണുന്നതൊരു സ്ത്രീരൂപം. അനവധി പുലികളെ കൊന്ന ഒരു ഗോത്രത്തലവന്‍ ഒരിക്കല്‍ ഇവിടെ വന്നിരുന്നു എന്നാണ് തമിഴ് - ബ്രാഹ്മി ലിപിയില്‍ ഈ എഴുതിവച്ചിരിക്കുന്നത്. ഒരു ചരിത്രാധ്യാപകനെപ്പോലെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

പരിചയപ്പെട്ടപ്പോള്‍ താന്‍ ഗൈഡൊന്നുമല്ല വെറും സെക്യൂരിറ്റിയാണെന്ന് സജി പറഞ്ഞു. ആള്‍ക്കാര്‍ക്ക് ഗുഹയുടെ ചരിത്രം വിശദീകരച്ചു കൊടുക്കേണ്ടത് അയാളുടെ ചുമതലയല്ല. അതിനായി ഇന്‍ഫര്‍മേഷന്‍ ഒഫീസറുണ്ട്. പക്ഷേ അയാള്‍ അതിനു മെനക്കെടാതെ മൊബൈലും നോക്കി കസേരയില്‍ കുമ്പിട്ടിരിക്കുന്നത് കണ്ടു. സഞ്ചാരികളായ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരസ്പരം സംശയം ചോദിക്കുന്നതു കണ്ട് അലിവ് തോന്നിയ സജി ചരിത്രാധ്യാപകന്‍റെ വേഷം സ്വയം ഏറ്റെടുക്കുകയായിരുന്നു. കുറച്ചുവര്‍ഷങ്ങളെ ആയിട്ടുള്ളു പ്രദേശത്ത് ഇക്കാണുന്ന അടിസ്ഥാന സൗകര്യങ്ങളൊക്കെ ഉണ്ടായതെന്നു സജി പറഞ്ഞു. ഡിറ്റിപിസിയും മറ്റൊരു ഏജന്‍സിയും ചേര്‍ന്നാണ് ഇപ്പോള്‍ ടൂറിസം സ്പോട്ടിന്റെ നടത്തിപ്പ്. അഞ്ച് സെക്യൂരിറ്റിക്കാര്‍ ഉള്‍പ്പെടെ ഇരുപതോളം ജീവനക്കാരുണ്ട്. മീനങ്ങാടി സ്വദേശിയായ സജി ഏഴുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ദിവസക്കൂലിയാണ്. ജോലി സ്ഥിരമല്ല. കാലത്ത് മല കയറും. വൈകിട്ടിറങ്ങും. അയാള്‍ ജീവിതത്തിലെ അലിഖിത നൊമ്പരങ്ങളുടെ കെട്ടഴിച്ചു.

ചരിത്രത്തിനൊപ്പം ഇവിടം ഐതിഹ്യങ്ങളാലും മിത്തുകളാലും സമ്പന്നമാണെന്നും സജി പറഞ്ഞു. രാമ ലക്ഷ്മണന്മാര്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും മുറിച്ചത് ഈ ഗുഹയുടെ തെക്കുഭാഗത്തുള്ള ഇടുക്കില്‍ വച്ചാണെന്നും ആ രാക്ഷസകുമാരിയുടെ മുറിച്ചെറിഞ്ഞ ശരീരഭാഗങ്ങള്‍ ഉറഞ്ഞുകൂടിയതാണ് ഈ കരിമ്പാറകളെന്നും കഥകള്‍. ശൂര്‍പ്പണഖയുടേതല്ല, താടകയുടെ ശരീരം ഉറഞ്ഞതെന്നും ഈ കഥയ്ക്ക് പാഠഭേദം.

ലവകുശന്മാര്‍ എയ്ത അമ്പു കുത്തിയുണ്ടായ ഗുഹയാണിതെന്നു മറ്റൊരു കഥ. അതല്ല, ഇടയ്ക്കല്‍ ഭഗവതി ഒരു സര്‍പ്പത്തിന്റെ സഹായത്തോടെ പ്രദേശവാസികളെ ഉപദ്രവിച്ചിരുന്നെന്നും അപ്പോള്‍ നെല്ലാക്കോട്ട ഭഗവതി കുട്ടിച്ചാത്തനെ അയച്ച് ആ സര്‍പ്പത്തെ കൊന്ന് ജനങ്ങളെ രക്ഷിച്ച ഇടമാണെന്നും നാട്ടുകഥകള്‍. സര്‍പ്പനിഗ്രഹം നടത്തിയ കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്താന്‍ വയനാടന്‍ ചെട്ടിമാര്‍ അടുത്തകാലത്ത് വരെ മലമുകളിലെ ഭഗവതി ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു. പുരാതനമായൊരു ജൈനക്ഷേത്രമായിരിക്കാം ഈ ഭഗവതിക്ഷേത്രമെന്ന് എവിടെയോ വായിച്ചിരുന്നു.

സജിയോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. മലയിറങ്ങും മുമ്പ് അല്‍പ്പനേരം കൂടി അവിടെ നില്‍ക്കണമെന്ന് തോന്നി. വീണ്ടും മുകളിലേക്കു പോകുന്ന മറ്റൊരു വഴി കൂടി കണ്ടു. അമ്പുകുത്തിമലയുടെ അഗ്രത്തിലേക്കുള്ള കാട്ടുവഴിയാണ്. അങ്ങോട്ടു കയറരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുണ്ട്. അത്യന്തം അപകടകരമായതിനാലവണം നിരോധനം. എന്നിട്ടും സൂത്രത്തില്‍ ചിലര്‍ കയറിപ്പോകുന്നുണ്ട്. ഇവിടെവരെ കയറിയെത്തിയതിന്റെ സാഹസികതയെക്കുറിച്ച് ചിന്തിച്ചാല്‍ ഇനിയും മുകളിലേക്കു കയറാന്‍ പ്രായോഗികബുദ്ധിയുള്ള ഒരു മനുഷ്യന് കഴിയില്ല. അതിനാല്‍ ആ മോഹം ഉപേക്ഷിച്ച് കൈവരിയില്‍ പിടിച്ചങ്ങനെ അനന്തതയിലേക്ക് നോക്കിനിന്നു.

മഞ്ഞും മരതകപ്പച്ചയും ജലകണികകളുടെ തണുപ്പും ആത്മാവിലേക്ക് ഒഴുകിയെത്തി. അങ്ങുതാഴെയുള്ളത് മറ്റൊരു ലോകമാണെന്നും നമുക്കവരുമായി യാതൊരു ബന്ധവുമില്ലെന്നും തോന്നി. മുകളിലിരിക്കുന്ന ആ ആള്‍ക്ക് എല്ലാം കാണാന്‍ എന്തൊരു എളുപ്പമാണെന്ന് ആതിരയുടെ കണ്ടുപിടുത്തം. 'ഇതെന്റെ ഉച്ചക്കത്തെ കഞ്ഞിവിഷയമല്ലേ പറഞ്ഞായിറ്റുള്ളുവെന്ന്' കുലവന്‍ വീണ്ടും പതം പറഞ്ഞു. പണ്ട് കാസര്‍കോട് നിന്നും ആനവണ്ടി കയറി വന്നൊരു മനുഷ്യന്‍ പുഴയുടെ വഴി തടഞ്ഞ് അതികായനായി മടങ്ങിയ കഥകളുമായി അങ്ങകലെ ഒരണക്കെട്ട് കാത്തുകിടക്കുന്ന കാഴ്ച കണ്ടു.

കരുമനാട്ടുകാരന്റെ മണ്ണില്‍

എന്റെ എട്ടില്ലം കരുമനക്കാരേ... 

ഓണപ്പൂക്കള്‍ വിരിയുന്ന പാടങ്ങളും തേടി ഗുണ്ടല്‍പ്പേട്ടിലേക്കു കാറിലിരിക്കുമ്പോള്‍ കുലവന്റെ വിളി ഓര്‍ത്തു. കരുമനക്കാര്‍ എന്നാല്‍ കരുമനാട്ടുകാര്‍ അഥവാ കര്‍ണാടകക്കാരന്‍ എന്നര്‍ത്ഥം. വടക്കന്‍ കേരളത്തിലെ തീയ്യസമുദായക്കാര്‍ ഒരുകാലത്ത് കരുമനാട്ടുകാരായിരുന്നു എന്നുറപ്പ്. ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍ ഇപ്പോള്‍ ശൂന്യമായിരിക്കുമെന്ന് അറിയാം. എങ്കിലും വിയര്‍പ്പു വീണ് പൂക്കള്‍ തഴയ്ക്കുന്ന ആ മണ്ണൊന്നു കാണണം. ഒപ്പം ദേശീയപാത 212ല്‍ ബന്ദിപ്പൂര്‍ മുത്തങ്ങ കാടുകള്‍ക്കിടയിലൂടെ റോഡ് യാത്രയെന്ന ആഗ്രഹവും മൂന്നാംദിവസത്തെ ആ യാത്രക്കു പിന്നിലുണ്ടായിരുന്നു.

പൊന്‍കുഴി. ബന്ദിപ്പൂര്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ചെറിയ ഗ്രാമം. റോഡിന് ഇരുവശങ്ങളിലും രണ്ട് ക്ഷേത്രങ്ങള്‍ കണ്ടാണ് വണ്ടി നിര്‍ത്തിയത്. ശ്രീരാമ - സീതാദേവി ക്ഷേത്രങ്ങള്‍. ഇവിടവും ത്രേതായുഗത്തിന്റെ അവശേഷിപ്പുകളാല്‍ സമ്പന്നമാണ്.

രാമക്ഷേത്രത്തിന്റെ മുറ്റത്തേക്കു കയറി. ക്ഷേത്രത്തില്‍ ചെറിയ തിരക്കുണ്ട്. മൈസൂര്‍ - കോഴിക്കോട് റൂട്ടിലെ സഞ്ചാരികളില്‍ പലരും വന്നു പോകുന്നു. ശ്രീകോവിലിലേക്കു നോക്കി ഒരു പരിചയച്ചിരി ചിരിച്ചു. മുറ്റത്തിനപ്പുറം കടുംനീലനിറത്തില്‍ പൂത്തലുഞ്ഞു നില്‍ക്കുന്ന പേരറിയാത്ത ഒരു മരം. അതിനുമപ്പുറം വരണ്ടു തുടങ്ങിയ ഒരു പുഴ. പിന്നെ കരിഞ്ഞുണങ്ങിയ വനം. പുഴക്കടവില്‍ ബലി തര്‍പ്പണം നടത്തുന്ന ഒരു കുടുംബം. പുസ്തകം നോക്കി കന്നഡ കലര്‍ന്ന മലയാളത്തില്‍ പൂജാവിധികളും മന്ത്രങ്ങളും ചൊല്ലിക്കൊടുക്കുകയാണ് പൂജാരി.

തിരിച്ചിറങ്ങി റോഡ് മുറിച്ചു കടന്നു. അപ്പുറത്താണ് സീതാ ദേവി ക്ഷേത്രം. രാമനെയും സീതയെയും റോഡു കൊണ്ടു നമ്മള്‍ വീണ്ടും പിരിച്ചിരിക്കുന്നു. കൗതുകം തോന്നി. സീതയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പുരുഷ്വത്വത്തിന് ചെറിയ ഇളിഭ്യത തോന്നി. തൊഴുതു വലം തിരിഞ്ഞു. കുറച്ചപ്പുറം ഇല്ലിക്കാടുകള്‍ക്കും മരങ്ങള്‍ക്കും ഇടയില്‍ ചെറിയൊരു തടാകം. സീതയുടെ കണ്ണീരു വീണുണ്ടായതാണ്. സീതാക്കുളമെന്നും കണ്ണീര്‍ക്കുളമെന്നുമൊക്കെ വിളിപ്പേര്. കരയില്‍ പച്ചപ്പുല്ല് വളര്‍ന്നു നില്‍ക്കുന്നു. തെളിനീരിന് കണ്ണാടിത്തിളക്കം. വീണ്ടും റോഡു മുറിച്ച് വണ്ടിയുടെ അരികിലേക്ക് നടക്കുമ്പോള്‍ രാമന്റെ തൊട്ടരികില്‍ വാത്മീകി ക്ഷേത്രം കണ്ടു. അങ്ങനെ  ദേശീയപാത രത്‌നാകരനെ വീണ്ടും രാമപക്ഷക്കാരനാക്കിയിരിക്കുന്നു!

മുലേഹോളേ ചെക്ക് പോസ്റ്റും പിന്നിട്ട് കര്‍ണാടകയുടെ വനമേഖലയിലേക്കു കടന്നു. വനം നിബിഡമായിത്തുടങ്ങി. ആനയും കടുവകളുമുള്ള ബന്ദിപ്പൂര്‍ വനമേഖല. ആനകള്‍ വാഹനങ്ങളോട് കാണിക്കുന്ന പരാക്രമങ്ങളുടെ യൂട്യൂബ് വീഡിയോകള്‍ ഓര്‍മ്മയിലെത്തി. മുമ്പൊരിക്കല്‍ മൈസൂര്‍ യാത്രക്കിടെ കാറിനു മുന്നിലെത്തിയ കൊമ്പന്റെ കഥ മഞ്ജു ആന്റി പറഞ്ഞു. അന്ന് ആനയെ പ്രകോപിപ്പിച്ച ബൈക്ക് യാത്രികരായ യുവാക്കള്‍ നിമിഷങ്ങള്‍ക്കകം കടന്നുകളഞ്ഞതും തൊട്ടുപിന്നാലെയെത്തിയ തങ്ങളുടെ കാറിനു നേരെ ആന കുതിച്ചു വന്നതുമായ കഥകള്‍. അപ്പോള്‍ വണ്ടിയോടിച്ചിരുന്നത് ആന്‍റിയുടെ മകള്‍ അമൃതയായിരുന്നു. ഓടിയെത്തിയ ആന കാറിന്റെ തൊട്ടപ്പുറത്ത് വച്ച് കാട്ടിലേക്കിറങ്ങി പോകുകയായിരുന്നുവത്രെ. കൊമ്പന്‍ മരങ്ങള്‍ക്കിടയില്‍ മറയുന്നതു വരെ സ്റ്റിയറിംഗ് വീലിനു പിന്നില്‍ വിറങ്ങലിച്ചിരുന്ന അതേ ഭാവം അമൃതയുടെ മുഖത്ത് കണ്ടു. അതോടെ ഭയം തോന്നിത്തുടങ്ങി.

നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ്. എന്നാല്‍  തേഡ് ഗിയറിനപ്പുറം വാഹനങ്ങളെ പോകാന്‍ അനുവദിക്കാത്ത അത്രയും ഇടവിട്ട അകലങ്ങളില്‍ ഹംപുകള്‍. ചീറിപ്പായുന്ന വാഹനങ്ങള്‍ തട്ടി വന്യമൃഗങ്ങളുടെ ജീവന്‍പൊലിയാതിരിക്കാനുള്ള മുന്‍കരുതല്‍. കരുമനാട്ടുകാരന്റെ പ്രകൃതിസ്‌നേഹത്തിന്റെ സാക്ഷ്യപത്രങ്ങള്‍. അഭിമാനം തോന്നി. എന്നാല്‍ അതേസമയം തന്നെ ആനയോടിച്ചാല്‍ എങ്ങനെ വേഗത്തില്‍ വണ്ടിയോടിച്ച് രക്ഷപ്പെടുമെന്നുള്ള മലയാളിച്ചിന്ത പേടിപ്പിക്കുകയും ചെയ്തു.

ഇലപൊഴിച്ച് ഉണങ്ങിക്കരിഞ്ഞ് ഇപ്പോള്‍ നിലം പതിക്കുമെന്ന മട്ടില്‍ നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ പലപ്പോഴും ഉള്ളിലെ നൈരാശ്യത്തെ തൊട്ടുണര്‍ത്തി. ഇനിയൊരിക്കലും തളിര്‍ക്കില്ലെന്ന തോന്നല്‍ നൊമ്പരപ്പെടുത്തി. എന്നാല്‍ ഇടയ്ക്കിടെ കണ്ട മറ്റൊരു കാഴ്ച ആ ആത്മസംഘര്‍ഷങ്ങളെയാകെ കുടഞ്ഞെറിഞ്ഞു. ഒറ്റപ്പെട്ടു നില്‍ക്കുന്ന ചില മരങ്ങള്‍. അവയില്‍ നിറയെ ചുവന്ന ഇലകള്‍. അവ എന്തോ പ്രത്യേക ഇനമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പ്രകൃതിയിലെ എല്ലാ തളിരുകള്‍ക്കും ചുവന്ന നിറമായിരിക്കുമല്ലോ എന്ന് പെട്ടെന്നോര്‍ത്തു. ഉണങ്ങിപ്പോയെന്ന ഭാവത്തില്‍ നില്‍ക്കുന്ന മരങ്ങളുടെയൊക്കെ അകം പച്ചയാണെന്ന സത്യം തിരിച്ചറിഞ്ഞു. വനം പഠിപ്പിച്ച ലളിത പാഠം. ആ മരങ്ങളെല്ലാം തളിര്‍ത്തു ചുവക്കുന്ന, പിന്നെ ഹരിതാഭമാകുന്ന ഋതുവിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ് ശാന്തമായി.

ചെറിയ പുഴകളും മേടുകളും കയറിയിറങ്ങിയുള്ള ഓട്ടം. ഇടക്കെപ്പോഴോ മരങ്ങളും ചക്രവാളവും കൂടിച്ചേരുന്ന ഒരു മനോഹരദൃശ്യം കണ്ടു. കടലുകാണുമ്പോഴുള്ള അതേ അപാരത. ഇടയ്ക്കിടെ ധാരാളം മാനുകള്‍. ഒന്നു രണ്ടു തവണ കാടുകള്‍ക്കിടയില്‍ ആനകളെയും കണ്ടു. വാഹനങ്ങളെ ശ്രദ്ധിക്കാതെ അവയങ്ങനെ ഉടലുകുലുക്കി നടക്കുന്നു. വറ്റി വരണ്ടു കിടക്കുന്ന ജലാശയങ്ങള്‍. കത്തിക്കാളുന്ന വെയിലില്‍ ഈ മൃഗങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നത് എങ്ങനെയെന്നോര്‍ത്തു.

ബന്ദിപ്പൂര്‍ റിസര്‍വിന്റെ അതിര്‍ത്തിയും പിന്നിട്ട് കുറച്ചു ദൂരം കൂടി ഓടിയപ്പോള്‍ ഓണപ്പൂക്കള്‍ വിരിയുന്ന പാടങ്ങള്‍ വഴിയുടെ ഇരുവശത്തും കണ്ടു തുടങ്ങി. ഊഹിച്ച പോലെ എല്ലായിടവും ശൂന്യം. പക്ഷേ മണ്ണൊരുക്കുന്ന കര്‍ഷകരെ കണ്ടു. കത്തിക്കാളുന്ന കുംഭച്ചൂടില്‍ മലയാളിക്കു വേണ്ടി  ചിങ്ങപ്പൂക്കളൊരുക്കാനുള്ള തയ്യാറെടുപ്പിലാണവര്‍. മിക്ക പാടങ്ങളും ഉഴുതുമറിച്ചിട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ കാളപൂട്ടു നടക്കുന്നുണ്ട്. മലബാര്‍ എന്ന പേരില്‍ ഒരു ഹോട്ടല്‍ കണ്ടിടത്ത് വണ്ടി ചവിട്ടി. ചായയും പലഹാരവും കഴിച്ച് തൊട്ടപ്പുറം ഉഴുതുമറിച്ചിട്ട വയലിലേക്ക് ഇറങ്ങി. പൊള്ളുന്ന വെയില്‍. കാതോര്‍ത്തപ്പോള്‍ കേട്ടു കരുമനാട്ടുകാരന്റെ വിയര്‍പ്പു പൊട്ടുന്ന ഒച്ച. ഉണങ്ങിപ്പൊടിഞ്ഞ മണ്ണിനുള്ളില്‍ നിന്നും ഏതോ ചെടിയുടെ വിത്തു പൊട്ടുന്ന ഞെരുക്കങ്ങള്‍. ചുരമിറങ്ങാന്‍ വിധിക്കപ്പെട്ട തിരുവോണപ്പൂക്കളുടെ ഭ്രൂണ നിശ്വാസങ്ങള്‍.

കുറച്ചു കിലോമീറ്ററുകള്‍ കൂടിപ്പോയാല്‍ ഗുണ്ടല്‍പ്പേട് ടൗണെത്തും. ഗോപാല്‍പ്പേട്ടില്‍ പോയാല്‍ വീരപ്പന്റെ ഇഷ്ടക്ഷേത്രം കാണാം. പക്ഷേ അങ്ങോട്ടൊന്നും അപ്പോള്‍ പോകണമെന്ന് തോന്നിയില്ല. ഉണങ്ങിപ്പൊടിഞ്ഞ മണ്ണിന്റെ കാഴ്ചകള്‍ ധാരാളെമെന്നു തോന്നിയതിനാല്‍ വണ്ടി അവിടിട്ടു തിരിച്ചു. മടക്കയാത്രയില്‍ അമൃതയായിരുന്നു സ്റ്റിയറിംഗ് വീലിനു പിന്നില്‍. ഹംപുകള്‍ നിറഞ്ഞ വനവീഥി എത്തും മുമ്പ് ആര്‍ത്തിയോടെ അവള്‍ ചവിട്ടി വിടുന്നതു കണ്ടപ്പോള്‍ പേടി തോന്നി. വേഗത അല്‍പ്പമൊന്നു കുറയ്ക്കണമെന്നു പറഞ്ഞ് അവളില്‍ അവിശ്വാസവും രേഖപ്പെടുത്തി.

വണ്ടി വീണ്ടും വനത്തിനകത്തേക്കു കടന്നു. അങ്ങോട്ടു പോയതിനെക്കാള്‍ റോഡ് വിജനമാണെന്നു തോന്നി. വാഹനങ്ങളുടെ എണ്ണം പെട്ടെന്നു കുറഞ്ഞതു പോലെ. പിന്നാലെ ഹോണടിച്ചു വന്നൊരു കാര്‍ ഓവര്‍ടേക്ക് ചെയ്തു കയറിപ്പോയി. കുറച്ചു ദൂരം മുന്നിലെത്തിയ ശേഷം അവര്‍ വണ്ടി റോഡിലിട്ട് തിരിച്ചു വരുന്നതും കണ്ടു. നമ്മളെപ്പോലെ ചുമ്മാ ഡ്രൈവിനിറങ്ങിയ കര്‍ണാടകക്കാരായിരിക്കുമെന്ന് ആതിര. നമ്മളങ്ങോട്ടും അവരിങ്ങോട്ടും ഇങ്ങനെ വണ്ടിയോടിച്ചു കളിക്കുന്നു. വീണ്ടും ഒന്നുരണ്ടു കാറുകള്‍ ഓവര്‍ടേക്കു ചെയ്തു കടന്നുപോയി. ഈ വാഹനങ്ങളുടെ ബഹളവും ചില സഞ്ചാരികളുടെ കയ്യിലിരിപ്പുകളുമൊക്കെയാവണം സമീപകാലത്ത് ബന്ദിപ്പൂരിലെ മൃഗങ്ങളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍.

ഏകദേശം മൂലേഹോളെ എത്താറായിരിക്കണം. ചെറിയൊരു കുന്നും വളവുമാണ്. നേരത്തെ അപാരത കണ്ട ആ ഇടമാവണം. ഒരു കര്‍ണാടക ആര്‍ടിസി കുന്നിറങ്ങി പാഞ്ഞു വരുന്നതു കണ്ടു. അതു കടന്നുപോയതിനൊപ്പം വളവു തിരിഞ്ഞ കാര്‍ പിടിച്ചു നിര്‍ത്തിയ പോലെ നിന്നു. എന്താണെന്നറിയാന്‍ എത്തിനോക്കി. റോഡിന്റെ ഒത്തനടുവില്‍ ഒരു കൊമ്പന്‍. മുമ്പില്‍ പോയ ഒരു കാര്‍ സൈഡ് വെട്ടിച്ച് കുറ്റിക്കാടുകളെ ചതച്ചരച്ച് പാഞ്ഞു പോയി. ചീറിപ്പാഞ്ഞെത്തിയ ഒരു ബൈക്കുകാരന്‍ ബജാജ് ഡൊമിനറിന്റെ പരസ്യത്തിലെപ്പോലെ ക്ഷണനേരത്തിനുള്ളില്‍ ജീവനും കൊണ്ട് രക്ഷപ്പെടുന്നതു കണ്ടു.

കാടിറങ്ങി റോഡു മുറിച്ചു കടക്കാനൊരുങ്ങുകയാണ് ആനക്കൂട്ടം. അതിലൊന്നാണ് ദേഷ്യഭാവത്തില്‍ മുന്നോട്ടങ്ങനെ നടന്നു വരുന്നത്. അകലം ഏകദേശം നൂറു മീറ്ററില്‍ താഴെ മാത്രം. നെഞ്ചിടിക്കുന്നത് അറിഞ്ഞു. കൈവിറയ്ക്കുന്നതിനിടയിലും അമൃത ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതു കണ്ടു. എന്താണ് അവള്‍ ചെയ്യുന്നതെന്ന് തിരിച്ചറിയും മുമ്പേ വണ്ടി അവിടിട്ടവള്‍ തിരിച്ചു. വന്നവഴി തിരിച്ചു പാഞ്ഞു. ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരം പിന്നോട്ടോടിയ ശേഷം ശ്വാസമെടുത്തു.

വീണ്ടും പതിയെ തിരികെ വരുമ്പോഴേക്കും റോഡ് ബ്ലോക്കായിരുന്നു. ഏറ്റവും പിന്നില്‍ കിടക്കുന്ന കാറിന്റെ പിറകില്‍ ആശ്വാസപ്പെട്ടു കിടക്കുന്നതിനിടയില്‍ എത്തിനോക്കി. ഏറ്റവും മുമ്പിലുള്ള ചരക്കുലോറിയെ കടന്നുപോകാന്‍ അനുവദിക്കാതെ ബോഡിയില്‍ ഇടിച്ചും കുത്തിയും രസിക്കുകയാണ് കൊമ്പന്‍. അരമണിക്കൂറിലധികം അങ്ങനെ കിടന്നു. ഒടുവില്‍ വനപാലകര്‍ കൊമ്പന്റെ ശ്രദ്ധതിരിച്ച് കാട്ടിലേക്ക് ഇറക്കുന്നതും കണ്ടു. കുരുക്കഴിഞ്ഞു.

പൊന്‍കുഴിയും മുത്തങ്ങ ചെക്ക് പോസ്റ്റുമൊക്ക പിന്നിടുമ്പോഴേക്കും വനവും അപാരതയുംഓണപ്പൂക്കളുടെ വിയര്‍പ്പും തളിരിലകളുടെ ചുവപ്പും ആനച്ചൂരുമൊക്കെച്ചേര്‍ന്ന് ബന്ദിപ്പൂര്‍ യാത്ര ജീവിതത്തിലെ മറക്കാനാവാത്തൊരു ഓര്‍മ്മയായി.

കാരാപ്പുഴയിലെ കൊലപാതകം
അണക്കെട്ട് പണി നടന്നോണ്ടിരിക്കുന്ന കാലത്തായിരുന്നു ആ സംഭവം.. ഒരു ദിവസം പണിക്കാരിലാരൊക്കെയോ ചേര്‍ന്ന് കൊച്ചൂട്ടിയെ തല്ലി.. വെള്ളമടിച്ച് രാത്രിക്ക് തിരിച്ചെത്തിയ കൊച്ചൂട്ടി അവരിലൊരുത്തന്റ പള്ളയ്ക്ക് കത്തി കേറ്റി..' വെള്ളാനയെന്ന് പേരു കേട്ട കാരാപ്പുഴ അണക്കെട്ടിന്റെ നടപ്പാതയ്ക്ക് മുകളിലെ കെട്ടിലിരുന്ന് അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. പേരു ചോദിച്ചപ്പോള്‍ ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ച് അയാള്‍ ബീഡിപ്പുകയൂതി‍. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഗോപാലനെന്നിരിക്കട്ടെ എന്നു പറഞ്ഞു.

മണ്ണുകൊണ്ട് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ കാരാപ്പുഴയുടെ നിര്‍മ്മാണ കാലത്തെക്കുറിച്ചാണ് ഗോപാലേട്ടന്റെ പറച്ചില്‍. അങ്ങു വടക്കുള്ള ഒരാളായിരുന്നു കരാറുകാരന്‍. കോഴിക്കോടു നിന്നുള്ള ഒരു ആനവണ്ടീല് വന്നയാള്‍ കാക്കവയലിലിറങ്ങിയതൊക്കെ ഗോപാലേട്ടന് ഓര്‍മ്മയുണ്ട്.

അന്ന് ഈ പുഴ ദാ അതിലെ ഇങ്ങനെയായിരുന്നു ഒഴുകിക്കൊണ്ടിരുന്നത്. അയാള്‍ വിരല്‍ചൂണ്ടി പണ്ട് പുഴയൊഴുകിയ വഴി കാണിച്ചു തന്നു. അന്ന് അവിടെ മുഴുവന്‍ പുഞ്ചക്കണ്ടമായിരുന്നു. വെള്ളം കെട്ടിക്കിടക്കുന്ന ഇടത്തേക്ക് വിരല്‍നീണ്ടു. അക്കാണുന്നതൊക്കെ കുന്നായിരുന്നു. ഇക്കാണുന്നതൊക്കെ മലയായിരുന്നു. അവിടൊക്കെ കാലികള്‍ മേഞ്ഞുനടന്നിരുന്നു. ഉയര്‍ന്ന തുരുത്തുകളിലേക്കും വിരല്‍ നീണ്ടു.

അയാളുടെ കൈവിരലുകള്‍ക്കൊപ്പം കാരാപ്പുഴ വാര്‍ത്തകള്‍ ഓര്‍മ്മകളിലേക്ക് ഒഴുകി. 1978 ലാണ് കാരാപ്പുഴ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. പദ്ധതിയ്ക്കായി രണ്ടായിരത്തോളം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. നിര്‍മാണച്ചെലവായി ഏഴരക്കോടി രൂപയായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ മൂന്നര പതിറ്റാണ്ട് കൊണ്ട് ഇത് 287 കോടി രൂപയായി വളര്‍ന്നുവെന്നതാണ് രസകരം.

അണക്കെട്ട് നിര്‍മ്മാണകാലം നാട്ടുകാര്‍ക്കും നല്ലകാലമായിരുന്നുവെന്ന് ഗോപാലേട്ടന്‍. നിറയെ പണിക്കാരും മറ്റുമായി ആകെ ബഹളം. പല കച്ചവടങ്ങളും പൊടിപൊടിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതൊരു കൊയ്ത്തുകാലമായിരുന്നുവെന്ന നിശ്വാസത്തോടെ അയാളൊന്നു ചിരിച്ചു. പിന്നെ, ആനവണ്ടിയില്‍ വന്നോന്‍ കാശുംവാരിപ്പോയി എന്നോ മറ്റോ ഒരു മൂളിപ്പാട്ടും പാടി പെട്ടെന്നെഴുന്നേറ്റ് ഒറ്റ നടപ്പങ്ങു നടന്നു.

അയാള്‍ അവശേഷിപ്പിച്ചു പോയ ശൂന്യതയില്‍ നിന്നും ഞാനും എഴുന്നേറ്റു. പിന്നെ ഡാമിനു മുകളിലൂടെ അക്കരയ്ക്ക് നടന്നു. പോക്കുവെയിലില്‍ തിളങ്ങി അതിസുന്ദരിയായി ഡാം കിടക്കുന്നു. കുന്നുകളും താഴ്വരകളും ചുറ്റുമുള്ള മലനിരകളുമൊക്കെച്ചേര്‍ന്ന് ഒരു ചിത്രകഥയുടെ നടുവിലൂടെ നടക്കുന്നതു പോലെ തോന്നി. തണുത്ത കാറ്റ് ഇടയ്ക്കിടെ ചിന്തകളെ എടുത്തുയര്‍ത്തി.

ഡാമിന്‍റെ ഷട്ടറുകള്‍ക്ക് സമീപം എത്തുന്നതിനു തൊട്ടുമുമ്പ് നടവഴി കയറുകെട്ടി ബ്ലോക്ക് ചെയ്തിരിക്കുന്നു. ഇടതുവശത്ത് സ്പില്‍വേയുടെ അരികലൂടെ താഴേക്ക് നിരവധി പടവുകളോടു കൂടിയ ഒരു നടപ്പാത. കനാലിനു സമീപത്തേക്കുള്ള വഴിയാണ്. അവിടങ്ങളിലൊക്കെ വിവാഹ സംഘങ്ങളുടെയും മറ്റും ഫോട്ടോ ഷൂട്ട് നടക്കുകയാണ്.

വലിച്ചുകെട്ടിയ കയറിനു അപ്പുറത്തു വച്ചാണ് വിജയേട്ടനെ പരിചയപ്പെടുന്നത്. ഡാമിന്‍റെ സുരക്ഷാ ജീവനക്കാരിലൊരാണ് പൊന്‍കുഴിക്കാരനായ ആ മുന്‍സൈനികന്‍. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഇങ്ങോട്ടെന്ന് വിജയേട്ടന്‍ പറയുന്നു. ഗാര്‍ഡന്‍ ഉള്‍പ്പെടെ അണക്കെട്ടിന്‍റെ സൌന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേക്ക് അധികൃതര്‍ തിരിഞ്ഞതോടെ വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന സ്പോട്ടായി കാരാപ്പുഴ മാറിയിരിക്കുന്നു. പക്ഷിനിരീക്ഷകരും പ്രകൃതി സ്നേഹികളും ഫോട്ടാഗ്രാഫി കമ്പക്കാരുമൊക്കെയായി ദിവസവും ഒരു പട തന്നെ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.

ജലസേചനത്തിന് അണക്കെട്ട് ഉപയോഗിക്കാറില്ലേ എന്ന ചോദ്യത്തിന് അത്യാവശ്യ സമയങ്ങളില്‍ എന്നായിരുന്നു മറുപടി. അപ്പോള്‍ അയാളുടെ മുഖത്ത് നേരത്തെ ഗോപാലട്ടന്‍റെ മുഖത്തുണ്ടായിരുന്ന അതേ ചിരിയുണ്ടെന്നു തോന്നി. ഇവിടം ഇപ്പോള്‍ ഒരു ആത്മഹത്യാ മുനമ്പാണെന്നു കൂടി വിജയേട്ടന്‍ പറഞ്ഞു. ആഴ്ചകള്‍ക്കു മുമ്പ് തന്‍റെ കണ്‍മുന്നില്‍ വച്ചൊരു മനുഷ്യന്‍ ചാടിയ സംഭവം വിവരിച്ച് അയാള്‍ താഴ്ചകളിലേക്ക് വിരല്‍ ചൂണ്ടി.

അന്ന്, ആദ്യ വയനാടന്‍ യാത്രയുടെ ആ അവസാന രാത്രിയിലെ ഉറക്കത്തില്‍ കുലവനെ സ്വപ്നം കണ്ടില്ല. പകരം വെള്ളത്തിനടിയിലെ പുഞ്ചക്കണ്ടം കണ്ടു.  ഉയര്‍ന്നു പൊങ്ങുന്ന നീര്‍കുമിളകളെ കണ്ടു. ആ കുമിളകളങ്ങനെ വിരിഞ്ഞു പൊട്ടുന്നതിനിടയില്‍ ഉറക്കം മുറിച്ച് മൊബൈല്‍ റിംഗ് ചെയ്തു. കുലവനെപ്പറ്റി അന്വേഷിക്കാനേല്‍പ്പിച്ച മാധ്യമസുഹൃത്തുക്കളിലൊരാളാണ്. അന്വേഷിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെന്നു പറയാനായിരുന്നു ആ വിളി. വയനാടിന് സ്വന്തമായി തെയ്യങ്ങളില്ലെന്നയാള്‍ ഉറപ്പിച്ചു പറഞ്ഞു. ഉള്ളതൊക്കെയും വടക്കു നിന്നും കുടിയേറിയവര്‍ കെട്ടിയാടിക്കുന്ന ചിലതുമാത്രം. കുലവന്‍ വന്നിറങ്ങിയത് ഇന്നത്തെ കണ്ണൂര്‍ ജില്ലയുടെ തെക്കന്‍ അതിര്‍ത്തിയില്‍ എവിടെയെങ്കിലും ആകാം. പണ്ട് അതിരുകളില്ലാതെ മനുഷ്യന്‍ ജീവിച്ച കാലത്ത് വയനാട്ടു കുലവനെന്ന് പേരു വീണതാകാം. ഉറക്കം വീണ്ടും വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. അതിരുകളില്ലാത്ത ഒരു കാലം സ്വപ്നത്തിനു പോലും അന്യമാണെന്നു തോന്നി.

ചുരമിറക്കം
സമയം നട്ടുച്ച. ത്രിപുരയില്‍ വോട്ടെണ്ണിത്തീരാറായിരിക്കുന്നു. ഉറുമ്പിന്‍റെ മരണം തവളയുടെ മരണത്തിനു വഴിമാറുമെന്ന വാര്‍ത്താ ലോജിക്കു പോലെ ചുരമിറങ്ങുമ്പോള്‍ ജനിച്ച മധു എന്ന മനുഷ്യന്‍ ചുരമിറങ്ങുമ്പോഴേക്കും മരിച്ചിരുന്നു. പൊതുബോധം അയാളെ അനായാസം മറന്നിരുന്നു. ആദിവാസികളുടേതെന്ന് ഖ്യാതി കേട്ട മണ്ണിലെത്തിയിട്ട് അവരെക്കാണാനായത് അപൂര്‍വ്വമാണല്ലോ എന്നും ചിന്തിച്ച് മൈസൂര്‍ കോഴിക്കോട് സൂപ്പര്‍ഫാസ്റ്റിന്‍റെ പിന്‍സീറ്റിലിരുന്നു.

കരിന്തണ്ടനെ കടന്നു. അല്‍പ്പം കൂടി കഴിഞ്ഞാല്‍ ചുരമിറങ്ങും. എന്തോ ഒരു പേടി തോന്നി. കമ്പിയില്‍ മുറുകെപ്പിടിച്ചതു കണ്ടിട്ടാവണം അടുത്തിരുന്ന ചെറുപ്പക്കാരന്‍ സ്നേഹമുള്ളൊരു ചിരിചിരിച്ചു. അയാളുടെ പേര് ജിതേഷ് (പേര് സാങ്കല്‍പ്പികം). താമരശേരിക്കാരന്‍. കോഴിക്കോട് സിവില്‍ എഞ്ചിനീയര്‍. മൈസൂരില്‍ ഒരു സുഹൃത്തിനെക്കാണാന്‍ പോയതാണ്. അയാളുടെ സംസാരം നീണ്ടു. ബ്രിട്ടീഷ് അധിനിവേശം, ചുരത്തിന്‍റെ ചരിത്രം, നിലവിലെ ഗതാഗതക്കുരുക്കുകള്‍, ചുരം സംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ കേട്ടതും കേള്‍ക്കാത്തുമായ ചുരംകഥകളെക്കുറിച്ചൊക്കെ അയാള്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കൈകളാല്‍ കൊല്ലപ്പെട്ട തന്‍റെ ഒരു പൂര്‍വ്വികനെപ്പറ്റി പറഞ്ഞപ്പോള്‍ അയാളുടെ ശബ്ദം വിറച്ചു. അമ്മയുടെ മുത്തച്ഛനോ മറ്റോ ആണ്. അദ്ദേഹത്തെ അവര്‍ വെട്ടിയരിഞ്ഞു കിണറ്റില്‍ തള്ളിയ കഥകള്‍ കേട്ടാണ് അയാള്‍ വളര്‍ന്നത്.

അയാളെ കേള്‍ക്കുന്നതിനിടെ ശ്വാസമടക്കിപ്പിടിച്ച് ഒമ്പതാമത്തെ വളവ് ഇറങ്ങി. കഴിഞ്ഞപ്പോള്‍ മുകളിലേക്ക് നോക്കി. ഇറങ്ങി വന്ന റോഡും ഒരു കൂട്ടം വാഹനങ്ങളും തലയ്ക്ക് മുകളില്‍ നില്‍ക്കുന്നു.

അടുത്തകാലത്ത് ദാ അവിടെ നിന്നും ഒരു ലോറി താഴേക്ക് മറിഞ്ഞിരുന്നു..

മുകളിലേക്കു ചൂണ്ടി ജിതേഷ് ചിരിച്ചു കൊണ്ടു പറഞ്ഞു. ഇലക്ട്രിക്ക് സാധനങ്ങളായിരുന്നു വണ്ടി നിറയെ. കൈവരികളും തകര്‍ത്തിങ്ങു പോന്നു. ചിതറിത്തെറിച്ച് മൂന്നാല് കഷ്ണമായിപ്പോയി. ഫ്രണ്ട് ക്യാബിന്‍ ദാ ആ മരത്തില്‍ തട്ടി നിന്നതുകൊണ്ട് ഇങ്ങ് റോഡിലെത്തിയില്ല. അകത്തുള്ളവരൊക്കെ സ്പോട്ടില്‍ തീര്‍ന്നു. കുറേ സാധനങ്ങളൊക്കെ നാട്ടുകാര്‍ വാരിക്കൊണ്ടു പോയെന്നാണ് കേള്‍വി. അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. കല്ലുകളില്‍ തട്ടിയലച്ച് തലകീഴായി മറിഞ്ഞുരുണ്ടു വരുന്ന ഒരു ലോറിയുടെ ചിത്രം ചിന്തകളെ പേടിപ്പിച്ചു. വളവുകള്‍ എണ്ണിയെണ്ണി ഇറങ്ങുന്നതിനിടയില്‍ ബസ് പെട്ടെന്ന് നിന്നു.

നശിച്ച ബ്ലോക്ക് തുടങ്ങി.. ജിതേഷ് പിറുപിറുത്തു

ബസിലെ ഉരുകുന്ന ചൂടിനിടയിലൂടെ പുറത്തേക്ക് നോക്കി. പാറ പിളര്‍ന്നുണ്ടാക്കിയ കൂറ്റന്‍ ഭിത്തിയാണ് ഒരു വശത്ത്. മറുവശം ഗര്‍ത്തവും. മണ്‍ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന കാട്ടുവള്ളികള്‍. മുകളില്‍ ഉണങ്ങി നില്‍ക്കുന്ന കാട്ടുമരങ്ങള്‍. ചെടികള്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പാറ പൊട്ടിച്ചതിന്‍റെ അടയാളങ്ങള്‍ ആ ഭിത്തികളില്‍ ഇപ്പോഴും കാണാം. ഇലകള്‍ക്കിടയിലുള്ള ആ അടയാളങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ള ജിതേഷിന്‍റെ ചോദ്യം ഞെട്ടിച്ചുകളഞ്ഞു.

ഈ ബ്രീട്ടിഷുകാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ..?! ഈ റോഡൊക്കെ എങ്ങനെ ഉണ്ടാകുമായിരുന്നു..?! അവരെ സമ്മതിക്കണം.. അല്ലേ ?

മറുപടിയൊന്നും പറഞ്ഞില്ല. പതിയെ മൊബൈലിലേക്കു മുഖംപൂഴ്ത്തി. ത്രിപുരയിലെ അവസാന റൗണ്ട് ഫലവും വന്നു കഴിഞ്ഞിരുന്നു.

Wayanad Travelogue By Snchari

 

ഈ പംക്തിയിലെ മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

പണ്ടിവിടൊരു പുലയരാജാവുണ്ടായിരുന്നു

"അങ്ങനെ ഭൂമിയെല്ലാം താഴെയായി, ‌ഞങ്ങയെല്ലാം മേലെയും"- പാലക്കയം തട്ടിന്‍റെ കഥ

പൊസഡിഗുംപെയില്‍ പെയ്യുന്നത് മഞ്ഞു മാത്രമല്ല!

സുമതിവളവിന്‍റെ കഥ

ഒരുഭഗവദ്ഗീതയുടെ കഥ;കുറേ മലകളുടേയും ഒരു ഭൂതത്താന്‍റെയും കഥ!

പുഴകയറി വന്ന പോതി!

ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നു കയറാറുണ്ട്

അദാനിയുടെ രാജ്യം

ഈ സ്ഥലം പൊന്നാകുന്നത് പേരു കൊണ്ടു മാത്രമല്ല!

ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: "ഇതാ നിങ്ങളുടെ ദൈവം..!"

Latest Videos
Follow Us:
Download App:
  • android
  • ios