അയാള്‍, ആ തോക്കിന്റെ ട്രിഗര്‍ വലിച്ചിരുന്നെങ്കില്‍..?

ഞങ്ങള്‍ വണ്ടിയില്‍നിന്നും ഇറങ്ങി. അവര്‍ക്ക് ഞങ്ങളെ സംശയമുണ്ടത്രേ. ബാഗുകള്‍ തുറന്ന്, വസ്ത്രങ്ങള്‍ ആ റോഡില്‍ വലിച്ചിട്ട് അവര്‍ പരിശോധിച്ചു. എന്നിട്ടും അവര്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു.

travelogue-to-Kolkata-by-james-kottarappally

''നിങ്ങള്‍ തീവ്രവാദികളല്ലേ. നിന്നെയൊക്കെ വെടിവച്ചു കൊന്നാലും ആരും ചോദിക്കാന്‍ വരില്ല.''
തോക്ക് ചൂണ്ടി ആ പോലീസുകാരന്‍ ഞങ്ങളോട് അലറി. വാരണാസിയില്‍നിന്നും എഴുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി, 15 മണിക്കൂര്‍ നീണ്ട റൈഡിനൊടുവില്‍ പനിപിടിച്ച് അവശരായ ഞങ്ങള്‍ നില്‍ക്കുന്നത് കൊല്‍ക്കത്തയില്‍ അയാളുടെ തോക്കിന്‍ മുനയിലാണ്.

2013 ഫെബ്രുവരി അവസാനമായിരുന്നു ആ യാത്ര. വാരണാസിയില്‍ എത്തുന്നതിനു മുമ്പ് അപ്രതീക്ഷിതമായി പെയ്ത മഴനനഞ്ഞ്, തണുപ്പേറ്റതിനാല്‍ പനിപിടിക്കുമോ എന്ന ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു(കൂടെയുള്ളത് സുഹൃത്ത് പ്രവീണ്‍). ഒടുവില്‍, ഏതാനും ദിവസം കൊല്‍ക്കത്തയില്‍ വിശ്രമിച്ചശേഷം യാത്ര തുടരാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തുകയായിരുന്നു. വാരണാസിയില്‍നിന്നും യാത്ര നേരത്തേ തുടങ്ങണമെന്ന് പ്ലാന്‍ ചെയ്‌തെങ്കിലും ആരംഭിച്ചപ്പോള്‍ 10 മണി കഴിഞ്ഞു.
റൈഡ് തുടങ്ങി ഏറെനേരം കഴിയും മുമ്പുതന്നെ ശരീരമാകെ കുളിരായിത്തുതുടങ്ങി. ധരിച്ചിരുന്ന ജാക്കറ്റിനൊന്നും ആ തണുപ്പിനെ പ്രതിരോധിക്കാനായില്ല. തെളിഞ്ഞ ആകാശത്തെ സൂര്യനും ഫലം ചെയ്യുന്നില്ല.

travelogue-to-Kolkata-by-james-kottarappallyചരക്ക് ലോറികളെ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ അവ തള്ളുന്ന പുകയുടെ ചൂട് ശരീരത്തില്‍ ഏല്‍ക്കുന്നതായിരുന്നു ഏക ആശ്വാസം. അതും ഒരു നിമഷം മാത്രം ലഭിക്കുന്ന ചെറിയൊരു ചൂട്. വിശാലമായ കൃഷിയിടങ്ങളും കരിമ്പ് പാടങ്ങളും അതിവിജനമായ പ്രദേശങ്ങളും കടന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്് എന്നീ സംസ്ഥാനങ്ങള്‍ കടന്നുവേണം പശ്ചിമബംഗാളിലെത്താന്‍. സമയം രാത്രിയായി, ശരീരം ക്ഷീണിച്ച്, കണ്ണുകള്‍ വേദനിച്ചു തുടങ്ങി. റൈഡ് അവസാനിപ്പിച്ച് എവിടെയെങ്കിലും തങ്ങിയാലോ എന്ന് ഇടയ്ക്ക് ആലോചിച്ചു. എന്നാല്‍, മനസ് അനുവദിച്ചില്ല. കാരണം, രാഷ്ട്രീയവും സാഹിത്യവും സിനിമയുമൊക്കെയായി ബംഗാള്‍ കേരളത്തില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്നു.

travelogue-to-Kolkata-by-james-kottarappallyഅതിനാല്‍, ബംഗാളിനോട് ഒരു പരിചിതത്വമുണ്ട്. അസുഖം വരുമ്പോള്‍ വീട്ടിലെത്താനല്ലേ ശ്രമിക്കുക. അതുപോലെ, മറുനാട്ടിലെ വീടായി ബംഗാള്‍ ഞങ്ങള്‍ക്ക് തോന്നി. ഝാര്‍ഖണ്ഡ് അതിര്‍ത്തി കടന്ന് പശ്ചിമ ബംഗാളില്‍ എത്തിയപ്പോള്‍ അറിയാവുന്ന ഒരിടത്ത് എത്തിയ അനുഭവമായിരുന്നു. കൊല്‍ക്കത്തയിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. സമയം രാത്രി 10 മണി കഴിഞ്ഞു. ഹൈവേയില്‍ ചെറുവാഹനങ്ങള്‍ ഒന്നുമില്ല. കൊല്‍ക്കത്തയിലേക്ക് കുതിക്കുന്ന ചരക്ക് ലോറികള്‍ മാത്രം. അവയ്ക്കിടയിലൂടെ ഒരു ചെറുമീനിനെ പോലെ ഞങ്ങളുമായി ബുള്ളറ്റ് ഊളയിട്ട് മുന്നോട്ട് നീങ്ങി.

travelogue-to-Kolkata-by-james-kottarappallyനഗരത്തിലേക്ക് പ്രവേശിക്കുന്ന ലോറികള്‍ തടഞ്ഞ് കൈ നീട്ടി കാശ് വാങ്ങുന്ന പോലീസുകാരെയും കടന്ന് ഞങ്ങള്‍ കൊല്‍ക്കത്തിയില്‍ എത്തിയപ്പോള്‍ സമയം രാത്രി 1 മണി. പനി ഞങ്ങളെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ഇനി എവിടെയെങ്കിലും കിടന്നുറങ്ങണം. അത്രമാത്രം തളര്‍ന്നുപോയി. എവിടെയാണ് താമസിക്കാന്‍ റൂം ലഭിക്കുക. റൂംസ് അവെയ്‌ലബിള്‍ എന്ന ബോര്‍ഡ് തിരഞ്ഞ് ആ മഹാനഗരത്തിലെ റോഡുകളിലൂടെ ഞങ്ങള്‍ വണ്ടിയോടിച്ച് ചെന്നെത്തിയത് പോലീസ് ചെക്ക് പോസ്റ്റിന്റെ മുന്നിലും. രാത്രിയോടുന്ന ബസുകള്‍ ഈ ചെക്ക് പോസ്റ്റില്‍നിര്‍ത്തി പോലീസുകാര്‍ക്ക് കാശ് നല്‍കിപോകുന്ന കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്.


ഒരു എസ്‌ഐയും രണ്ട് പോലീസുകാരുമാണ് അവിടെയുള്ളത്. പോലീസുകാര്‍ തോക്ക് കൈയിലേന്തിയിട്ടുണ്ട്. പോലീസുകാര്‍ വണ്ടി തടഞ്ഞുനിര്‍ത്തി ചോദിച്ചു- ''എവിടെ പോകുന്നു?''
''കൊല്‍ക്കത്തയില്‍''
''ഇതാണ് കൊല്‍ക്കത്ത.'' അവര്‍ പറഞ്ഞു.


''റൂം അന്വേഷിക്കുകയാണ്'' ഞങ്ങള്‍ മറുപടി നല്‍കി.
''രണ്ടായിരം രൂപയെടുക്ക്'' അവര്‍ ആവശ്യപ്പെട്ടു.
''എന്തിനാണ് സാര്‍?''
''ഫൈനാണ്''
''അതെന്തിന്?''
''ഈ സമയത്ത് ഇതുവഴി പോകാന്‍ പാടില്ല.''
''ഞങ്ങളുടെ കൈയില്‍ പണമില്ല.''
''എങ്കില്‍ വണ്ടിയില്‍നിന്ന് ഇറങ്ങ്.''
ഞങ്ങള്‍ വണ്ടിയില്‍നിന്നും ഇറങ്ങി. അവര്‍ക്ക് ഞങ്ങളെ സംശയമുണ്ടത്രേ. ബാഗുകള്‍ തുറന്ന്, വസ്ത്രങ്ങള്‍ ആ റോഡില്‍ വലിച്ചിട്ട് അവര്‍ പരിശോധിച്ചു. എന്നിട്ടും അവര്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു.
''രണ്ടായിരം രൂപ തരണം. ഇല്ലെങ്കില്‍ പോലീസ്‌റ്റേഷനിലേക്ക് കൊണ്ടുപോകും.''

travelogue-to-Kolkata-by-james-kottarappallyഭയപ്പെടുത്തി കാശ് വാങ്ങാനുള്ള ശ്രമമാണ്. ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും പണമില്ലെന്നും പറഞ്ഞിട്ടും അവര്‍ ചെവികൊള്ളുന്നില്ല. വീണ്ടും വീണ്ടും അവര്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണ്. രേഖകള്‍ പല ആവര്‍ത്തി പരിശോധിക്കുന്നു. ഒന്നര മണിക്കൂറിലേറെ കഴിഞ്ഞിട്ടും പരസ്പരം ആരും വഴങ്ങുന്നില്ല. ഒടുവില്‍ ക്ഷമനശിച്ച പോലീസുകാരന്‍ ദേഷ്യപ്പെട്ട് ഞങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടി.

''തീവ്രവാദികളല്ലെങ്കില്‍. നിങ്ങള്‍ എന്തിന് രാത്രിയില്‍ ഈ വഴി വന്നു. നിങ്ങളെ ഞാന്‍ വെടിവച്ച് കൊല്ലും. എന്നിട്ട് എന്‍കൗണ്ടറില്‍ കൊന്നെന്ന് പറയും.''
അയാളുടെ വിരലുകള്‍ തോക്കിന്റെ ട്രിഗറിലേക്ക് നീങ്ങുകയാണോ? കളി കാര്യമാവുകയാണെന്ന് അയാളുടെ സഹപ്രവര്‍ത്തകര്‍ക്ക് മനസിലായി. അവര്‍ അയാളെ പിടിച്ചു മാറ്റി.
''സാര്‍, വണ്ടി കൊണ്ടുവരാന്‍ പറ. ഇവരെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യാം.'' അയാള്‍ ഉച്ചത്തില്‍ മേലുദ്യോഗസ്ഥനോട് പറഞ്ഞു.

travelogue-to-Kolkata-by-james-kottarappallyപനിയും ദീര്‍ഘനേരത്തെ റൈഡിന്റെ ക്ഷീണവും പോലീസുമായുള്ള വാഗ്‌വാദവുമൊക്കെ ഞങ്ങളെ ശാരീരികമായും മാനസികമായും പൂര്‍ണമായും തളര്‍ത്തിയിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലുമുള്ള ശേഷി ഞങ്ങളിലില്ല. വേണമെങ്കില്‍ ആ റോഡില്‍ കിടന്നുറങ്ങാം എന്ന അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിയിരുന്നു.
''എങ്കില്‍ ശരി നമ്മുക്ക് സ്‌റ്റേഷനിലേക്ക് പോകാം.'' ഞങ്ങള്‍ പറഞ്ഞു. സ്‌റ്റേഷനില്‍ കിടന്നുറങ്ങാമല്ലോ എന്നാണ് ഞങ്ങള്‍ കരുതിയത്.
മറുപടി കേട്ടപ്പോള്‍ പണം നല്‍കാന്‍ ഞങ്ങള്‍ തയാറല്ലെന്ന് അവര്‍ക്ക് മനസിലായി. സമയം പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞു. പനിയുടെ തളര്‍ച്ചയും ഉറക്കവും ഞങ്ങളെ ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങി.

''സാര്‍, ഞങ്ങളെ എന്താണ് സ്റ്റേഷനില്‍ കൊണ്ടുപോകാത്തത്?''
എസ്‌ഐയോടായി ഞങ്ങളുടെ ചോദ്യം. അയാള്‍ മറുപടി പറയാതെ, മാറിനിന്ന് തന്റെ സഹപ്രവര്‍ത്തകരുമായി എന്തൊക്കെയോ സംസാരിച്ചു. അദ്ദേഹം തിരിച്ചുവന്നു ഞങ്ങളോട് പറഞ്ഞു.
''നിങ്ങള്‍ പൊക്കോളൂ.''

ബംഗാളിന്റെ ആശ്വാസം തേടിയെത്തിയ ഞങ്ങള്‍ക്ക് എന്തൊരു ഭീകരാനുഭവമായിരുന്നു ആ മഹാനഗരം നല്‍കിയത്. എന്നാല്‍, ആ നിമിഷം അതൊന്നും ഓര്‍ക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു ഞങ്ങള്‍. റോഡില്‍ വലിച്ചുവാരിയിട്ടവയെല്ലാം ഞങ്ങള്‍ വീണ്ടും ബാഗിലാക്കി യാത്ര തുടങ്ങി. എവിടെയെങ്കിലും കിടന്നുറങ്ങണം. അത് ഹോട്ടല്‍ റൂമിലെങ്കില്‍ അങ്ങിനെ. അല്ലെങ്കില്‍ ഏതെങ്കിലും കടത്തിണയില്‍; ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

Latest Videos
Follow Us:
Download App:
  • android
  • ios