പഞ്ചറുകടയുടെ മറവിലെ 'രഹസ്യ'വ്യാപാരം!

ഇയാള്‍ക്ക് ബുള്ളറ്റിന്റെ ടയര്‍ അഴിക്കാന്‍ അറിയാമോ? മനസില്‍ വീണ്ടും സംശയമുയര്‍ന്നു. ഇങ്ങനെയൊരു ചിന്ത മനസിലുള്ളതിനാല്‍ അയാളുടെ പ്രവൃത്തികളെ നിരീക്ഷിക്കാന്‍ തുടങ്ങി

Travelogue to Himachal Predesh

ജീവിതത്തിലെപോലെ യാത്രയിലും അപ്രതീക്ഷിത അനുഭവങ്ങളാവും നമ്മളെ കാത്തിരിക്കുക. കണ്‍മുന്നില്‍ കാണുന്നതുപോലും ഒരുപക്ഷേ, യാഥാര്‍ഥ്യമാകണമെന്നില്ല. അപ്പോഴെല്ലാം അവയെ വിശ്വസിച്ചോ അവിശ്വസിച്ചോ നമ്മുക്ക് മുന്നോട്ട് നീങ്ങാം. അറിയാത്ത വഴികളിലൂടെയും നാടുകളിലൂടെയും പോകുമ്പോള്‍ കണ്ടുമുട്ടുന്ന ആളുകളെ എങ്ങിനെ വിശ്വസിക്കുന്നു എന്നത് പ്രധാനമാണ്. ചിലപ്പോള്‍ മനസ് മന്ത്രിക്കും വിശ്വസിക്കരുത്. മറ്റുചിലപ്പോള്‍ മനസില്‍ വിശ്വാസം തോന്നാം. യുക്തിയേക്കാള്‍ ഉപരി അനുഭവങ്ങളില്‍നിന്നു നേടിയെടുക്കുന്ന ചില ബോധ്യങ്ങളും തോന്നലുകളുമാണ് ഇത്തരം വിശ്വാസങ്ങളെ നയിക്കുന്നത്. ചിലപ്പോള്‍ അവ ശരിയാവാം. മറ്റുചിലപ്പോള്‍ അവ അബദ്ധവുമാവാം. എങ്കിലും ഇവയൊക്കെയാണ് ഓരോ യാത്രയേയും അനുഭവപൂര്‍ണമാക്കുന്നത്. ഈ അനുഭവങ്ങള്‍ ചിലപ്പോള്‍ ചിരിക്കാന്‍ ഓര്‍മയില്‍ സൂക്ഷിച്ചുവയ്ക്കാവുന്നവയുമാകാം.

Travelogue to Himachal Predesh

ഇങ്ങനെയൊരു യാത്രാനുഭവമായിരുന്നു മണാലിയില്‍നിന്ന് ഷിംലയിലേക്കുള്ള വഴിയില്‍ കാത്തിരുന്നത്. ഹിമാലയത്തില്‍ തണുപ്പ് ഏറിതുടങ്ങിയ 2014-ലെ നവംബറിലായിരുന്നു ആ യാത്ര. ലേയില്‍നിന്ന് കെയ്‌ലോംഗിലേക്ക് മൈനസ് ഡിഗ്രിയില്‍ തുടര്‍ച്ചയായി റൈഡ് ചെയ്യേണ്ടിവന്നതിനാല്‍, കൈകള്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടായി. വലത്ത് കൈയുടെ ശേഷിയെ ആ യാത്ര ബാധിച്ചിരുന്നു. ബാഗ് എടുത്ത് ഉയര്‍ത്താന്‍ പോലും വലത്ത് കൈക്കാവുമായിരുന്നില്ല. വീണ്ടും തണുപ്പിലൂടെ റൈഡ് ചെയ്താല്‍ അത് കൂടുതല്‍ പ്രയാസമാകുമെന്നതിനാല്‍ ഇരുട്ടുന്നതിന് മുമ്പ് ഷിംലയില്‍ എത്താനായിരുന്നു ശ്രമം. അതിനാല്‍, രാവിലെ തന്നെ മണാലിയില്‍നിന്നും യാത്ര തുടങ്ങി. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തിയൊഴുകുന്ന നദികള്‍ അതിരിട്ട റോഡുകളിലൂടെയായിരുന്നു യാത്ര. ഈ നദികളിള്‍ റാഫ്റ്റിംഗ് നടത്തുന്നവരുടെ സംഘങ്ങളേയും കാണാമായിരുന്നു.

റൈഡ് തുടരും തോറും ഹിമാചല്‍പ്രദേശിന്റെ മനോഹാരിതകളിലേക്കുള്ള കാഴ്ചകളായിരുന്നു വഴികള്‍ ഒരുക്കിവച്ചിരുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും ആഴമേറിയ കൊക്കകളും വന്‍മരകളും താഴ്‌വാരങ്ങളുമൊക്കെ കണ്ടുകൊണ്ടുള്ള മനോഹരമായ യാത്ര. സമയം വൈകുന്നേരം മൂന്ന് മണി കഴിഞ്ഞു. ഇനി ഒരു മണിക്കൂറിനുള്ളില്‍ ഷിംലയില്‍ എത്താം. പക്ഷേ, പെട്ടെന്നാണ് ബുള്ളറ്റിന്റെ പിന്‍ചക്രം വെട്ടിപുളയുന്നതുപോലെ അനുഭവപ്പെട്ടത്. വണ്ടിനിര്‍ത്തി നോക്കുമ്പോള്‍ ടയര്‍ പഞ്ചറായതാണ്. കൈയില്‍ പഞ്ചര്‍ കിറ്റുണ്ടെങ്കിലും കൈകള്‍ക്ക് ബലക്കുറവുള്ളതിനാല്‍ ടയര്‍ മാറ്റയിടുക അസാധ്യം.

Travelogue to Himachal Predesh

വഴിയില്‍ അധികം തിരക്കുകളൊന്നുമില്ല. സമീപത്തായി ഒരു വീടുണ്ട്. അടുത്ത് പഞ്ചര്‍ കടകളെന്തെങ്കിലുമുണ്ടോ എന്ന് തിരക്കി. അരക്കിലോമീറ്റര്‍ ദൂരെയൊരു കടയുണ്ട്. അവര്‍ പറഞ്ഞതുപ്രകാരം ആ കടയില്‍ പോയി. അത്യാവശ്യം ചായയും സിഗരറ്റും മറ്റും വില്‍ക്കുന്ന ചെറിയൊരു കട. അവിടെ വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അമ്പതുവയസിനു മേല്‍ പ്രായം വരുന്നയാളാണ് കടക്കാരന്‍. അയാള്‍ ഒറ്റയ്‌ക്കേ അവിടെയുള്ളൂ. സ്ഥിരമായി പഞ്ചര്‍ ഒട്ടിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുംതന്നെ അവിടെയില്ല. സാധാരണ പ്രധാനറോഡുകളോട് ചേര്‍ന്നുള്ള പഞ്ചര്‍ കടകളില്‍ കുട്ടികളായ സഹായികളുണ്ടാവുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, സ്ഥിരം കാഴ്ചകളൊന്നും അവിടെ കണ്ടില്ല. മനസില്‍ ചെറിയൊരു സംശയമുണ്ടായി. എങ്കിലും അയാളുമായി സംസാരിക്കുകതന്നെ.

''വണ്ടികിടക്കുന്നിടത്തു വന്ന് പഞ്ചര്‍ ഒട്ടിക്കാന്‍ പറ്റില്ല. വണ്ടി ഇങ്ങോട്ടു കൊണ്ടുവരികയാണെങ്കില്‍ ശരിയാക്കിതരാം.''

കടക്കാരന്‍ പറഞ്ഞു. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍, വണ്ടി സ്റ്റാര്‍ട്ടാക്കി മെല്ലെ ഉരുട്ടി കടയില്‍ എത്തിച്ചു. കടയില്‍ എത്തിയപ്പോഴേ അയാള്‍ ചായ ഉണ്ടാക്കി തന്നിട്ട് പറഞ്ഞു.

''ഇത് കുടിച്ചോളൂ. പഞ്ചറിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. ലോറികളുടെയൊക്കെ ടയറുകളാണ് ഞാന്‍ മാറ്റാറ്. ടൂ വീലറിന്റെ പഞ്ചറൊന്നും ഞാന്‍ നോക്കറുപോലുമില്ല. നിങ്ങള്‍ ഒരു സഞ്ചാരിയാണല്ലോ. പിന്നെ, നിങ്ങള്‍ക്ക് സ്വന്തമായി മാറാനും സാധിക്കത്തില്ല. അതിനാലാണ് ഞാന്‍ നിങ്ങളെ സഹായിക്കുന്നത്.''
വളരെ സ്‌നേഹത്തോടെയാണ് അയാള്‍ സംസാരിക്കുന്നത്. നിസഹായനായ ഒരാളെ സഹായിക്കുകയാണ് എന്നൊരു ഭാവവും അയാള്‍ക്കുണ്ട്.

ഇയാള്‍ക്ക് ബുള്ളറ്റിന്റെ ടയര്‍ അഴിക്കാന്‍ അറിയാമോ? മനസില്‍ വീണ്ടും സംശയമുയര്‍ന്നു. വാഹനത്തിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള മെക്കാനിക്കിന്റെ ആദ്യ നടപടിയില്‍തന്നെ അയാള്‍ക്ക് പണിയറിയാമോ എന്ന് കണ്ടെത്താനാവും. അയാള്‍, പരിഹാരത്തിനായി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ചോദിക്കാം. ആ ഉത്തരം തൃപ്തികരമാണെങ്കില്‍ മാത്രമേ അയാളെ വണ്ടിയില്‍ തൊടിക്കാവൂ. ഇങ്ങനെയൊരു ചിന്ത മനസിലുള്ളതിനാല്‍ കടക്കാരന്റെ പ്രവൃത്തികളെ നിരീക്ഷിക്കാന്‍ തുടങ്ങി. 

Travelogue to Himachal Predesh
അയാള്‍, ടയര്‍ അഴിക്കാന്‍ ആദ്യമെടുക്കുന്ന ടൂളുകള്‍ ശരിയായവയാണോ എന്നാണ് ആദ്യം നോക്കിയത്. ശരിയായ സ്പാനറുകളാണ് അയാള്‍ എടുത്തിരിക്കുന്നത്. തുടര്‍ന്ന് അയാള്‍ ടയര്‍ അഴിക്കാനുള്ള ശ്രമത്തിലാണ്. അപ്പോഴും അഴിക്കുന്നത് ശരിയായ വിധമാണോ എന്നും നോക്കുന്നുണ്ടായിരുന്നു. ഒപ്പം ആവശ്യമായ നിര്‍ദേശങ്ങളും നല്‍കികൊണ്ടിരുന്നു. അയാളെക്കൊണ്ട് പറഞ്ഞുകൊടുത്തു പണിയെടുപ്പിച്ചു എന്നതാണ് ശരി. ലോറികളുടെ മാത്രം ടയര്‍ ശരിയാക്കുന്നതിനാല്‍ ബുള്ളറ്റിന്റെ ടയര്‍ തനിക്കൊരു പ്രശ്‌നമേയല്ലെന്ന് അയാള്‍ വീമ്പടിക്കുന്നുമുണ്ട്. ടയറിലെ പഞ്ചര്‍ കണ്ടെത്തി, ടയറിനുള്ളില്‍ തറച്ച ആണിയും ഊരിയെടുത്തു.
ഇനി ട്യൂബ് ഒട്ടിക്കണം. ഭാഗ്യത്തിന് വലിയ പഞ്ചറായിരുന്നില്ല അത്. ട്യൂബ്, പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചശേഷം പ്ലാസ്റ്റര്‍ ട്യൂബുമായി ശരിയായി ജോയിന്റാകാന്‍ രണ്ട് ഇരുമ്പ് പാളികള്‍ക്കിടയില്‍ വച്ച് ചൂടാക്കുകയാണ് അയാള്‍. ഇങ്ങനെ ട്യൂബ് ഒട്ടിക്കുന്നത് ആദ്യമായി കാണുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചു. ഇങ്ങനെ ചെയ്താല്‍ മികച്ച രീതിയല്‍ ട്യൂബില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കോളുമെന്ന് അയാള്‍ മറുപടി നല്‍കി.

ഇയാള്‍ ശരിക്കും ഒരു വിദഗ്ധന്‍ തന്നെയെന്ന് മനസില്‍ പറഞ്ഞു. ഇതിനിടെ അയാള്‍, തന്റെ കഥയും പറയുന്നുണ്ടായിരുന്നു. താന്‍ ഹിമാചല്‍പ്രദേശിലെ വലിയൊരു സിമന്റ് കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവിടെ ധാരാളം മലയാളികളുണ്ടെന്നുമൊക്കെ അയാള്‍ പറഞ്ഞു. കമ്പനി വിശേഷങ്ങളും ജോലിയിലുള്ള തന്റെ മിടുക്കുമൊക്കെ അയാള്‍ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. വര്‍ഷങ്ങളോളം കമ്പനിയില്‍ ജോലി ചെയ്തു മടുത്തതിനാലാണ് സ്വദേശത്തേക്ക് തിരികെയെത്തി ഇവിടെയൊരു കടയിട്ടതെന്നുമൊക്കെ അയാള്‍ പറഞ്ഞു. ഇതിനിടെ ചില ലോറികള്‍ അയാളുടെ കടയുടെ മുമ്പില്‍ നിര്‍ത്തി ഡ്രൈവറും ക്ലീനറുമൊക്കെ കടയ്ക്കുള്ളിലേക്ക് കയറിപോകുന്നുണ്ടായിരുന്നു. അവര്‍ ഉള്ളിലേക്ക് പോകുമ്പോള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുമുണ്ട്. അവര്‍ കടയ്ക്കുള്ളിലേക്ക് കയറുമ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് അയാളും കൂടെക്കയറും അല്‍പനേരത്തിനുശേഷം തിരിച്ചുവരും.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു ഭയം. ചൂട് പിടിച്ച് ട്യൂബ് എങ്ങാനും ഉരുകിയാലോ? ട്യൂബ് നോക്കാന്‍ അയാളോട് ആവശ്യപ്പെട്ടു.  ഹേ, ശരിക്കും സെറ്റാകാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നായി അയാള്‍. പിന്നെയും നിരന്തരമായി ആവശ്യപ്പെട്ടപ്പോളാണ് അയാള്‍ ട്യൂബ് നോക്കാന്‍ തയാറായത്. ഇരുമ്പ് കഷ്ണങ്ങള്‍ മാറ്റി നോക്കി. ഭാഗ്യം, ട്യൂബ് ഉരുകിയിട്ടൊന്നുമില്ല.

ഞാന്‍ പറഞ്ഞില്ലേ, ട്യൂബ് ഉരുകില്ലെന്ന്. അയാള്‍ വിജയഭാവത്തോടെ നോക്കി. അയാളാണ് ശരിയെന്ന ഭാവത്തില്‍ തലയാട്ടി അംഗീകരിച്ചു. ട്യൂബിന് കുഴപ്പമില്ലെന്നും പഞ്ചര്‍ ശരിയായി അടച്ചെന്നും ഉറപ്പുവരുത്താന്‍ അയാള്‍ ട്യൂബില്‍ കാറ്റ് നിറച്ചു തുടങ്ങി. കാറ്റ് നിറയുന്നതിന് അനുസരിച്ച് ട്യൂബിന്റെ പഞ്ചര്‍ ഒട്ടിച്ച ഭാഗം മാത്രം ബള്‍ ചെയ്ത് വീര്‍ത്ത് വരുന്നു. ഇങ്ങനെ അവിടം മത്രം വീര്‍ത്ത് വരേണ്ട കാര്യമില്ലല്ലോ? അയാള്‍ ചൂട് പിടിപ്പിച്ചപ്പോള്‍ ട്യൂബിന്റെ റബര്‍ കൂടുതല്‍ ചൂടായതാണ് പ്രശ്‌നമായത്.

''എന്തായാലും ഈ ട്യൂബ് ഇടാം.'' അയാള്‍ പറഞ്ഞു.

''ഹേ, ഈ ട്യൂബ് ഇട്ടാല്‍ ശരിയാവില്ല. നല്ല ട്യൂബ് കൈയിലുണ്ട് അതിട്ടാല്‍ മതി.''

ആ മറുപടിയില്‍ അയാള്‍ തൃപ്തനായില്ലെങ്കിലും അനുസരിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല. ബാഗില്‍ കരുതിയ പുതിയ ട്യൂബ് അയാള്‍ക്ക് നല്‍കി. ഇതിനിടെ വെള്ളം കുടിക്കാനായി അയാളുടെ കടയ്ക്കുള്ളിലേക്ക് കയറിയപ്പോളാണ് ആ കാഴ്ചകണ്ടത്. അങ്ങോട്ട് മുമ്പ് കയറിപോയ ഡ്രൈവറും സഹായിയും കൂടി മദ്യപിക്കുകയാണ്. അവര്‍ക്ക് മുന്നിലായി ഓംലൈറ്റും. ഇപ്പോളാണ് അയാളുടെ യഥാര്‍ഥ പണി മനസിലായത്. പഞ്ചര്‍ കടയെന്ന് പേരുമാത്രമേയുള്ളൂ. ഒരു മിനി ബാറാണ് കട. ഡ്രൈവര്‍മാര്‍ കയറിപോയപ്പോള്‍ നോക്കി ചിരിച്ചതിന്റെ അര്‍ഥം ഇപ്പോഴാണ് പിടികിട്ടിയത്. ഇയാള്‍ക്ക് പണിയൊന്നും അറിയില്ല. നിങ്ങള്‍ പെട്ടു എന്നല്ലേ ആ ചിരിയുടെ അര്‍ഥം. വെള്ളം കുടിച്ച് മടങ്ങിയെത്തിയപ്പോള്‍ കടക്കാരനോട് ചോദിച്ചു.

''എന്തായിരുന്നു നിങ്ങള്‍ക്ക് സിമന്റ് ഫാക്ടറിയില്‍ പണി?''

അവിടത്തെ കാന്റീനില്‍ പാചകസഹായിയായിരുന്നു കക്ഷി. പണിക്ക് കൊള്ളില്ലെന്ന് പറഞ്ഞ് അവിടുന്ന് പറഞ്ഞുവിട്ടപ്പോള്‍ ജീവിക്കാന്‍ വേണ്ടി തുടങ്ങിയതാണ് പഞ്ചറ് കടയുടെ മറവിലുള്ള ഈ മദ്യശാല. എന്തായാലും ഒരു വിധത്തില്‍ ട്യൂബിട്ട് ടയര്‍ ശരിയാക്കി വണ്ടിയുമായി അയാളില്‍നിന്ന് രക്ഷപെട്ടു. ഷിംലയില്‍ എത്തിയപ്പോള്‍ രാത്രിയായി. എങ്കിലും കൂടുതല്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു ബാക്കി. പിന്നെ, ഇടയ്ക്ക് ഓര്‍ത്ത് ചിരിക്കാന്‍ ഒരു അനുഭവവും കിട്ടിയല്ലോ എന്നൊരു പുഞ്ചിരിയും ചുണ്ടില്‍ വിരിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios