കിം ജോങ്ങിന്‍റെ രഹസ്യലോകത്തേക്കുള്ള ആ വഴി തുറക്കുന്നു! അമ്പരപ്പിൽ യാത്രികർ

കർശനമായ കൊവിഡ്-19 അതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന്, ഏകദേശം അഞ്ച് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന അതിർത്തികൾ ഈ ഡിസംബറിൽ വിനോദസഞ്ചാരികൾക്കായി തുറക്കാൻ ഉത്തര കൊറിയ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. 

Travelers can see secret world of Kim Jong Un, after 5 years North Korea will partially reopen tourism sector for international visitors

ർഷങ്ങളായി തുടരുന്ന കർശനമായ കൊവിഡ്-19 അതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന്, ഏകദേശം അഞ്ച് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന അതിർത്തികൾ ഈ ഡിസംബറിൽ വിനോദസഞ്ചാരികൾക്കായി തുറക്കാൻ ഉത്തര കൊറിയ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ചൈന ആസ്ഥാനമായുള്ള ടൂർ കമ്പനികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വടക്കൻ നഗരമായ സാംജിയോൺ സന്ദർശകർക്കായി തുറക്കുമെന്നാണ്.

ഉത്തര കൊറിയ ഡിസംബറിൽ വടക്ക്-കിഴക്കൻ നഗരമായ സാംജിയോണിൽ അന്താരാഷ്ട്ര ടൂറിസം പുനരാരംഭിക്കുമെന്ന് ടൂർ കമ്പനികൾ കഴിഞ്ഞ ദിവസം അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു. ഇതിനുശേഷം, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളും വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ സാധ്യ.തയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. സ്വതവേ ഒരു 'ഏകാന്ത രാജ്യമായ' ഉത്തരകൊറിയ, കൊവിഡ് കാരണം വർഷങ്ങളായി കർശനമായ അതിർത്തി നിയന്ത്രണം നടത്തുകയാണ്. ഇതിന് ശേഷം വലിയ തോതിൽ വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തികൾ വീണ്ടും തുറക്കാൻ തയ്യാറാണെന്നതിൻ്റെ സൂചനയാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകൾ. 

ഉത്തര കൊറിയയിലെ സംജയോണിലെയും ഒരുപക്ഷേ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും ടൂറിസം 2024 ഡിസംബറിൽ ഔദ്യോഗികമായി പുനരാരംഭിക്കുമെന്ന് തങ്ങളുടെ പ്രാദേശിക പങ്കാളിയിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ബീജിംഗ് ആസ്ഥാനമായുള്ള കോറിയോ ടൂർസ്  പറയുന്നു. ഉത്തരകൊറിയയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ കഴിഞ്ഞ വർഷം പുനരാരംഭിച്ചിരുന്നു. ഫെബ്രുവരിയിൽ ഒരു സ്വകാര്യ പര്യടനത്തിനായി റഷ്യൻ വിനോദസഞ്ചാരികളുടെ ഒരു ചെറിയ സംഘം ഉത്തര കൊറിയയിലേക്ക് പറന്നു. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ ഉൾപ്പെടെയുള്ള ഉന്നത വിദേശ ഉദ്യോഗസ്ഥർ ജൂണിൽ രാജ്യം സന്ദർശിച്ചിരുന്നു.

എങ്കിലും ഉത്തര കൊറിയ 2020 മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി അതിർത്തി പൂർണ്ണമായും തുറന്നിട്ടില്ല. ഈ പ്രഖ്യാപനം നടത്താൻ നാല് വർഷത്തിലേറെ കാത്തിരിപ്പിന് ശേഷം, ഉത്തര കൊറിയൻ ടൂറിസം വീണ്ടും തുറക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണെന്ന് കോറിയോ ടൂർസ് പറയുന്നു. തങ്ങളുടെ പ്രാദേശിക പങ്കാളിയായ ഉത്തരകൊറിയൻ കമ്പനി യാത്രാവിവരങ്ങളും തീയതിയും വരും ആഴ്ചയിൽ സ്ഥിരീകരിക്കുമെന്നും കോറിയോ ടൂർസ് പറയുന്നു. 

ചൈന അതിർത്തിക്കടുത്തുള്ള സാംജിയോൺ നഗരത്തിൽ ഉത്തര കൊറിയ ഒരു 'സോഷ്യലിസ്റ്റ് ഉട്ടോപ്യ' നിർമ്മിക്കുകയാണെന്ന റിപ്പോര്‍ട്ടുകൾ ഉണ്ട്. ഉയർന്ന പരിഷ്‌കൃതമായ ഹിൽ സിറ്റിയുടെ മാതൃകയായാണ് ഇത് വികസിപ്പിക്കുന്നതെന്നും പുതിയ അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, സ്‍കീ റിസോർട്ടുകൾ, വാണിജ്യ, സാംസ്കാരിക, മെഡിക്കൽ സൗകര്യങ്ങളും ഇവിടെ നിർമ്മിക്കുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. ജൂലൈയിൽ, ഏകാധിപതി കിം ജോങ് ഉൻ തൻ്റെ അഭിലാഷമായ സംജിയോൺ പ്രോജക്റ്റ് "നിരുത്തരവാദപരമായി" കൈകാര്യം ചെയ്തതിന് ചില മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയോ തരംതാഴ്ത്തുകയോ ചെയ്തിരുന്നു.

എന്തായാലും ഈ ശൈത്യകാലം മുതൽ സഞ്ചാരികൾക്ക് സംജിയോൺ സന്ദർശിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു ട്രാവൽ ഏജൻസിയായ കെടിജി ടൂർസും ഈ ശൈത്യകാലം മുതൽ സഞ്ചാരികൾക്ക് സംജിയോൺ സന്ദർശിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തായാലും ഇത് വിനോദ സഞ്ചാരികളെ സംബന്ധിച്ച് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. കാരണം ഉത്തരകൊറിയയിൽ ആളുകൾ എങ്ങനെ ജീവിക്കുന്നു, അവരുടെ ജീവിതം എങ്ങനെയുണ്ട്, സ്വേച്ഛാധിപത്യ അടിച്ചമർത്തൽ ശരിക്കും നിലനിൽക്കുന്നുണ്ടോ, ജനങ്ങൾക്ക് അവിടെ സ്വാതന്ത്ര്യമില്ലേ തുടങ്ങിയ കാര്യങ്ങൾ അറിയാൻ പല വിനോദ സഞ്ചാരികൾക്കും താൽപ്പര്യം കാണും. നിങ്ങളുടെ മനസിലും ഇത്തരം നിരവധി ചോദ്യങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇപ്പോൾ നിങ്ങൾക്ക് ഉത്തരകൊറിയയെ സ്വന്തം കണ്ണുകൊണ്ട് കാണാനും അറിയാനും മനസ്സിലാക്കാനും അവസരമുണ്ട്. നിങ്ങൾക്കും ഒരു ടൂറിസ്റ്റായി ഉത്തര കൊറിയയിലേക്ക് എളുപ്പത്തിൽ പോകാനും ആ രാജ്യം കാണാനും മനസിലാക്കാനും കഴിയും. ഇതാ ഉത്തര കൊറിയ സന്ദർശിക്കേണ്ടതിന്‍റെ മറ്റു ചില പ്രധാന കാരണങ്ങൾ

തിരക്കില്ല
കുറച്ച് വിനോദസഞ്ചാരികൾ മാത്രം ഉത്തര കൊറിയ സന്ദർശിക്കുന്നു. അതൊകണ്ടുതന്നെ ഇവിടം സഞ്ചാരികൾക്ക് തിരക്കുകുറഞ്ഞ ഒരു സവിശേഷ അവസരം നൽകുന്നു. സാധാരണ ജനത്തിരക്കില്ലാതെ സന്ദർശകർക്ക് സൈനികരുമായി ആശയവിനിമയം നടത്താനും കൊറിയൻ ഡീമിലിറ്ററൈസ്‍ഡ് സോണിൽ (DMZ) ഫോട്ടോകൾ എടുക്കാനും കഴിയും. കുംസുസൻ കൊട്ടാരം പോലെയുള്ള പ്രധാന സ്ഥലങ്ങൾ കാണാനുള്ള കാത്തിരിപ്പ് സമയം കുറയും. 

ഉത്സവങ്ങൾ
ചില പ്രധാന ഉത്തര കൊറിയൻ അവധി ദിനങ്ങൾ ശൈത്യകാലത്താണ്. പുതുവത്സര ആഘോഷങ്ങൾക്കായി പ്രദേശവാസികൾക്കൊപ്പം ചേരാം. അല്ലെങ്കിൽ കിം ജോങ് ഇല്ലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 16-ലെ ആഘോഷങ്ങളിൽ പങ്കെടുക്കാം. കൂട്ട നൃത്തങ്ങളും രാത്രി വെടിക്കെട്ടും ഉൾപ്പെടെയുള്ള അനുഭവങ്ങൾ വേറിട്ടുനിൽക്കുന്നു.

ശീതകാലം
ശൈത്യകാലത്ത്, വർഷത്തിലെ മറ്റ് സമയങ്ങളിൽ ലഭ്യമല്ലാത്ത ഐസ് റോക്കറ്റ്, ഐസ് ജൂഷെ ടവർ എന്നിവ പോലെയുള്ള അതുല്യമായ ഐസ് ശിൽപങ്ങൾ നിങ്ങൾക്ക് ഉത്തര കൊറിയയിൽ കാണാം. സ്‍കീയിംഗും മഞ്ഞുമനുഷ്യരുമായി കളിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ബജറ്റ് യാത്ര
നവംബർ, മാർച്ച് മാസങ്ങളിലാണ് ടൂർ കമ്പനികൾ ഇങ്ങോട്ടുള്ള ബജറ്റ് ടൂറുകൾ സംഘടിപ്പിക്കുന്നത്. കുറഞ്ഞ ചിലവിൽ, സംഘാടകർ പ്യോങ്‌യാങ്ങിലെ മുൻനിര ഹോട്ടലുകളിലൊന്നായ യാങ്‌ഗാക്‌ഡോ അല്ലെങ്കിൽ കോറിയോയിൽ താമസം ഉറപ്പാക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios