സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, കോവളത്ത് ഇന്ന് പ്രവേശനമില്ല
ജില്ലയുടെ തീരപ്രദേശത്ത് തിരമാലകള്‍ ശക്തമായതിനാല്‍ കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ല.
തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശത്ത് തിരമാലകള്‍ ശക്തമായതിനാല്‍ കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ല. ഇന്ന് രാത്രി 11.30വരെ തീരത്ത് 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്ന മത്സ്യതൊഴിലാളി ജാഗ്രത മുന്നറിയിപ്പ് പുതുക്കി മത്സ്യത്തൊഴിലാളികൾ 26.04 .2019 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത് എന്ന് അറിയിച്ചിരിക്കുന്നു.
ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26-04-2019ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കർശനമായി നിർദേശിക്കുന്നു. പുതുക്കിയ അറിയിപ്പ് അതിന്റെ ഗൗരവത്തോടു കൂടി തന്നെ ദൃശ്യ മാധ്യമങ്ങൾ പരസ്യപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു.
മത്സ്യതൊഴിലാളി മേഖലകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് പൊതു സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികൾക്ക് വിവരം കൈമാറാനും മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ ഇനി മത്സ്യബന്ധനത്തിന് ആരും പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും മുഴവൻ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.