കാറിനു തൊട്ടുമുന്നില്‍ വിമാനം ലാന്‍ഡ് ചെയ്തു, അന്തംവിട്ട് ഡ്രൈവര്‍!
ഹൈവേയിൽ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുന്ന ചെറു വിമാനത്തിന്റെ വീഡിയോ
നിങ്ങള്‍ ഒരു കാറില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടുമുന്നില്‍ ഒരു വിമാനം ലാന്‍ഡ് ചെയ്‍താല്‍ എന്താവും അവസ്ഥ? അത്തരമൊരു ഞെട്ടലിലാണ് അമേരിക്കയിലെ ഒരു കാറുടമ. ഹൈവേയിൽ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുന്ന ചെറു വിമാനത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അമേരിക്കയിലെ മയാമിയിലാണ് സംഭവം. മയാമിയിലെ ഹൈവേ നമ്പർ 27 വാഹനമോടിച്ചു പോകുകയായിരുന്ന ഒരാളുടെ തൊട്ടു മുന്നിലാണ് വിമാനം ലാൻഡ് ചെയ്‍തത്. കാര്‍ സഡന്‍ ബ്രേക്ക് ഇട്ടതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. കാറിന്‍റെ ഡാഷ്‍ ക്യാമിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ലാന്‍ഡ് ചെയ്‍ത ശേഷം ഏറെ സമയം കാറിനു മുന്നിലായി റോഡിലൂടെ ഓടുന്ന വിമാനത്തെയും വീഡിയോയില്‍ കാണാം.
സെസ്നയുടെ ചെറു വിമാനമാണ് ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. പറക്കുന്നതിനിടെ എൻജിൻ തകരാർ തോന്നിയതുകൊണ്ടാണ് ഹൈവേയിൽ ഇറക്കിയത് എന്ന് പൈലറ്റ് പറഞ്ഞു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും ആർക്കും പരിക്കുകളില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.