അര്‍ദ്ധരാത്രിയില്‍ നിലവിളികളും അസാധാരണ വെളിച്ചവും, ഭയത്തോടെ ഒരു നാട്!
രാത്രികാലങ്ങളില്‍ വെളിച്ച ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാം. മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാം.
സഞ്ചാരികളുടെ ഇഷ്‍ടങ്ങള്‍ പലതരത്തിലാണ്. പ്രകൃതിയുടെ രമണീയത തേടി ചിലര്‍ യാത്ര പോകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഭക്ഷണത്തോടാവും പ്രിയം. സാഹസിക യാത്ര ഇഷ്‍ടപ്പെടുന്നവരാകും മറ്റൊരു മഹാഭൂരിപക്ഷം. എന്നാല്‍ ഇവരില്‍ത്തന്നെ ചിലരുണ്ട്, അസാധാരണ ഇടങ്ങള്‍ തേടി യാത്ര പോകുന്നവര്‍. ആത്മാക്കളും അജ്ഞാത ശക്തികളുമൊക്കെ വിഹരിക്കുന്ന സ്ഥലങ്ങളാകും ഇത്തരക്കാരുടെ ലക്ഷ്യം. ഇത്തരം സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രങ്ങളിലൊന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്.
ഇതൊരു വനമാണ്. പേര് ഹൊയ്യ ബസിയു. പ്രേതകഥകളുടെ രാജാവ് സാക്ഷാല്‍ ഡ്രാക്കുള പ്രഭുവിന്‍റെ നാടായ റൊമാനിയയിലെ ട്രാന്‍സില്‍വാനിയയിലാണ് ഈ പ്രേതവനം. അജ്ഞാതവും നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധമാണ് ഇവിടം. റുമേനിയയുടെ ബര്‍മുഡാ ട്രയംഗിള്‍ എന്നാണ് ഈ സ്ഥലത്തിന്റെ ഓമനപ്പേര്. തദ്ദേശവാസികളുടെ പേടി സ്വപ്‍നമായിരുന്ന ഈ കാടുകള്‍ ലോകശ്രദ്ധയിലേക്ക് വരുന്നത് അരനൂറ്റാണ്ട് മുമ്പാണ്. എമില്‍ ബാര്‍ണിയ എന്ന മിലിറ്ററി ടെക്നീഷ്യന്‍ 1968 ഓഗസ്റ്റ് 18 നു ഇവിടെ നിന്നൊരു ചിത്രം പകര്‍ത്തി. ഒരു പറക്കും തളിക ആയിരുന്നു അത്! അതോടെ ഈ കാടുകള്‍ ലോകപ്രസിദ്ധമായി.
നിരവധി കഥകളുടെ സാഗരമാണ് ഈ പ്രദേശം. രാത്രികാലങ്ങളില്‍ പ്രകാശ ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാമെന്നു പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാമത്രേ. ഈ കാടിനു സമീപത്തുകൂടി പോകുന്നവക്ക് കാടിനകത്തു നിന്നും ആരോ തങ്ങളെ നിരീക്ഷിക്കുന്നതായി തോന്നുമെന്നും പറയപ്പെടുന്നു. ഹൊറര്‍ സിനിമകളിലും കഥകളിലും മാത്രം കേട്ടിട്ടുള്ള തരം കൂറ്റൻ ചെന്നായ ഉൾപ്പെടെ പലതരം അജ്ഞാത മൃഗങ്ങളെ കണ്ടതും പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ടതുമായ കഥകളുമൊക്കെ പ്രചാരത്തിലുണ്ട്.
ഈ കാട്ടിലേയ്ക്കു കയറി പോയ നിരവധിപ്പേരെ കാണാതായതായും പറയപ്പെടുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് തന്‍റെ ആട്ടിൻകൂട്ടവുമായി ഈ വനത്തില്‍ അപ്രത്യക്ഷനായ ആട്ടിടയന്‍ ഹൊയ്യ ബസിയുവിന്‍റെ പേരാണ് ഈ വനത്തിന്. ഒരിക്കല്‍ ഈ കാട്ടിലകപ്പെട്ട പെണ്‍കുട്ടി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തി. എന്നാല്‍ കുട്ടിക്ക് സംഭവിച്ചതെന്തെന്ന് ഓര്‍മ്മയില്ലായിരുന്നുവെന്ന് മാത്രമല്ല, ധരിച്ചിരുന്ന വസ്‍ത്രങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയതുപോലെ തന്നെ ഇരുന്നു!
ബസിയു കാട്ടില്‍ കയറിയ ഗവേഷകരും സഞ്ചാരികളുമായ പല ധൈര്യശാലികള്‍ക്കും പല ഭീകരാനുഭവങ്ങളെയും നേരിടേണ്ടി വന്നതായും കഥകളുണ്ട്. ഇവിടേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ മനുഷ്യന്‍റെ ഉപബോധമനസിനെ ഭയം വന്നു പൊതിയും. തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ക്ക് ശരീരം പൊള്ളിപ്പോയ അനുഭവമാണ്. ചിലര്‍ക്കാകട്ടെ ദേഹമാകെ ചൊറിച്ചിലും മുറിപ്പാടുകളും. എന്നാല്‍ കാടിനു പുറത്തു തിരികെയെത്തി ക്യാമറ പരിശോധിച്ചപ്പോഴാണ് മറ്റു ചിലര്‍ ഞെട്ടിയത്. കാട്ടില്‍ വെച്ചെടുത്ത ചിത്രങ്ങളില്‍ തങ്ങളെ കൂടാതെ മറ്റു ചിലരുടെ രൂപങ്ങളും കൂടി പതിഞ്ഞിരിക്കുന്നു. ആ രൂപങ്ങളൊക്കെ നിഴലുകളെപ്പോലെ അവ്യക്തമായിരുന്നു!
1960 കളില്‍ ഈ കാടിനെപ്പറ്റി പഠിച്ച ഒരു ജീവശാസ്‍ത്രാധ്യാപകന്‍റെ കഥയും അമ്പരപ്പിക്കുന്നതാണ്. പ്രദേശത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പലപ്പോഴായി അദ്ദേഹം എടുത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ 1993 ല്‍ അദ്ദേഹം അന്തരിച്ചു ദിവസങ്ങള്‍ക്കകം ഈ ചിത്രങ്ങളെല്ലാം കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പറക്കുംതളികകള്‍ കണ്ട സ്ഥലവും ഇതാണെന്നാണ് കരുതുന്നത്.
വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. പറക്കുംതളികകൾ ഇറങ്ങുന്ന ഇടമാണിതെന്നും ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ഈ പുല്‍പ്രദേശത്താണെന്നും കഥകളുണ്ട്. ഈ പ്രദേശം തേടി ഇന്നും നിരവധി സാഹസിക സഞ്ചാരികള്‍ എത്തുന്നുണ്ട്.
ശാസ്‍ത്രീയമായ പ്രത്യേകതകളാണ് ഈ കഥകള്‍ക്ക് പിന്നിലെന്നാണ് ചിലരുടെ വാദം. അസാധാരണമായ കാന്തിക പ്രഭാവങ്ങളും മറ്റുമാണ് അവര് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ കഥകളൊക്കെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള അടവാണെന്നു മറ്റുചിലര്‍ വാദിക്കുന്നു. എന്തായാലും ആത്മാക്കളെ ഇഷ്‍ടപ്പെടുന്നവരും സാഹസീകരുമായ യാത്രികര്‍ക്ക് ഡ്രാക്കുള പ്രഭുവിന്‍റെ നാട്ടിലെ ഈ വേറിട്ട കാട് രസകരമായ ഒരനുഭവം തന്നെയാകും.