ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ 'കടന്നകൈ', ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ
കുറ്റം തെളിഞ്ഞാൽ വധശിക്ഷയോ ജീവപര്യന്തമോ 20 വർഷം തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമേ 20 ലക്ഷം രൂപയോളം പിഴയും ഇയാളിൽ നിന്ന് ഈടാക്കും
പട്ടായ: വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുന്നതിനിടെ കടന്ന കയ്യുമായി യാത്രക്കാരൻ, അറസ്റ്റിലായത് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾക്ക്. തായ്ലാൻഡിലെ വടക്കൻ മേഖലയിലെ ചിയാംഗ് മായ് നഗരത്തിലാണ് സംഭവം. കാനഡ സ്വദേശിയായ യുവാവ് വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. ഇതോടെ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജമാകുന്ന വിമാനത്തിന്റെ ആളൊഴിപ്പിക്കാനുള്ള സംവിധാനങ്ങളും പ്രവർത്തിക്കുകയായിരുന്നു. ഫെബ്രുവരി 7ന് രാത്രിയായിരുന്നു സംഭവം.
ചിയാംഗ് മായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ സുവർണ ഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ച ടിജി121 വിമാനമാണ് യാത്രക്കാരന്റെ കടുംകയ്യിൽ സർവ്വീസ് തടസമടക്കം നേരിട്ടത്. എയർ ബസ് എ 320 വിഭാഗത്തിലുള്ള വിമാനത്തിന്റെ ഇവാക്വേഷൻ സ്ലൈഡുകൾ തുറന്നതോടെ വിമാനം റൺവേയിൽ നിന്ന് ഉടനടി മാറ്റാനാവാതെ വന്നത് ഇതേ സമയത്ത് ലാൻഡ് ചെയ്യാനിരുന്നതും ടേക്ക് ഓഫ് ചെയ്യാനിരുന്നതുമായ വിമാനങ്ങളുടെ സർവ്വീസിനേയും സാരമായി ബാധിച്ചു.
വിമാനത്തിനോ അതിലെ ജീവനക്കാർക്കോ യാത്രക്കാർക്കോ അപകടമുണ്ടായില്ലെങ്കിലും ഒരു ദിവസം വൈകിയാണ് ഈ വിമാനം പുറപ്പെട്ടത്. സംഭവം 13 വിമാനങ്ങളുടെ പ്രവർത്തനത്തെയാണ് ബാധിച്ചതെന്നാണ് വിമാനത്താവള പൊലീസ് വിശദമാക്കുന്നത്. ഇതിൽ എട്ട് വിമാനങ്ങൾ പ്രസ്തുത വിമാനം റൺവേയിൽ നിന്ന് മാറ്റുന്നത് വരെ വിമാനത്താവളത്തിന് ചുറ്റും വലയം വയ്ക്കേണ്ട അവസ്ഥയുണ്ടായിയെന്നും വിമാനത്താവള അധികൃതർ വിശദമാക്കുന്നു. 2295 യാത്രക്കാരെയാണ് ഒരാളുടെ പ്രവർത്തി സാരമായി ബാധിച്ചത്.
കനേഡിയൻ പൌരനായ 40കാരനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ വധശിക്ഷയോ ജീവപര്യന്തമോ 20 വർഷം തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 20 ലക്ഷം രൂപയോളം പിഴയും ഇയാളിൽ നിന്ന് ഈടാക്കും. 2018 ശേഷം കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ലെങ്കിലും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് 40കാരെതിരെയുള്ളത്. ഇത്തരത്തിലുള്ള നടപടിക്ക് യാത്രക്കാരനെ പ്രേരിപ്പിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഉള്ളത്. അസ്വസ്ഥനായി കാണപ്പെട്ട 40 കാരന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം