ഈ ഓട്ടോ ഖല്‍ബാണ് മമ്മദിന്; പൊന്നുംവിലക്കും കൊടുക്കില്ല

മരക്കാര്‍ മോട്ടോര്‍സില്‍ നിന്ന് 19,500 രൂപക്കാണ് അന്ന് വാങ്ങിയത്. പിന്നീട് അന്ന് തൊട്ട് 36 വര്‍ഷത്തോളമായി ഇതിനെ പൊന്നുപോലെ നോക്കി വരുന്നു.
 

Mammad loves his Old model Autorikshaw

മലപ്പുറം: മോഹന്‍ലാലിന്റെ ഹിറ്റ് ചലചിത്രമായ 'ഏയ് ഓട്ടോ' അത്രപെട്ടന്ന് മറക്കാന്‍ മലയാളികള്‍ക്കാകില്ല. ആ കാലഘട്ടത്തിലെ ഓട്ടോ ഇപ്പോള്‍ കണ്ടാലും നമ്മുടെ ഏയ് ഓട്ടോയിലെ ഓട്ടോ എന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. അതുപോലെ പഴമയുടെ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഓട്ടോയുണ്ട് മലപ്പുറത്ത്. ആനക്കയത്തെ പുളിക്കാമ്പത്ത് മമ്മദിക്കയുടെ സ്വന്തം ഓട്ടോയാണിത്. ആനക്കയത്തെ ആദ്യ ഓട്ടോയും ഈ രാജകീയ വാഹനം തന്നെ. 1980കളിലാണ് മഞ്ചേരി ആനക്കയം സ്വദേശിയായ മമ്മദ് ഇവനെ കോഴിക്കോട്ട് നിന്നും സ്വന്തമാക്കിയത്.

മരക്കാര്‍ മോട്ടോര്‍സില്‍ നിന്ന് 19,500 രൂപക്കാണ് അന്ന് വാങ്ങിയത്. പിന്നീട് അന്ന് തൊട്ട്് 36 വര്‍ഷത്തോളമായി ഇതിനെ പൊന്നുപോലെ നോക്കി വരുന്നു. ആ കാലഘട്ടത്തിലെ മിക്ക ഓട്ടോറിക്ഷയും ഇതുപോലെയായിരുന്നു. നൂറിന് താഴെ ഓട്ടോകള്‍ മാത്രമാണ്് അന്ന് മഞ്ചേരിയില്‍ സവാരി നടത്താനെത്തിയിരുന്നുവൊള്ളുവെന്ന് മമ്മദ്ക്ക ഓര്‍ക്കുന്നു. ഒന്നര രൂപയായിരുന്നു മിനിമം ചാര്‍ജ്. എണ്ണവില ആറു രൂപയും. ഇന്ന് എണ്ണവില എണ്‍പത് രൂപക്ക് മുകളിലായിട്ടും ഓട്ടോ വില്‍ക്കാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല.

അക്കാലത്ത് ഈ ഓട്ടോയില്‍ സവാരി നടത്താത്തവരായി ആരുമുണ്ടാകില്ല. നാട്ടിന്‍ പുറങ്ങളിലും നഗരത്തിലും സാധാരണക്കാരുടെ ഏത് ആവശ്യത്തിനും പാഞ്ഞെത്തുക ഈ 'രാജാവ്' തന്നെ. പുതിയ മോഡല്‍ ഓട്ടോറിക്ഷകള്‍ നിരത്ത് കീഴടക്കിയതോടെ മമ്മദ്ക്കയുടെ ഓട്ടോയും ട്രാക്കില്‍ നിന്ന് പിന്‍വാങ്ങി. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനം പ്രൈവറ്റാക്കി മാറ്റി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും ഇദ്ദേഹം ഈ വാഹനം തന്നെയാണ് ഉപയോഗിക്കുന്നത്. വാഹനത്തെ തേടി പലരുമെത്തി മോഹന വിലകള്‍ പറഞ്ഞെങ്കിലും തന്റെ ആത്മ മിത്രത്തെ കൈവെടിയാന്‍ മമ്മദ്ക്ക തയ്യാറല്ല.

Latest Videos
Follow Us:
Download App:
  • android
  • ios