നിങ്ങള്‍ സന്ദര്‍ശിച്ച വിനോദസഞ്ചാര കേന്ദ്രത്തിന് ഗുണനിലവാരമില്ലേ? റേറ്റിങ്ങ് രേഖപ്പെടുത്തൂവെന്ന് ടൂറിസംവകുപ്പ്
ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നിരന്തരം പരാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തകാലത്തായി ഉയരാറുണ്ട്. ശ്രദ്ധയില്‍പ്പെടുന്നവയ്ക്ക് പരിഹാരവുമായി ടൂറിസം മന്ത്രി ഇടപെട്ടെന്ന വാര്‍ത്തകളും പിന്നാലെയുണ്ടാകും. ഈ പ്രശ്നത്തിന് പുതിയ പരിഹാരവുമായി ടൂറിസം വകുപ്പ് എത്തിയിരിക്കുന്നു. ഇനി സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഗുണനിലവാരം റേറ്റിങ്ങിലൂടെ രേഖപ്പെടുത്താം.
അതിനുള്ള സൗകര്യവുമായി ടൂറിസം വകുപ്പ് മുഖം മിനുക്കി രംഗത്തെത്തി. സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നത് തലസ്ഥാനത്താണ്. ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകമെന്നും ടൂറിസം പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡെസ്റ്റിനേഷന്‍ റേറ്റിംഗ് വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ തുടക്കമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് 'ഡെസ്റ്റിനേഷന്‍ റേറ്റിംഗ്'. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകര്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കീഴിലുള്ള നെയ്യാര്‍ഡാം, കാപ്പില്‍, ശാസ്താംപാറ, വേളി, ശംഖുമുഖം, ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.