'ജംഗിൾ ബെൽസ്'; ആനവണ്ടിയിൽ കുറഞ്ഞ ചെലവിൽ ട്രിപ്പ് പോവാം, ക്രിസ്മസും ന്യൂ ഇയറും അടിച്ചുപൊളിക്കാം
ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍ കുറഞ്ഞ ചെലവില്‍ കണ്ടുവരാം.
തിരുവനന്തപുരം: ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കിയിരിക്കുന്നത്. ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍ കുറഞ്ഞ ചെലവില്‍ കണ്ടുവരാം. യാത്രാ തിയ്യതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങളിതാ...
ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ . 'ജംഗിൾ ബെൽസ്' എന്ന ശീർഷകത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്. യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്.
ഡിസംബർ 3, 24, 31 എന്നീ ദിവസങ്ങളിൽ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി സൗഹൃദ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.
ഡിസം: 27, 28 തീയതികളിൽ ദ്വിദിന വാഗമൺ യാത്രക്ക് 9946263153 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
ഡിസം: 30, 31, ജനുവരി 1, 2 തീയതികളിലായി വയനാടിന്റെ മാസ്മര സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കുന്ന പുതുവൽസര സ്പെഷ്യൽ യാത്രക്കായി 9074639043 എന്ന നമ്പറിൽ ബുക്ക് ചെയ്യണം.
ഡിസംബർ 23, 24, 25- ലെ ക്രിസ്മസ് സ്പെഷ്യൽ സമ്പൂർണ്ണ മൂന്നാർ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
ഡിസംബർ 9, 17 , 24, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി 6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്.
ഡിസംബർ: 27, 30, ജനുവരി 2 തീയതികളിൽ തിരുവൈരാണിക്കുളത്തേക്ക് ഭക്തിനിർഭരമായ തീർത്ഥാടനയാത്ര ബുക്കിംഗിനായി 9497849282 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഡിസംബർ 28 ന് വണ്ടർലാ സ്പെഷ്യൽ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് ഉണ്ടായിരിക്കും. 9539801011 ൽ ബുക്കിംഗ് സ്വീകരിക്കും.
യാത്രകളുടെ വിശദ വിവരങ്ങൾക്കായി 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയുടെ അടുത്ത സീസണിലേക്കുള്ള മുൻകൂർ ബുക്കിംഗും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം അനുസരിച്ച് യാത്രാ തിയതികളിൽ മാറ്റം സംഭവിക്കാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം