ഒരു 'കളി' പറഞ്ഞതാ, കാര്യമായി! ഒന്നര മണിക്കൂർ വിമാനവും വൈകിച്ചു, ദമ്പതികളെ പൊലീസും പൊക്കി
ഗോവയിലെ ദബോലിം വിമാനത്താവളത്തിനുള്ളിൽ 'ബോംബ്' എന്ന വാക്ക് തമാശയായി പറഞ്ഞതിന്‍റെ അനന്തരഫലങ്ങളാണ് ദമ്പതികള്‍ മനസിലാക്കിയത്.
പനജി: വിമാനത്താവളത്തിനുള്ളില്‍ വച്ച് തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം ദമ്പതികളെ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ. ഗോവയിലെ ദബോലിം വിമാനത്താവളത്തിനുള്ളിൽ 'ബോംബ്' എന്ന വാക്ക് തമാശയായി പറഞ്ഞതിന്‍റെ അനന്തരഫലങ്ങളാണ് ദമ്പതികള്‍ മനസിലാക്കിയത്. ബുധനാഴ്ചയാണ് സംഭവം. ബോംബ് ഭീതി സൃഷ്ടിച്ച് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം 90 മിനിറ്റ് വൈകിച്ചതിന് ദമ്പതികളെ ഗോവ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് തന്‍റെ ഒപ്പമുള്ള യുവാവിന്‍റെ ബാഗില്‍ ബോംബ് ഉണ്ടെന്ന് യുവതി പറഞ്ഞ കളിയാണ് പിന്നെ കാര്യമായത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയും ഐപിസി 505 വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. അതേസമയം, ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ തന്നെ കഴിഞ്ഞ ദിവസം വിമാനം ഇറങ്ങാതെ വന്നവഴി തിരിച്ചുപോയിരുന്നു. ഇതിന് കാരണമായത് ഒരു തെരുവുനായയാണ്.
റൺവേയിൽ നായയെ കണ്ടതിനെ തുടര്‍ന്നാണ് വിമാനം യാത്ര തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചുപോയത്. ദബോലിം വിമാനത്താവളത്തിന്‍റെ റൺവേയിൽ നായയെ കണ്ടതിനാൽ അൽപ്പസമയം ആകാശത്ത് തുടരാന്‍ പൈലറ്റിന് നിര്‍ദേശം ലഭിച്ചു, എന്നാൽ ബെംഗളൂരുവിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിച്ചെന്ന് ഗോവ വിമാനത്താവളം ഡയറക്ടർ എസ് വി ടി ധനംജയ റാവു പറഞ്ഞു.
യുകെ 881 വിസ്താര വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഗോവയിലേക്കായിരുന്നു യാത്ര. റണ്‍വേയില്‍ നായയെ കണ്ടതോടെ വിമാനം തിരിച്ച് ബെംഗളൂരുവിലേക്ക് തന്നെ പോയി. ശേഷം ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ട വിമാനം സന്ധ്യയ്ക്ക് 6.15ന് ഗോവയിലെത്തി. ഇത് സംബന്ധിച്ച അറിയിപ്പ് വിസ്താര സമൂഹ മാധ്യമമായ എക്സ് വഴി നല്‍കുകയും ചെയ്തു.