രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ ഓടാന്‍ ദിവസങ്ങള്‍ മാത്രം, കേരളവും പരിഗണനയില്‍
സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പരിഗണിക്കുന്ന റൂട്ടുകളില്‍ ഇടംപിടിച്ച് കേരളം
മുംബൈ: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ഓടിത്തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പരിഗണിക്കുന്ന മറ്റു റൂട്ടുകളില്‍ ഇടംപിടിച്ച് കേരളവും. തിരുവനന്തപുരം - എറണാകുളം പാതയാണ് റെയില്‍വേയുടെ സാധ്യതാപട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യഘട്ടത്തില്‍ ദില്ലി-ലഖ്‍നൗ, മുംബൈ-അഹമ്മദാബാദ് എന്നിങ്ങനെ രണ്ട് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതില്‍ ദില്ലി-ലഖ്‍നൗ പാതയിലാണ് രാജ്യത്തെ സ്വകാര്യ ട്രെയിന്‍ ആദ്യമായി ഓടിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് ഈ പാതയിലെ ഫ്‌ളാഗ് ഓഫ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ഐആര്‍സിടിസിയുടെ മേല്‍നോട്ടത്തില്‍ ഓടുന്ന ഈ ട്രെയിനിന്‍റെ യാത്രക്കാരുമായുള്ള ആദ്യ സര്‍വീസ് ഒക്ടോബര്‍ അഞ്ചിനാണ് തുടങ്ങുന്നത്. ആഴ്ചയില്‍ ആറു ദിവസവും സര്‍വീസുണ്ടാകും. സൗജന്യ പാസുകളോ നിരക്കിളവോ ഈ ട്രെയിനില്‍ അനുവദിക്കില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രം കുറയും. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍സംഖ്യയും തിരികെ ലഭിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കുന്ന ആര്‍എസി ടിക്കറ്റുകള്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും.
ഇതിനൊപ്പം രാജ്യത്ത് മറ്റ് 24 പാതകള്‍ കൂടി റെയില്‍വേ പരിഗണിക്കുന്നുണ്ട്. ഇതിലാണ് കേരളവും ഇടംപിടച്ചത്. മുംബൈ-പുണെ, മുംബൈ-ഔറംഗാബാദ്, മുംബൈ-മഡ്ഗാവ്, ദില്ലി-ചാണ്ഡീഗഢ്/അമൃത്സര്‍, ദില്ലി-ജയ്പുര്‍/അജ്മീര്‍, ഹൗറ-പുരി, ഹൗറ-ടാറ്റാ, ഹൗറ-പട്‌ന, സെക്കന്തരാബാദ്-വിജയവാഡ, ചെന്നൈ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂര്‍, ചെന്നൈ-മധുര, എന്നിവയാണ് പരിഗണനയിലുള്ള മറ്റ് റൂട്ടുകള്‍. ഡല്‍ഹി-ജമ്മു/കത്ര, ദില്ലി-ഹൗറ, സെക്കന്തരബാദ്-ഹൈദരാബാദ്, സെക്കന്തരാബാദ്-ദില്ലി, ദില്ലി-ചെന്നൈ, മുംബൈ-ചെന്നൈ, ഹൗറ-ചെന്നൈ, ഹൗറ-മുംബൈ എന്നീ ദീര്‍ഘദൂര പാതകളും റെയില്‍വേ ബോര്‍ഡ് തയ്യാറാക്കിയ പട്ടികയിലുണ്ട്.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി റെയിൽവേ മന്ത്രാലയം സമർപ്പിച്ച പദ്ധതിയാണ് പാതകളുടെ സ്വകാര്യവൽക്കരണം. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും പകല്‍മാത്രം സഞ്ചരിക്കാവുന്നതുമായ റൂട്ട് എന്ന നിലയിലാണ് തിരുവനന്തപുരം-എറണാകുളം പാതയെ പരിഗണിച്ചത്. ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശംകൂടി കണക്കിലെടുത്താവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാവുന്ന റൂട്ടുകള്‍ ഏതൊക്കെയെന്ന് വെള്ളിയാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് ദക്ഷിണ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡ് നല്‍കിയ നിര്‍ദേശം. ഈ പാതകളിൽ നിലവിലോടുന്ന ട്രെയിനുകളുടെയും വരുമാനത്തിന്‍റെയും വിശദാംശങ്ങൾ സമർപ്പിക്കാൻ റെയിൽവേ ബോർഡ് സോണുകളുടെ മേധാവികൾക്കു നിർദേശം നൽകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.