സഞ്ചാരികളേ ഇതിലേ ഇതിലേ, കടലിലേക്കിറങ്ങി കാഴ്ചകൾ കാണാം; തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇതാ ഇവിടെ...
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും
തിരുവനന്തപുരം: കടലിലേക്ക് ഇറങ്ങിച്ചെന്ന് കാഴ്ചകള്‍ കാണാനായി തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി. വര്‍ക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. വർക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമാക്കുന്നത്
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിനുള്ളത്. പാലത്തിൻറെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് കാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉണ്ടാകും.
700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തിൻറെ ഉറപ്പ് നിലനിർത്തിയിരിക്കുന്നത്. 1400 ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ഉറപ്പിച്ചാണ് ബ്ലോഡിങ് ബ്രിഡ്ജ് നിർമ്മിച്ചത്. പകൽ 11 മണി മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. കൂടാതെ ബനാന ബോട്ട്, ജിസ്ക്കി സ്പീഡ് ബോട്ട് മുതലായ ബോട്ടുകളും സജ്ജമാണ്. ഉന്നത പരിശീലനം ലഭിച്ചവരുടെ സേവനവും ഉണ്ട്. പുതുവത്സര ദിനത്തില്‍ വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുമെന്ന് ടൂറിസം ഡിപ്പാർട്ട്മെൻറ് അറിയിച്ചു.