എന്തൊരു കൊള്ള! ഓണത്തിന് പുട്ടുകച്ചവടമല്ല, കഴുത്തറപ്പ്, കുതിച്ചുയർന്ന് ബസ് നിരക്കുകൾ

തിരുവനന്തപുരത്തു നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഉൾപ്പെടെ തീവെട്ടിക്കൊള്ളയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നതെന്നാണ് യാത്രികർ പറയുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ഏകദേശം 4000 രൂപയും തൃശൂരിലേക്ക് 3200 രൂപയുമാണ് 13ന് സ്വകാര്യ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ ടിക്കറ്റ് നിരക്കുകൾ. സെപ്റ്റംബർ 10-15 തീയതികളിൽ ടിക്കറ്റുകളൊന്നും കിട്ടാത്ത അവസ്ഥയാണെന്നും യാത്രക്കാർ പറയുന്നു. 

Bus fares for inter districts travel going skyrocket during Onam season

ണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് കുതിച്ചുയർന്ന് ദീർഘ ദൂര ബസ് നിരക്കുകൾ. തിരുവനന്തപുരത്തു നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഉൾപ്പെടെ തീവെട്ടിക്കൊള്ളയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നതെന്നാണ് യാത്രികർ പറയുന്നത്. നിരക്കില്‍ നാലിരട്ടി വര്‍ധനവാണ് പല സ്വകാര്യ ബസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. അന്തര്‍സംസ്ഥാന ബസുകളിലും സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ നാലിരട്ടിയാണ് ഒരു ടിക്കറ്റിന് നല്‍കേണ്ടത്. ട്രെയിന്‍ ടിക്കറ്റ് കിട്ടാതെയായതോടെ ഓണത്തിനായി സ്വന്തം നാട്ടിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബസ് നിരക്ക് ഇരുട്ടടിയായി. 

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ഏകദേശം 4000 രൂപയും തൃശൂരിലേക്ക് 3200 രൂപയുമാണ് 13ന് സ്വകാര്യ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ ടിക്കറ്റ് നിരക്കുകൾ.  സെപ്റ്റംബർ 10-15 തീയതികളിൽ ടിക്കറ്റുകളൊന്നും കിട്ടാത്ത അവസ്ഥയാണെന്നും യാത്രക്കാർ പറയുന്നു. 

അതേസമയം ബെംഗളൂരുവിൽ ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുന്നു. കർണാടക ആർ.ടി.സിയും നിരക്ക് വർധിപ്പിച്ചു. ബംഗളൂരു-കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്. കൂടുതൽ പേർ നാട്ടിലേക്ക് പോകുന്ന 12, 13 തീയതികളിലാണ് നിരക്ക് വർധന. 12 ന് കൊച്ചിയിലേക്ക് 2000 – 4250 രൂപ വരെ നൽകണം.

കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബെംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ബെംഗളൂരു – തിരുവനന്തപുരം സാധാരണ 1200 – 2000 ഉള്ളതാണ് 4500 – 6000 ആയി ഉയര്‍ന്നത്. കൊച്ചി – ചെന്നൈ സാധാരണ 900 – 1500 ഉണ്ടായിരുന്നത് 3000 – 5000 രൂപ ആയാണ് ഉയര്‍ന്നത്.

മൈസൂരു – തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 1300 – 1800 ഉണ്ടായിരുന്നത്, 2500 – 4000 രൂപ ആയാണ് ഉയര്‍ന്നത്. മംഗളൂരു – തിരുവനന്തപുരം 1282 – 2800 രൂപ ഉണ്ടായിരുന്നത്, 2500 – 3500 രൂപ ആയും ഉയര്‍ന്നു. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക് സ്വകാര്യ ബസിന് 2850 – 3500 രൂപയുണ്ടായിരുന്നത് 4000 – 7000 രൂപ ആയും ഉയര്‍ന്നു. കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ടിക്കറ്റുകളും നേരത്തെ ബുക്കിങ്ങായി. ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ 900 മുതല്‍ 1600 രൂപ വരെയാണ് പരമാവധി നിരക്ക്. 

കൂടുതല്‍ ഡിമാന്‍ഡുള്ള റൂട്ടുകളായ ബെംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നിലവില്‍ ടിക്കറ്റ് കിട്ടാനില്ല. തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ മാത്രമാണ് ഇനി ആശ്രയിക്കാന്‍ കഴിയുക. തത്കാല്‍ ലഭിച്ചില്ലെങ്കില്‍ അവസാന നിമിഷം യാത്ര മുടങ്ങുന്ന സ്ഥിതിയും ഉണ്ടായേക്കും. തത്കാലില്‍ സ്ലീപ്പര്‍ ക്ലാസിന് 200 രൂപ, എസി ചെയര്‍കാര്‍ 225, എസി ത്രീടയര്‍ 400, സെക്കന്‍ഡ് എസി 500 എന്നിങ്ങനെയാണ് അധികം നല്‍കേണ്ടത്. അതേസമയം ചെന്നൈയില്‍ നിന്നും എറണാകുളത്തേക്ക് വൻ തുകയാണ് സ്വകാര്യബസുകൾ ഇടാക്കുന്നത്. 13ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന ബസിന് എറണാകുളം വരെ യാത്ര ചെയ്യണമെങ്കിൽ 4000 രൂപയോളം ഈടാക്കുന്നുണ്ട്.  സാധാരണ ദിവസങ്ങളിൽ 1500 രൂപയ്ക്ക് ഉള്ളിൽ ലഭിക്കുന്ന ടിക്കറ്റിനാണ് ഇത്രയും തുക ഈടക്കുന്നത്. 

ഓണാവധി കഴിഞ്ഞ് വിവിധ നഗരങ്ങളിലേക്ക് തിരിച്ച് പോകേണ്ടവരും ഉയർന്ന നിരക്ക് തന്നെ നല്‍കേണ്ടിവരും. ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാനില്ലാത്തതും സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയക്രമം അനുയോജ്യമല്ലാത്തതുമാണ് ബസ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകൾ. 

 

Latest Videos
Follow Us:
Download App:
  • android
  • ios