ബെംഗളൂരു നഗരത്തിലൂടെ 299 കിമീ വേഗതയില്‍ യുവാവ് ബൈക്കോടിക്കുന്ന ദൃശ്യങ്ങള്‍; പിന്നീട് സംഭവിച്ചത്
ഇലക്ട്രോണിക് സിറ്റി ഫ്‌ലൈഓവറിലൂടെ അതിവേഗതയില്‍ പോകുന്ന ദൃശ്യങ്ങള്‍ ബൈക്ക് ഓടിച്ച യുവാവ് തന്നെയാണ് വീഡിയോ എടുത്തത്.
ബെംഗളൂരു: നഗരത്തിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം. അതിവേഗതയില്‍ പൊകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ ബൈക്കും റൈഡറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് സംഭവം ട്വീറ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം. യമഹ ആര്‍ വണ്ണിലായിരുന്നു യുവാവിന്റെ ചീറിപ്പായല്‍.
വീഡിയോ ദൃശ്യങ്ങള്‍
ഇലക്ട്രോണിക് സിറ്റി ഫ്‌ലൈഓവറിലൂടെ അതിവേഗതയില്‍ പോകുന്ന ദൃശ്യങ്ങള്‍ ബൈക്ക് ഓടിച്ച യുവാവ് തന്നെയാണ് വീഡിയോ എടുത്തത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതാണ് യുവാവിന്റെ നടപടിയെന്ന് സന്ദീപ് പാട്ടീല്‍ ട്വീറ്റ് ചെയ്തു. ബൈക്ക് ട്രാഫിക് പൊലീസിന് കൈമാറി.
10 കിലോമീറ്റര്‍ നീളത്തിലുള്ള ഫ്‌ലൈഓവറിലാണ് യുവാവിന്റെ അഭ്യാസ പ്രകടനം. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചായികരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സ്പീഡോ മീറ്റര്‍ കാണുന്ന വിധത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ജനശ്രദ്ധയാകര്‍ഷിക്കാനാണ് യുവാവ് അതിവേഗതയില്‍ ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.