യാത്രക്കാർ ജാഗ്രത, ഈ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് സെപ്റ്റംബർ മൂന്നിനു ശേഷം ഉണ്ടാവില്ല!
അടുത്ത ആഴ്ച ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്ത് എവിടെയെങ്കിലും പോകാൻ പദ്ധതിയിടുന്നുവെങ്കിൽ, ഒരു നിമിഷം ശ്രദ്ധിക്കുക. പ്രത്യേകിച്ച് വിസ്താര എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക. സെപ്റ്റംബർ 3 ന് ശേഷം, നിങ്ങൾക്ക് ഈ എയർലൈനിൻ്റെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല, നവംബർ 11 ന് ശേഷം കമ്പനിയുടെ വിമാനങ്ങൾക്ക് ആകാശത്ത് പറക്കാൻ കഴിയില്ല. ഇതാ ഇതേപ്പറ്റി അറിയേണ്ടതെല്ലാം
നിങ്ങൾ അടുത്ത ആഴ്ച ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്ത് എവിടെയെങ്കിലും പോകാൻ പദ്ധതിയിടുന്നുവെങ്കിൽ, ഒരു നിമിഷം ശ്രദ്ധിക്കുക. പ്രത്യേകിച്ച് വിസ്താര എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക. സെപ്റ്റംബർ 3 ന് ശേഷം, നിങ്ങൾക്ക് ഈ എയർലൈനിൻ്റെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല, നവംബർ 11 ന് ശേഷം കമ്പനിയുടെ വിമാനങ്ങൾക്ക് ആകാശത്ത് പറക്കാൻ കഴിയില്ല. ഇതാ ഇതേപ്പറ്റി അറിയേണ്ടതെല്ലാം
വിസ്താര എയർലൈൻസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ-വിസ്താര ലയനത്തെപ്പറ്റി അറവുണ്ടായിരിക്കും. നിങ്ങൾക്ക് അതിൻ്റെ വിമാനത്തിൽ യാത്ര ചെയ്യണമെങ്കിൽ, സെപ്റ്റംബർ 3-നകം നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. കാരണം ഇതിന് ശേഷം വിസ്താര ബുക്കിംഗിന് ഒരു ഇടവേള ഉണ്ടാകും. നവംബർ 11ന് ശേഷം എയർലൈൻ വിമാനങ്ങൾ പറക്കില്ല. ഇതിന് പിന്നിലെ കാരണം, എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം തന്നെയാണ്. എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുന്നതിന് സിംഗപ്പൂർ എയർലൈൻസിന് എഫ്ഡിഐ അനുമതി ലഭിച്ചു. എയർ ഇന്ത്യയുടെയും സിംഗപ്പൂർ എയർലൈൻസിൻ്റെയും സംയുക്ത സംരംഭമാണ് വിസ്താര. ലയനം പൂർത്തിയാകുമ്പോൾ, എല്ലാ വിസ്താര വിമാനങ്ങളും എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കും.
നവംബർ 11ന് ശേഷം യാത്രക്കാർ എന്ത് ചെയ്യും?
സർക്കാരിൽ നിന്ന് എഫ്‍ഡിഐ അനുമതി ലഭിച്ച ശേഷം, ഈ ലയനത്തിൻ്റെ പ്രക്രിയ വേഗത്തിലാക്കും. ഈ ലയനം 2024 അവസാനത്തോടെ പൂർത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിലൂടെ വിസ്താര എയർലൈൻസ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടു. 2024 സെപ്റ്റംബർ 3-ന് ശേഷം എയർലൈൻ ബുക്കിംഗ് നിർത്തുമെന്നും 2024 നവംബർ 12-ന് ശേഷമുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ലെന്നും അതിൽ പറയുന്നു. ഇതിനുശേഷം, എല്ലാ വിസ്താര വിമാനങ്ങളും എയർ ഇന്ത്യ നേരിട്ട് പ്രവർത്തിപ്പിക്കുകയും അവിടെ നിന്ന് ബുക്കിംഗും നടത്തുകയും ചെയ്യും. അതായത് വിസ്താരയുടെ അവസാന വിമാനം 2024 നവംബർ 11-ന് പറന്നുയരും.
2013 നവംബർ 5 നാണ് വിസ്‍താര എയർലൈൻസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ അത് നിർത്തിവയ്ക്കാൻ പോകുന്നു. ഈ ലയനത്തെക്കുറിച്ച് സംസാരിച്ച സിഇഒ വിനോദ് കണ്ണൻ, ഒരു പതിറ്റാണ്ടായി എയർലൈനുകളിൽ വിശ്വസിച്ച് യാത്ര ചെയ്തതിന് ഉപഭോക്താക്കളോട് നന്ദി അറിയിച്ചു. ഇതോടൊപ്പം യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനായി കൂടുതൽ വിമാന സർവ്വീസുകളും നെറ്റ്‌വർക്കുകളും ലഭ്യമാക്കുകയാണ് എയർ ഇന്ത്യയുമായുള്ള ലയനത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇരു എയർലൈനുകളും തങ്ങളുടെ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും പതിവ് അപ്‌ഡേറ്റുകൾ പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. ലയനത്തിന് ശേഷം പ്രവർത്തനങ്ങളും ജീവനക്കാരും ഉപഭോക്തൃ സേവനങ്ങളും കാര്യക്ഷമമായ സഹകരണത്തോടെ കാര്യക്ഷമമാക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണും വിനോദ് കണ്ണനെ പ്രതിധ്വനിപ്പിച്ചു.
ലയനം പ്രഖ്യാപിച്ചത് 2022ൽ
2022 നവംബറിലാണ് എയർ ഇന്ത്യ-വിസ്‍താര ലയനം പ്രഖ്യാപിച്ചത്. വിസ്‍താര എയർലൈൻസിൽ 49 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസിനാണ് എഫ്ഡിഐക്ക് സർക്കാർ അനുമതി ലഭിച്ചത്. അതേസമയം ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് വിസ്‍താരയിൽ 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സിംഗപ്പൂർ എയർലൈൻസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. റെഗുലേറ്റർ അനുമതിക്ക് ശേഷം വിസ്‍താരയുടെ വിമാനങ്ങളെയും ക്രൂ അംഗങ്ങളെയും എയർ ഇന്ത്യയിൽ ഉൾപ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകൾ.
നേരത്തെ വിസ്‍താര-എയർ ഇന്ത്യ ലയന കരാർ 2024 ഒക്ടോബർ 31നകം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജൂണിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) കരാറിന് അംഗീകാരം നൽകിയിരുന്നു. മാർച്ചിൽ, സിംഗപ്പൂരിലെ റെഗുലേറ്റർ ആയ സിസിസിഎസ് നിർദ്ദിഷ്ട കരാറിന് അനുമതി നൽകിയിരുന്നു. നേരത്തെ 2023 സെപ്റ്റംബറിൽ, ഈ കരാറിന് ചില വ്യവസ്ഥകളോടെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരവും ലഭിച്ചിരുന്നു.