'പൊന്നിയിന്‍ സെല്‍വന്‍ 2'ന് വെല്ലുവിളിയാവുമോ ഈ 6 കോടി ചിത്രം? വിസ്‍മയിപ്പിക്കാന്‍ 'യാതിസൈ': ട്രെയ്‍ലര്‍
ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും
ഇന്ത്യന്‍ സിനിമയില്‍ ഇത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. ഒരു കാലത്ത് ബോളിവുഡ് ആണ് പണമിറക്കി പണം വാരിയിരുന്നതെങ്കില്‍ ബാഹുബലിക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയും ആ വഴിയേ സ്ഥിരം സഞ്ചരിച്ച് തുടങ്ങി. ഒടിടിയുടെ ബിഗ് സ്ക്രീന്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ തിയറ്ററുകളില്‍ ആളെത്തൂ എന്ന വിലയിരുത്തലും സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ട്. എന്നാല്‍ ചെറിയ ബജറ്റില്‍ ഒരു പിരീഡ് ഡ്രാമ ചിത്രം നിര്‍മ്മിക്കപ്പെട്ടാലോ? അത് സാധ്യമാണോ എന്ന് ചോദിക്കാന്‍ വരട്ടെ. തമിഴ് സിനിമയില്‍ നിന്ന് അത്തരത്തില്‍ ഒരു ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന യാതിസൈ ആണ് ആ ചിത്രം. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ യാതിസൈ പറയുന്നത് പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാക്കുന്നത്. ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയതോടെയാണ് ഈ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ച ആയിരിക്കുന്നത്. ചിത്രത്തിന്‍റെ ബജറ്റ് ആണ് പ്രധാനമായും ഈ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്നത്. വെറും 5- 6 കോടി മാത്രമാണ് ഈ ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖരുടെ വലിയ താരനിരയും ഇല്ല.
ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നതിന് ഒരാഴ്ച മുന്‍പ് യാതിസൈ തിയറ്ററുകളില്‍ എത്തും എന്നതാണ് മറ്റൊരു കൗതുകം. പി എസ് 2 ഏപ്രില്‍ 28 നാണ് റിലീസ് ചെയ്യപ്പെടുകയെങ്കില്‍ യാതിസൈ റിലീസ് ഏപ്രില്‍ 21 ന് ആണ്.