ഫ്രീക്ക് ലുക്കില്‍ ചിരഞ്ജീവി, ഇനി 'വാള്‍ട്ടര്‍ വീരയ്യ': ടൈറ്റില്‍ ടീസര്‍
ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം
ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിരഞ്ജീവി ആവതരിപ്പിക്കുന്നത്. വാള്‍ട്ടര്‍ വീരയ്യ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഫ്ലോറല്‍ പാറ്റേണിലുള്ള ഹാഷ് സ്ലീവ് ഷര്‍ട്ടും ഗോള്‍ഡ് പ്ലേറ്റഡ് റിസ്റ്റ് വാച്ചും സ്വര്‍ണ്ണ ചെയിനുകളും കൂംളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് ഫ്രീക്ക് ലുക്കിലാണ് ടീസറില്‍ ചിരഞ്ജീവിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഒപ്പം കഥാപാത്രത്തിന് ഇന്‍ട്രൊഡക്ഷനുവേണ്ടി വലിയൊരു ബ്ലാസ്റ്റും കാണിക്കുന്നുണ്ട് ടീസറില്‍. വലിയ പ്രതികരണമാണ് ചിരഞ്ജീവി ആരാധകരില്‍ നിന്ന് ടീസറിന് ലഭിക്കുന്നത്.
ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ദേവി ശ്രീ പ്രസാദ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍തര്‍ എ വില്‍സണ്‍ ആണ്. എഡിറ്റിംഗ് നിരഞ്ജന്‍ ദേവറാമണെ, സംഘട്ടനം റാം ലക്ഷ്‍മണ്‍, വസ്ത്രാലങ്കാരം സുഷ്മിത കോണിഡെല, സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.
ALSO READ : അലസനെന്ന് പരിഹസിച്ചവര്‍ക്ക് നിശബ്‍ദരാവാം; 'സലാറി'ല്‍ കാണാം ആ പഴയ പ്രഭാസിനെ
അതേസമയം ചിരഞ്ജീവി ആരാധകര്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരുന്ന പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഗോഡ്‍ഫാദര്‍. മലയാളത്തില്‍ വന്‍ വാണിജ്യ വിജയം നേടിയ ലൂസിഫറിന്‍റെ ഒഫിഷ്യല്‍ റീമേക്ക് എന്നത് ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ഉയര്‍ത്തിയിരുന്നത്. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഹിന്ദി സിനിമാപ്രേമികള്‍ക്കിടയിലും ചിത്രത്തെക്കുറിച്ച് താല്‍പര്യം ഉയര്‍ത്തിയ ഘടകമാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ റോളില്‍ നയന്‍താരയാണ് എത്തിയത്.