Valimai trailer : ആക്ഷനില്‍ വിസ്‍മയിപ്പിക്കാന്‍ അജിത്ത് കുമാര്‍; 'വലിമൈ' ട്രെയ്‍ലര്‍
രണ്ടര വര്‍ഷത്തിനു ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം
അജിത്ത് കുമാറിനെ (Ajith Kumar) നായകനാക്കി എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'വലിമൈ'യുടെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ (Valimai trailer) പുറത്തെത്തി. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് ചിത്രം എന്ന നിലയില്‍ ഇതിനകം വന്‍ ഹൈപ്പ് ലഭിച്ചിരിക്കുന്ന ചിത്രമാണിത്. ആക്ഷന്‍, ബൈക്ക് റേസിംഗ് രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്‍റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ദിലീപ് സുബ്ബരായന്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൊലീസ് യൂണിഫോണിലാണ് അജിത്ത് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് നായികമാരുണ്ട് ചിത്രത്തില്‍. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര, ബാനി, പുകഴ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് പേളി മാണിയും ദിനേശ് പ്രഭാകറും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
നീരവ് ഷാ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ, കലാസംവിധാനം കെ കതിര്‍, എഡിറ്റിംഗ് വിജയ് വേലക്കുട്ടി. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.