Valimai Making Video : ബൈക്ക് സ്റ്റണ്ടിനിടെ വീഴുന്ന അജിത്ത്; 'വലിമൈ' മേക്കിംഗ് വീഡിയോ

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അജിത്ത് കുമാര്‍ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്

valimai making video Ajith Kumar vinoth boney kapoor Zee Studios

രണ്ടര വര്‍ഷത്തിനു ശേഷമാണ് അജിത്ത് കുമാര്‍ (Ajith Kumar) നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. 'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനാവുന്ന 'വലിമൈ' (Valimai) കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീണ്ടുപോയ ചിത്രമാണ്. രണ്ടര വര്‍ഷത്തെ ഇടവേള സംഭവിച്ചതിനാല്‍ത്തന്നെ അജിത്ത് ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ സംവിധായകന്‍ എച്ച് വിനോദ് തന്നെയാണ് വലിമൈയും ഒരുക്കിയിരിക്കുന്നത്. 2022 പൊങ്കല്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പുറത്തുവിട്ടുതുടങ്ങിയിരിക്കുകയാണ് അണിയറക്കാര്‍. അതിന്‍റെ തുടക്കമെന്നോണം ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ (Making Video) ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളുണ്ട്. ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ചിത്രത്തില്‍ ആവോളമുണ്ട്. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് യൂണിഫോമിലാണ് അജിത്ത് കുമാര്‍ എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് കുമാര്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തിലേത്. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios