Twenty One Grams Trailer : അനൂപ് മേനോനൊപ്പം രഞ്ജിത്ത്; 21 ഗ്രാംസ് ട്രെയ്‍ലര്‍
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
അനൂപ് മേനോനെ (Anoop Menon) നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 21 ഗ്രാംസ് (twenty one grams) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം പകരുന്ന ചിത്രംകൂടിയാണിത്. ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, മാലിക് എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സുജിത്ത് മടന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്. ദ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മാര്‍ച്ച് 18ന് ചിത്രം തിയറ്ററുകളില്‍ എഥ്തും.
അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പുറത്തെത്താനിരിക്കുന്നത്. പദ്മ, കിംഗ് ഫിഷ് എന്നിവയാണ് അവ. രചനയ്ക്കും സംവിധാനത്തിനുമൊപ്പം അനൂപ് മേനോന്‍ തന്നെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അതേസമയം കിംഗ് ഫിഷില്‍ അനൂപിനൊപ്പം സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്‍റെയും രചന അനൂപ് മേനോന്‍റേത് തന്നെയാണ്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് നിര്‍മ്മാണം. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍. ഏറെക്കാലമായി പൂര്‍ത്തിയായിരിക്കുന്ന ചിത്രമാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
കണ്ണന്‍ താമരക്കുളത്തിന്‍റെ സംവിധാനത്തിലെത്തുന്ന വരാല്‍ എന്ന ചിത്രത്തിലും അനൂപ് മേനോന്‍ ആണ് നായകന്‍. നായകനാവുന്ന അനൂപ് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.