Bheemante Vazhi Trailer|'അപ്പോ തത്ക്കാലം ഭീമന്റെ വഴിക്ക് പോട്ടെ കാര്യങ്ങള്'; 'ഭീമന്റെ വഴി' ട്രെയിലർ
'ഈ വഴി എന്ന് പറയുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളമാണ്' എന്ന വാചകത്തോടെയാണ് ട്രെയിലറിന്റെ ആരംഭം.
തിരുവനന്തപുരം: കുഞ്ചാക്കോ ബോബനും (Kunchakko boban) ചെമ്പൻ വിനോദ് ജോസും (Chemban Vinod Jose) പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) ട്രെയിലർ പുറത്തിറങ്ങി. തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ഈ വഴി എന്ന് പറയുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളമാണ്' എന്ന വാചകത്തോടെയാണ് ട്രെയിലറിന്റെ ആരംഭം. വിൻസി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിർമ്മൽ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഈ മാസം ആദ്യമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്.
ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ഭീമന്റെ വഴി നിർമിക്കുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തിൽ വിനയ് ഫോർട്ടായിരുന്നു നായകൻ. കുറ്റിപ്പുറത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.