Kurup Trailer Announcement | റിലീസിന് ഒന്‍പത് ദിവസം; 'കുറുപ്പ്' ട്രെയ്‍ലര്‍ നാളെ, അനൗണ്‍സ്‍മെന്‍റ് വീഡിയോ
മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്ത ചിത്രമാണിത്. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്.
കൊവിഡ് ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍റേതായി (Dulquer Salmaan) തിയറ്ററുകളിലെത്തുന്ന ചിത്രമാണ് 'കുറുപ്പ്' (Kurup Movie). ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 35 കോടി ബജറ്റിലെത്തുന്ന ചിത്രത്തിലെ ദുല്‍ഖറിന്‍റെ ടൈറ്റില്‍ കഥാപാത്രമായ 'കുറുപ്പ്' കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണ്. ഈ മാസം 12ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നാളെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തും. ഒരു വീഡിയോയിലൂടെയാണ് (Trailer Announcement Video) അണിയറക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്ത ചിത്രമാണിത്. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
'മരക്കാര്‍' റിലീസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍, സിനിമാ സംഘടനകളുമായി ചര്‍ച്ച
ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ.