'കുടുംബം വേണോ രാജ്യം വേണോ'; കൊടുംവില്ലനായി ഇമ്രാന്‍ ഹാഷ്മി, തിളങ്ങി രേവതി: ടൈഗര്‍ 3 ട്രെയിലര്‍.!
കനത്ത ആക്ഷനാണ് ചിത്രത്തില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിദേശ ലൊക്കേഷനുകളില്‍ അടക്കം ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
മുംബൈ: യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം റിലീസാകാനുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പഠാന് ശേഷം ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനിയായ യാഷ് രാജ് അടുത്ത 1000 കോടി പ്രതീക്ഷിക്കുന്ന ചിത്രമാണ് ടൈഗര്‍ 3.
കനത്ത ആക്ഷനാണ് ചിത്രത്തില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിദേശ ലൊക്കേഷനുകളില്‍ അടക്കം ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൈഗര്‍ സിനിമയുടെ മറ്റു ഭാഗങ്ങളിലും കത്രീനയായിരുന്നു നായിക. രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്‍റാണ് ചിത്രത്തില്‍. രേവതി സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ട്രെയിലറില്‍ പലയിടത്തും ഇമ്രാന്‍റെ നരേഷനാണെങ്കിലും ട്രെയിലറിന്‍റെ അവസാനം മാത്രമാണ് ഇമ്രാന്‍ ഹാഷ്മിയെ കാണിക്കുന്നത്. ശക്തനായ വില്ലനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.
വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ടൈഗര്‍ 3യില്‍ ഷാരൂഖ് പഠാനായി എത്തുമെന്നാണ് വിവരം.
ബാന്‍ഡ് ബാജ ഭാരത്, ലേഡീസ് വേഴ്സസ് റിക്കി ബാല്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ മനീഷ് ശര്‍മ്മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്യുന്നത്. നവംബര്‍ 12നാണ് ചിത്രം ദീപാവലി റിലീസായി തീയറ്ററുകള്‍ എത്തുക.
'അയ്യപ്പനും കോശിയും' റീമേക്കിന് ശ്രമിച്ചു; തമിഴിലെ 'അയ്യപ്പനെയും കോശിയെയും' വെളിപ്പെടുത്തി ലോകേഷ്