'മേഡ് ഇന്‍ കാഞ്ഞങ്ങാട്'; 'തിങ്കളാഴ്ച നിശ്ചയ'ത്തിന് ഡയറക്റ്റ് ഒടിടി റിലീസ്: ട്രെയ്‍ലര്‍
'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്‍ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്‍ഡെ ആണ്
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‍കാരങ്ങള്‍ നേടിയ ചിത്രം 'തിങ്കളാഴ്ച നിശ്ചയം' (Thinkalazhcha Nishachayam) ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി പ്രേക്ഷകരിലേക്ക്. സോണി ലിവ് (Sony Liv) എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സോണി ലിവ് അവതരിപ്പിച്ചു.
'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്‍ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്‍ഡെ ആണ്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും. നേരത്തെ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ പ്രേക്ഷകപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനൊപ്പം മികച്ച കഥയ്ക്കുള്ള പുരസ്‍കാരവും ഈ ചിത്രത്തിനായിരുന്നു.
അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി ആര്‍, മനോജ് കെ യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. പുഷ്‍കര്‍ ഫിലിംസിന്‍റെ ബാനറില്‍ പുഷ്‍കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, സെന്ന ഹെഗ്‍ഡെയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ടൊവീനോ നായകനായ 'കാണെക്കാണെ' ആയിരുന്നു സോണി ലിവിന്‍റെ ആദ്യ ഡയറക്റ്റ് മലയാളം റിലീസ്.