സഖാവായി ജഗദീഷ്, അരാഷ്ട്രീയവാദിയായ മകനായി അര്‍ജുന്‍ അശോകന്‍; 'തീപ്പൊരി ബെന്നി' ട്രെയ്‍ലര്‍
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം
കറകളഞ്ഞ സഖാവായ വട്ടക്കുട്ടായിൽ ചേട്ടായിക്ക് പാർട്ടി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എന്നാൽ രാഷ്ട്രീയത്തെ തന്നെ എതിര്‍ക്കുന്നയാളാണ് അയാളുടെ മകൻ ബെന്നി. ബെന്നി ഇഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിക്കാകട്ടെ രാഷ്ട്രീയം മുഖ്യമാണ്. ഇവരുടെ സംഭവബഹുലമായ ജീവിതകഥ പറയുന്ന തീപ്പൊരി ബെന്നിയുടെ ട്രെയിലർ പുറത്തെത്തി. അടുത്തിടെ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ യുവതാരം അർജുൻ അശോകനും മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോർജ്ജുമാണ് ചിത്രത്തിൽ നായകനും നായികയുമായെത്തുന്നത്. ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ മുതിർന്ന നടൻ ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായി എന്ന സുപ്രധാന കഥാപാത്രമായെത്തുന്നത്. സെപ്റ്റംബർ 22നാണ് സിനിമയുടെ റിലീസ്. ചിരി നുറുങ്ങുകളുമായി ഏവരേയും രസിപ്പിക്കുന്ന സിനിമ തന്നെയാകും തീപ്പൊരി ബെന്നിയെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
ഒരു നാട്ടിൻപുറത്തെ അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമൊരുക്കുന്നത് വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്. വട്ടക്കുട്ടായിൽ ചേട്ടായി എന്ന വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗദീഷ് അവതരിപ്പിക്കുന്നത്. ഇയാളുടെ മകനായ ബെന്നിയായി അർജുൻ അശോകനെത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അപ്പനെങ്കിലും മകന്‍ രാഷ്ട്രീയത്തെത്തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.
ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ് റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം ശ്രീരാഗ് സജി, എഡിറ്റർ സൂരജ് ഇ എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ് അജിത് എ ജോർജ്, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, സ്റ്റണ്ട് മാഫിയ ശശി, മേക്കപ്പ് മനോജ് കിരൺ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിൻ ജെസ്സി, വിഎഫ്എക്സ് പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍ അലക്സ് ഇ കുര്യൻ, സ്റ്റിൽസ് അജി മസ്കറ്റ്, കളറിസ്റ്റ് ലിജു പ്രഭാകർ, ട്രെയിലർ കട്ട്സ് കണ്ണൻ മോഹൻ, ടൈറ്റിൽ ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പിആർഒ ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
ALSO READ : ഇത് മ്യൂസിക്കല്‍ ഫസ്റ്റ് ലുക്ക്! പ്രൊമോഷനില്‍ പുതുമയുമായി അല്‍ഫോന്‍സ് പുത്രന്‍ ചിത്രം