യഷ് ചോപ്രയ്ക്ക് ആദരവുമായി നെറ്റ്ഫ്ലിക്സ് സിരീസ്; 'ദി റൊമാന്‍റിക്സ്' ട്രെയ്‍ലര്‍
ഹിന്ദി സിനിമയിലെ പ്രമുഖരായ മുപ്പത്തിയഞ്ചോളം പേര്‍ സിരീസില്‍ യഷ് ചോപ്രയും യഷ് രാജ് ഫിലിംസുമായുള്ള തങ്ങളുടെ അനുഭവം പങ്കുവച്ച് എത്തുന്നുണ്ട്
സംവിധായകനായും നിര്‍മ്മാതാവായും ബോളിവുഡിന്‍റെ ബിഗ് സ്ക്രീനിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടാവില്ല, യഷ് ചോപ്രയെപ്പോലെ. 1959 മുതല്‍ 2012 വരെ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയും യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലൂടെയും ബോളിവുഡില്‍ നവ ഭാവുകത്വം കൊണ്ടുവന്ന സംവിധായകനും നിര്‍മ്മാതാവുമാണ് അദ്ദേഹം. ബോളിവുഡില്‍ മൂന്ന് തലമുറയില്‍ പെട്ട അഭിനേതാക്കളെ കൊണ്ടുവന്ന പ്രൊഡക്ഷന്‍ കമ്പനിയുമാണ് യഷ് രാജ് ഫിലിംസ്. ബോളിവുഡ് എക്കാലവും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്ന പ്രിയ സംവിധായകന് ആദരവുമായി എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്. നാല് എപ്പിസോഡുകളായെത്തുന്ന ഡോക്യു സിരീസിന്‍റെ പേര് ദി റൊമാന്‍റിക്സ് എന്നാണ്. സിരീസിന്‍റെ ട്രെയ്ലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.
ഹിന്ദി സിനിമയിലെ പ്രമുഖരായ മുപ്പത്തിയഞ്ചോളം പേര്‍ സിരീസില്‍ യഷ് ചോപ്രയും യഷ് രാജ് ഫിലിംസുമായുള്ള തങ്ങളുടെ അനുഭവം പങ്കുവച്ച് എത്തുന്നുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരൊക്കെ സിരീസില്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ മാച്ച്മേക്കിംഗ് എന്ന ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധ നേടിയ സ്മൃതി മുന്ദ്രയാണ് ദി റൊമാന്‍റിക്സ് സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം യഷ് രാജ് ഫിലിംസിന്‍റെ ഏറ്റവും പുതിയ ചിത്പം പഠാന്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുന്നത് തുടരുകയാണ്. ഷാരൂഖ് ഖാന്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രം 500 കോടിയിലേറെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിക്കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.