ഭൂതോച്ചാടനവുമായി 'ഗ്ലാഡിയേറ്റര്‍' താരം; ഭയപ്പെടുത്താന്‍ 'പോപ്പ്സ് എക്സോര്‍സിസ്റ്റ്' വരുന്നു
സോണി പിക്ചേഴ്സ് ആണ് വിതരണം
ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ആഗോള തലത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. റസല്‍ ക്രോ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ദി പോപ്പ്സ് എക്സോര്‍സിസ്റ്റ് എന്നാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രം ഫാദർ ഗബ്രിയേൽ അമോർത്ത് ആയാണ് അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ റസല്‍ ക്രോ എത്തുന്നത്. ഏപ്രില്‍ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
ഡാനിയൽ സോവാട്ടോ, അലക്സ് എസ്സോ, ഫ്രാങ്കോ നീറോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഫാദർ ഗബ്രിയേൽ അമോർത്തിന്റെ ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി ആന്‍ഡ് ആന്‍ എക്സോര്‍സിസ്റ്റ്: മോര്‍ സ്റ്റോരീസ് എന്ന പുസ്‌തകത്തിലെ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായി (ചീഫ് എക്സോർസിസ്റ്റ്) പ്രവർത്തിക്കുകയും തന്റെ ജീവിതകാലത്ത് ഒരു ലക്ഷത്തിലധികം ഭൂതോച്ചാടനം നടത്തുകയും ചെയ്ത പുരോഹിതനായ ഫാദർ ഗബ്രിയേൽ അമോർത്തിന്റെ യഥാർത്ഥ ഫയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം കൂടിയാണിത്.
എക്സോർസിസ്റ്റായ ഒരു ആൺകുട്ടിയുടെ ഭയാനകമായ വസ്തുതകള്‍ അന്വേഷിക്കുന്നതും വത്തിക്കാൻ മറച്ചുവെക്കാൻ തീവ്രമായി ശ്രമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചന പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2022 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അയർലന്‍ഡിലെ ഡബ്ലിൻ, ലിമെറിക്ക് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ വിതരണം. ഗ്ലാഡിയേറ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള നടനാണ് റസല്‍ ക്രോ.
ALSO READ : കാണാം ആ പഴയ സുരാജിനെ; 'മദനേട്ടനാ'യി 'മദനോത്സവ'ത്തില്‍: ടീസര്‍