ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ 'വലാക്' വീണ്ടും; 'ദി നണ്‍ 2' ട്രെയ്‍ലര്‍
2018 ലാണ് ദി നണ്‍ പുറത്തെത്തിയത്
ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോണ്‍ജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നണ്‍. ബോണി ആറോണ്‍സ് ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വിജയം നേടിയ ഒരു ഹോളിവുഡ് ഹൊറര്‍ ചിത്രം കൂടിയാണ് നണ്‍. 2018 ലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാംഭാഗം പ്രദര്‍ശനത്തിന് എത്താന്‍ പോവുകയാണ്. ദി നണ്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
1956 ലെ ഫ്രാന്‍സ് ആണ് സിനിമയുടെ പശ്ചാത്തലം. ഒരു പാതിരി കൊല്ലപ്പെട്ടിരിക്കുന്നു. സംഭവിക്കാനിരിക്കുന്ന വലിയ വിപത്തുകളുടെ ഭൂതിയിലാണ് ചുറ്റുപാട്. വലാക് എന്ന കന്യാസ്ത്രീ പ്രേതവുമായി ഒരിക്കല്‍ക്കൂടി മുഖത്തോട് മുഖം വരേണ്ടിവരുന്നു സിസ്റ്റര്‍ ഐറീന്. തൈസ ഫാര്‍മിഗയാണ് സിസ്റ്റര്‍ ഐറീനെ അവതരിപ്പിക്കുന്നത്. സ്റ്റോം റീഡ്, അന്ന പോപ്പിള്‍വെല്‍, കേറ്റ്ലിന്‍ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൈക്കള്‍ ഷാവേസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ദി കഴ്സ് ഓഫ് ലാ ലൊറോണ, ദി കോണ്‍ജറിംഗ്: ദി ഡെവിള്‍ മേഡ് മി ഡു ഇറ്റ് എന്നീ ചിത്രങ്ങളൊരുക്കിയ മൈക്കളിന്‍റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഇത്. സെപ്റ്റംബര്‍ 8 ന് ലോകമാകെയുള്ള സിനിമാശാലകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇന്ത്യയില്‍ ഇംഗ്ലീഷ് പതിപ്പിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും റിലീസ് ഉണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് വിതരണം. 366 മില്യണ്‍ ഡോളര്‍ ആയിരുന്നു ദി നണ്‍ സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍.
ALSO READ : തമന്നയ്‍ക്കൊപ്പം ചുവട് വച്ച് രജനി; അനിരുദ്ധ് ഈണമിട്ട 'ജയിലറി'ലെ ആദ്യ ഗാനം