അടുത്ത ഒടിടി ഹിറ്റിന് സൂര്യ; 'ജയ് ഭീ'മില്‍ തീപ്പൊരി വക്കീല്‍; ട്രെയ്‍ലര്‍
അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം
ഒരിടവേളയ്ക്കു ശേഷം സൂര്യയ്ക്ക് (Suriya) ഹിറ്റ് നല്‍കിയ ചിത്രമായിരുന്നു 'സൂരറൈ പോട്ര്'. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് (Amazon Prime Video) എത്തിയത്. സൂര്യയുടെ അടുത്ത ചിത്രവും ആമസോണ്‍ പ്രൈമിന്‍റെ ഡയറക്റ്റ് പ്രീമിയര്‍ ആണ്. ത.സെ. ജ്ഞാനവേല്‍ (Tha Se Gnanavel) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ജയ് ഭീ'മിന്‍റെ (Jai Bhim) ഒഫിഷ്യല്‍ ട്രെയ്‍ലര്‍ (Official Trailer) പുറത്തെത്തി. അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. ശക്തമായ പ്രമേയവും അവതരണവുമാണ് ചിത്രത്തിലേതെന്ന് ട്രെയ്‍ലര്‍ പറയുന്നു.
മലയാളി താരം ലിജോമോള്‍ ജോസ് വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലിജോമോളുടേതെന്ന് ട്രെയ്‍ലര്‍ അടിവരയിടുന്നു. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഗീതം സീന്‍ റോള്‍ദാന്‍. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ദീപാവലി റിലീസ് ആയി നവംബര്‍ 2 ന് ചിത്രമെത്തും. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 44 മിനിറ്റ് ആണ് ദൈര്‍ഘ്യം.