പൃഥ്വിരാജിനു പകരം അക്ഷയ് കുമാര്‍, സുരാജിന് പകരം ഇമ്രാന്‍ ഹാഷ്‍മി; 'സെല്‍ഫി' ട്രെയ്‍ലര്‍

ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്

selfiee trailer 2 akshay kumar Emraan Hashmi prithviraj sukumaran nsn

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം സെല്‍ഫിയുടെ പുതിയ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത് എന്നതും കൌതുകമാണ്. 1.34 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുതിയ ട്രെയ്‍ലറിന്.

റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രവുമാണിത്. 'ഗുഡ് ന്യൂസ്' എന്ന ചിത്രം ഒരുക്കിയ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നായകന്‍ അക്ഷയ് കുമാര്‍ ആയതിനാല്‍ ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്. അതേസമയം തിയറ്ററുകളില്‍ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. 

ALSO READ : തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് സ്‍ഫടികം; ചരിത്രമായി റീ റിലീസ്

Latest Videos
Follow Us:
Download App:
  • android
  • ios