രസിപ്പിക്കാന്‍ 'ശശിയും ശകുന്തളയും'; ട്രെയ്‍ലര്‍ എത്തി
1970 - 75 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയൽ കോളേജുകളും അവിടുത്തെ പ്രണയവും പകയും മത്സരവുമെല്ലാം പശ്ചാത്തലമാക്കിയെത്തുന്നതാണ് ചിത്രം
പഴയ കാലഘട്ടത്തെ പുനരാവിഷ്കരിച്ചെത്തുന്ന സിനിമകൾ മലയാളത്തില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയമായ സിനിമയായിരുന്നു മൊയ്തീൻ, കാഞ്ചനമാല പ്രണയാഗ്നി പ്രേക്ഷക മനസ്സുകളിലേക്ക് പകർന്നു തന്ന 'എന്ന് നിന്‍റെ മൊയ്തീൻ' എന്ന സിനിമ. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ആ സിനിമയ്ക്ക് ശേഷം ആർ.എസ് വിമൽ അവതരിപ്പിക്കുന്ന പുതിയ സിനിമയായ 'ശശിയും ശകുന്തളയും' ട്രെയിലർ യൂട്യൂബിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
കാലഘട്ടത്തോട് നീതിപുലർത്തുന്ന അവതരണ മികവുമായി മനോഹരമായ ദൃശ്യങ്ങളും പിടിച്ചിരുത്തുന്ന പ്രകടനങ്ങളുമായാണ് സിനിമയെത്തുന്നതെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ. 1970 - 75 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയൽ കോളേജുകളും അവിടുത്തെ പ്രണയവും പകയും മത്സരവുമെല്ലാം പശ്ചാത്തലമാക്കിയെത്തുന്നതാണ് ചിത്രം. ശശിമാഷായി നടൻ സിദ്ദീഖിന്‍റെ മകൻ ഷാഹിൻ സിദ്ദീഖ് എത്തുന്ന സിനിമയിൽ പരമു എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത് ആർ.എസ്. വിമലാണ്.
രണ്ടു പാരലൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികള്‍ തമ്മിലുള്ള പകയും അവിടെ അധ്യാപകരായ ഇംഗ്ലീഷ് അധ്യാപകൻ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ പ്രമേയം. കോഴിക്കോട് വടകരയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം 'എന്ന് നിന്‍റെ മൊയ്തീൻ' ഷൂട്ട് ചെയ്ത കൊല്ലംങ്കോട് തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. കാലഘട്ടത്തോട് നീതിപുലർത്തുന്ന അവതരണമികവുമായി മനോഹരമായ ദൃശ്യങ്ങളും പിടിച്ചിരുത്തുന്ന പ്രകടനങ്ങളുമായാണ് സിനിമയെത്തുന്നതെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ.
അശ്വിൻകുമാർ സുധാകരൻ, സിദ്ദീഖ്, നേഹ (ആമി), രസ്ന പവിത്രൻ, ബാലാജി ശർമ, ബിനോയ് നമ്പ്യാല, സൂര്യകൃഷ്ണ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ആമി ഫിലിംസിന്‍റെ ബാനറിൽ ആര്‍ എസ് വിമൽ കഥയും തിരക്കഥയുമൊരുക്കി ബിച്ചാള്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ശശിയും ശകുന്തളയും' ഓഗസ്റ്റ് നാലിനാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ആര്‍ എസ് വിമലിനൊപ്പം സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരും ചേർന്നാണ് സിനിമയുടെ നിർമ്മാണം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രജയ് ജെ കമ്മത്ത്, മോഹൻ ഡിയോടേറ്റ, രചന: ആര്‍ എസ്സ് വിമൽ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, മനോജ് നാരായണൻ, എഡിറ്റർ: വിനയൻ എം ജെ, സംഗീതം: പ്രകാശ് അലക്സ് കെ പി, വിഎഫ്എക്സ് സൂപ്പർവൈസർ: വിനു, കലാസംവിധാനം: ബസന്ത് പെരിങ്ങോട്, മേക്കപ്പ്: വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂം: കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രസാദ് നമ്പിയങ്കാവ്, എസ്എഫ്എക്സ്: രാജേഷ് പി എം, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കള്‍, സ്റ്റിൽ: ഷിബി ശിവദാസ്, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, പോസ്റ്റർ ഡിസൈൻ: മാമിജോ.