'അര്‍ജുന്‍ റെഡ്ഡി'ക്കു ശേഷം 'റൊമാന്‍റിക്'; തെലുങ്ക് റൊമാന്‍റിക് ഡ്രാമ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും
ഭാഷാതീതമായി ആരാധകരെ നേടിയ തെലുങ്ക് റൊമാന്‍റിക് ഡ്രാമ ചിത്രമായിരുന്നു വിജയ് ദേവരകൊണ്ട നായകനായെത്തിയ 2017 ചിത്രം 'അര്‍ജുന്‍ റെഡ്ഡി'. ഹിന്ദിയിലേക്കും തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ഇപ്പോഴിതാ ബോക്സ് ഓഫീസ് പ്രതീക്ഷയുമായി ഇതേ ഗണത്തില്‍ പെടുന്ന മറ്റൊരു ചിത്രം കൂടി തെലുങ്കില്‍ നിന്ന് റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ അനില്‍ പാദുരി (Anil Paduri) സംവിധാനം ചെയ്‍തിരിക്കുന്ന 'റൊമാന്‍റിക്' (Romantic) എന്ന ചിത്രമാണ് അത്.
നേരത്തെ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ തെലുങ്ക് സിനിമയില്‍ ശ്രദ്ധ നേടിയ കലാകാരനാണ് അനില്‍ പാദുരി. റൊമാന്‍റിക് ഡ്രാമ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആകാശ് പുരിയും (Akash Puri) കേതിക ശര്‍മ്മയുമാണ് (Ketika Sharma). തെലുങ്കിലെ പ്രശസ്‍ത സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥിന്‍റെ (Puri Jagannadh) മകനാണ് ആകാശ്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പുരി ജഗന്നാഥ് ആണ്.
സംഗീതം സുനില്‍ കശ്യപ്, എഡിറ്റിംഗ് ജുനൈദ് സിദ്ദിഖി, ഛായാഗ്രഹണം നരേഷ് റാണ, പുരി കണക്റ്റ്സ്, പുരി ജഗന്നാഥ് ടൂറിംഗ് ടാക്കീസ് എന്നീ ബാനറുകളില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സൂപ്പര്‍താരം പ്രഭാസ് ആണ് ലോഞ്ച് ചെയ്‍തത്.