ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി 'രോമാഞ്ച'ത്തിന്‍റെ ട്രെയ്‍ലര്‍
രചനയും സംവിധാനവും നവാഗതനായ ജിത്തു മാധവന്‍
തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമകള്‍. എന്നാല്‍ അത്തരത്തിലൊരു ചിത്രം മലയാളത്തില്‍ എത്തിയിട്ട് ഏറെക്കാലമായി. ഇപ്പോഴിതാ സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം മലയാളത്തില്‍ എത്തുകയാണ്. രോമാഞ്ചം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ജിത്തു മാധവനാണ്.
2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്. ഒരു ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആത്മാക്കളെ വിളിക്കാന്‍ ശ്രമിക്കുന്ന സൌബിന്‍റെ കഥാപാത്രത്തെ ട്രെയ്‍ലറില്‍ കാണാം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
ALSO READ : കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി 'പൊന്നിയിൻ സെല്‍വൻ', ആദ്യ ദിനം നേടിയത്
സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം. ഒക്ടോബര്‍ 14 ന് തിയറ്ററുകളിലെത്തും. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം.