പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി; 'പുഴു' പ്രൊമോ

ചിത്രം 13ന് പ്രേക്ഷകരിലേക്ക്

puzhu official promos mammootty soly liv parvathy thiruvothu ratheena pt

ഒന്നിനൊന്ന് വ്യത്യസ്‍തവും പ്രകടനസാധ്യതയുള്ളതുമായ കഥാപാത്രങ്ങളാണ് മമ്മൂട്ടിയുടേതായി (Mammootty) വന്നുകൊണ്ടിരിക്കുന്നത്. ഭീഷ്‍മ പര്‍വ്വത്തിനും സിബിഐ 5നും ശേഷം പുഴു (Puzhu) എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനിരിക്കുന്നത്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഒരു സംവിധായികയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. മെയ് 13ന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സോണി ലിവ്. 

'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. കട്ടുകളൊന്നുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.

'പൃഥ്വിരാജ് സിനിമയിലെ എൻസൈക്ലോപീഡിയ'; ബിജു മേനോൻ പറയുന്നു

മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ്(prithviraj sukumaran). നന്ദനം എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയിൽ ഇല്ലെന്ന് പറയാം. അഭിനേതാവായും ​ഗായകനായും ഇപ്പോൾ നിർമ്മാതാവായും സംവിധായകനായും പൃഥ്വി മലയാളികളുടെ മനസിൽ ഇടംനേടുകയാണ്. ഇപ്പോഴിതാ നടൻ ബിജു മേനോൻ(Biju Menon) പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്. 

"പൃഥ്വിരാജിനെ സിനിമയിലെ എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ പറയാം. സിനിമ അരച്ച് കലക്കി കുടിച്ച വ്യക്തിയാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ ഖോര ഖോരം സംസാരിക്കാൻ കഴിവുള്ള, എല്ലാ മേഖലകളും അറിയാവുന്ന ഒരു വ്യക്തിയാണ്. എന്തുകാര്യവും പൃഥ്വിയോട് സംസാരിച്ചിരിക്കാൻ സാധിക്കും", എന്നാണ് ബിജു മേനോൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്റെ പ്രതികരണം. 

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് ബിജുമേനോനും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചത്. ഇരുവരുടെയും കോംമ്പോ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ജന ​ഗണ മന എന്ന ചിത്രമാണ് പൃഥ്വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios