തിരിച്ചുവരവില്‍ തീ പാറിക്കാന്‍ കിംഗ് ഖാന്‍; പിറന്നാള്‍ ദിനത്തില്‍ 'പഠാന്‍' ടീസര്‍

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

Pathaan teaser shah rukh khan Deepika Padukone john abraham Siddharth Anand

ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്ക്രീനില്‍ കണ്ടിട്ട് നാല് വര്‍ഷം ആവുന്നു. 2018 ല്‍ പുറത്തെത്തിയ സീറോ ആയിരുന്നു അദ്ദേഹത്തിന്‍റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് പുനര്‍ചിന്തനത്തിനും സ്വയം നവീകരണത്തിനുമായി വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു ഷാരൂഖ് ഖാന്‍. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തുന്ന പഠാന്‍ ആണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. ഇപ്പോഴിതാ കിംഗ് ഖാന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ഴോണറിനോട് ഏറെ നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും പഠാന്‍ എന്നാണ് ടീസര്‍ കാണികളോട് പറയുന്നത്. തിയറ്ററുകളില്‍ വന്‍ കൈയടികള്‍ക്ക് സാധ്യതയുള്ള ഷാരൂഖ് ഖാന്‍റെ വണ്‍ ലൈനറുകളും അതിഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍ച്ചേര്‍ന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

ALSO READ : 'കെജിഎഫ് 2' കഴിഞ്ഞാല്‍ ബോക്സ് ഓഫീസില്‍ 'കാന്താര'; കേരളത്തില്‍ മികച്ച നേട്ടവുമായി കന്നഡ ചിത്രം

ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios