ഫഹദ് വീണ്ടും മലയാളത്തില്‍; 'പാച്ചുവും അത്ഭുതവിളക്കും' ടീസര്‍
നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രം എന്ന തോന്നലുളവാക്കുന്നതാണ് ടീസര്‍
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രം എന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് എത്തിയിരിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ സത്യന്‍ അച്ഛന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൌണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൌസ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ പുതിയ റിലീസ് തീയതി ടീസറിനൊപ്പം അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും.