ടിനി ടോമിന്‍റെ 'സിഐ സോമന്‍ നായരെ' തിരുത്തുന്ന 'എഎസ്‍പി'; പാപ്പന്‍ സക്സസ് ടീസര്‍
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്‍. ആര്‍ ജെ ഷാനിന്‍റെ രചനയില്‍ ജോഷി സംവിധാനം ചെയ്‍ത ചിത്രം 10 ദിവസങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 31.43 കോടി ആയിരുന്നു. കേരള റിലീസിനു ശേഷം റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ സക്സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.
നിത പിള്ള അവതരിപ്പിക്കുന്ന എ എസ് പി വിന്‍സി എബ്രഹാമും ടിനി ടോം അവതരിപ്പിക്കുന്ന സി ഐ സോമന്‍ നായരും ഉള്ള ഒരു രംഗമാണ് ടീസറില്‍ അണിയറക്കാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനോട് സംസാരിക്കവെ ഒരു സ്ത്രീയെക്കുറിച്ച് മോശമായി സംസാരിക്കുന്ന സോമന്‍ നായരെ തിരുത്തുകയാണ് വിന്‍സി എബ്രഹാം. നിത പിള്ളയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് എഎസ്പിയുടേത്.
ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.