'പാപ്പനും' വിന്‍സിയും ഇരുട്ടന്‍ ചാക്കോയും; സക്സസ് ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍

ആദ്യ 10 ദിനങ്ങളിലെ ആഗോള ഗ്രോസ് 31.43 കോടി

paappan success teaser 1 suresh gopi joshiy box office

ബോക്സ് ഓഫീസിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായി ആദ്യ വാരത്തില്‍ തന്നെ അടയാളപ്പെട്ട ചിത്രമാണ് പാപ്പന്‍. എന്നാല്‍ രണ്ടാം വാരം മുന്നോട്ടുപോകുമ്പോള്‍ മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് പാപ്പന്‍. കേരളത്തില്‍ മാത്രം ആദ്യ വാരം റിലീസ് ചെയ്യപ്പെട്ടിരുന്ന ചിത്രം ഏഴ് ദിനങ്ങളില്‍ നേടിയത് 17.85 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം വാരം യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. ഒപ്പം കേരളത്തിലെ റിലീസ് സെന്‍ററുകളില്‍ മിക്കതിലും ചിത്രം തുടരുകയും ചെയ്‍തു. കളക്ഷനില്‍ വന്‍ കുതിപ്പാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

ഏഴ് ദിനങ്ങളില്‍ 17.85 കോടി നേടിയ ചിത്രത്തിന്‍റെ ആദ്യ 10 ദിനങ്ങളിലെ ആഗോള ഗ്രോസ് 31.43 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം സ്വീകരിക്കപ്പെടുന്നത്. ഇപ്പോഴിതാ വിജയാഘോഷത്തിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ഒരു സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നിത പിള്ള അവതരിപ്പിക്കുന്ന എഎസ്‍പി വിന്‍സി എബ്രഹാമും ഷമ്മി തിലകന്‍റെ ഇരുട്ടന്‍ ചാക്കോയും ഒപ്പം സുരേഷ് ഗോപിയുടെ ടൈറ്റില്‍ കഥാപാത്രവും ടീസറില്‍ ഉണ്ട്.

ALSO READ : 'ഇത് ഏത് കോത്താഴത്ത് നടക്കുന്ന കാര്യമാണ്'? കടുവ മാനസികരോഗികളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഡോ. സി ജെ ജോണ്‍

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios